ഗുരുവിന്റെ ദൈവപദം വിയർത്തുനേടിയതാണ്
September 11, 2017, 12:05 am
സജീവ് കൃഷ്ണൻ
കേരളത്തിലുടനീളം സഞ്ചരിച്ചാൽ ഗുരു സശരീരനായിരുന്ന കാലത്ത് ഭഗവാന്റെ കാരുണ്യമേറ്റ് ജീവിതപൂർണതകൈവന്നവരുടെ കഥകൾ നിർവൃതിനിറഞ്ഞവാക്കുകളിൽ കേൾക്കാം. ശ്രീനാരായണഗുരുദേവൻ സന്ദർശിച്ച തറവാടുകൾ, ഗുരുവിന്റെ ഗൃഹസ്ഥശിഷ്യപരമ്പര, ഗുരുവിനെ നേരിൽകണ്ട് അനുഗ്രഹം വാങ്ങിയവർ എന്നിങ്ങനെ ചരിത്രത്തിലിടംപിടിച്ച എത്രയോ മഹാസ്മരണകളാണ്. കാലത്തിനോ മറവിക്കോ ഇതൊന്നും മലയാളിയിൽനിന്ന് മായ്ച്ചുകളയാനാവില്ല.
ഗുരുദർശനപുണ്യം ലഭിച്ചവരുടെ പിൻതലമുറ അതിന്റെ പേരിൽ അന്തസും അഭിമാനവും സൂക്ഷിക്കുന്നുണ്ട് എന്നതാണ് വലിയ ദൈവാധീനം. എന്നാൽ പൊതുവേ കണ്ടുവരുന്ന ഒരു കാര്യം പറയാതെവയ്യ. ഇത്തരം ദൈവാധീനം ലഭിച്ചവരുടെ പിൻമുറക്കാർ ഭൂരിഭാഗവും ഗുരുവിലേക്ക് അത്രകണ്ട് സർവംവെടിഞ്ഞ ആശ്രയം തേടുന്നതായി കാണാറില്ല. അവർക്കും ഗുരുവിനുമിടയിൽ ഒരു മേനിപറച്ചിലിന്റെ മറ അറിഞ്ഞോ അറിയാതെയോ കെട്ടിക്കിടക്കുന്നത് കാണാം. ഞങ്ങൾ മറ്റുള്ള ഭക്തരേക്കാൾ വ്യത്യസ്തരാണെന്ന തോന്നൽ ചിലരിലെങ്കിലും കണ്ടിട്ടുണ്ട്. ഞങ്ങളുടെ ഭവനത്തിൽ പണ്ട് ഗുരു സന്ദർശിച്ചിട്ടുണ്ട് എന്ന് അഭിമാനപുരസരം പറയുമ്പോൾ അതുകൊണ്ട് ഞങ്ങളെ ആരും ഒന്നു പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല എന്ന ഒരു ഒളിയമ്പ് അവരിൽ ചിലരുടെ വാക്കുകളിൽ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾക്ക് ഇനി ഗുരുവിനെക്കുറിച്ച് ഒന്നുമറിയേണ്ടതില്ല എന്ന ഭാവം ഒരു തടസംപോലെ അവർക്കും ഗുരുവിനുമിടയിൽ വന്നുഭവിക്കുന്നു.
പരമാത്മസ്വരൂപനായ ഭഗവാനിൽനിന്ന് അങ്ങനെയൊരു പ്രത്യക്ഷസാന്നിദ്ധ്യം തന്റെ മുൻതലമുറയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന ബോദ്ധ്യത്തിൽ ഈ ഭൂമിയിലെ ഏ​റ്റവും വിനീതവിധേയരായ ഭക്തരും പ്രചാരകരുമാകേണ്ടവരാണ് ആ പുണ്യാത്മാക്കളുടെ പിൻതലമുറ. ആ മഹിമയെടുത്ത് ഒരു ഭസ്മക്കുറിപോലെ നെ​റ്റിയിൽ വരയ്ക്കാതെ ആ മഹിമാവിന്റെ ഭാഗമാകാൻ സാധിച്ചതിൽ താണുവീണ് ഗുരുവിന്റെ പാദസേവ ചെയ്ത് ജന്മം സാർത്ഥകമാക്കേണ്ട വലിയൊരു ഉത്തരവാദിത്വം അവർക്കുണ്ട്. കർമ്മനിയോഗമാണ് ജന്മങ്ങൾക്ക് കാരണമായിരിക്കുന്നതെന്ന് ഈശാവാസ്യം പരിഭാഷപ്പെടുത്തിക്കൊണ്ട് ഭഗവാൻ മൊഴിയുന്നുണ്ട്. അപ്പോൾ കർമ്മനിയോഗത്താലാണ് ഗുരുസ്പർശമേ​റ്റവരുടെ ജനിതകത്തിൽ വന്നു പിറക്കാൻ സാധിച്ചത്. ഈ ജന്മം ആ സുകൃതത്തിന് പകരമായി താൻ ഗുരുവിനും ലോകത്തിനും എന്തുചെയ്യുന്നു? ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് തീരെ അപര്യാപ്തമാണ് എന്നവർ തിരിച്ചറിയണം. ഗുരുവിന്റെ മനുഷ്യസാന്നിദ്ധ്യം അനുഭവിക്കുകയെന്നു പറഞ്ഞാൽ വലിയ കടംവാങ്ങുന്നതുപോലെയാണ്. അതിന് ത്യാഗംകൊണ്ട് ദൈവത്തോടും പ്രകൃതിയോടും കടംവീട്ടേണ്ടതുണ്ട്.
എന്നാൽ ഇത്തരം ചരിത്രമഹിമയൊന്നും അവകാശപ്പെടാനില്ലാത്ത ധാരാളം ഗുരുഭക്തരെ കാണാറുണ്ട്. അവർക്കൊക്കെ ഗുരുവെന്നനാമം കണ്ണിൽ ഈറനണിയാതെ ഉച്ചരിക്കാൻ സാധിക്കില്ല. അവർക്ക് ഭഗവാൻ എന്നാൽ തങ്ങൾക്ക് അപ്രാപ്യനായ സത്യജ്യോതിസാണ്. അതുകൊണ്ടുതന്നെ അവർ ഗുരുവിന്റെ കടാക്ഷം ഒരു അവകാശംപോലെയല്ല ദയാവായ്പായിട്ടാണ് അനുഭവിക്കുന്നത്. എന്താണ് അതിനുകാരണം?
ഒരുദാഹരണം പറയാം. അധികാരിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്ക് അധികാരിയിൽനിന്ന് ലഭിക്കുന്ന വസ്തുക്കളിലെല്ലാം ഒരു അവകാശബോധം കാണും. എന്നാൽ അധികാരിയുടെ അംശാധികാരത്തിൽപെട്ട പാവങ്ങൾക്ക് അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും ആനുകൂല്യം കിട്ടിയാൽ അതിന്റെ വില പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതുപോലെയാണ് ഗുരുഭക്തരായ പാവങ്ങളുടെ കാര്യവും. അവർക്ക് ഗുരുവിന്റെ കനിവ് അഥവാ കാരുണ്യംതന്നെ കനിയാണ്. ആ കാരുണ്യക്കനിക്കായിട്ടാണ് അവർ ഗുരുവിന്റെ പാദത്തിൽ വീഴുന്നത്. സ്വാനുഭവഗീതിയുടെ നാല്പത്തിരണ്ടാമത്തെ പദ്യത്തിലൂടെ കടന്നുപോകുമ്പോൾ മഹാഗുരുവും ഇതുപോലെ ശിവന്റെ ദയാവായ്പിനായി കെഞ്ചുന്നതുകാണാം. പ്രഖ്യാപിത മഹിമകളൊന്നും തനിക്കില്ലെന്ന ബോദ്ധ്യത്തോടെയായിരുന്നു ഗുരുവിന്റെ ജീവിതവും ആത്മാന്വേഷണവും. ദൈവവുമായി അടുത്തുനിൽക്കുന്നു എന്നുവിചാരിച്ച് വശംകെട്ട് ജീവിതപൂർണത നഷ്ടമാക്കിയ പുരോഹിതവിഭാഗത്തേക്കാൾകൂടുതൽ ഗുരു ലോകത്തിന് ആരാധ്യനായത് ഈ പൂർണസമർപ്പണം കൊണ്ടാണ്. ദൈവത്തിന്റെ മുന്നിൽ കാരുണ്യം തേടുന്ന ഒരു ഭിക്ഷാടകനെപ്പോലെയാണ് അനുഭൂതിദശയിൽ ഗുരു നിലകൊണ്ടത്:
തനിമരമേ! തണലിനിയീ നിൻ-
കനികഴലിണയെൻ തലയ്ക്കു പൂവണിയേ;
കനകക്കൊടി കൊണ്ടാടും
തനിമാമലയോയിതെന്തുകൺമായ?
ഗുരുദേവൻ ശിവനുമായി നടത്തുന്ന ഈ സംഭാഷണങ്ങൾ ഭക്തി എങ്ങനെയാവണം എന്നതിന്റെ ലോകോത്തര മാതൃകയാണ്. ഗുരുഭക്തി എങ്ങനെ വളർത്തണം എന്നതിന്റെ മാതൃകയായി ഗുരുവിനെ പിന്തുടരുന്നവരും ഇത് സ്വീകരിക്കണം. വളരെ താഴെനിൽക്കുന്ന അടിമയാണ് ഞാൻ എന്ന ഉൾത്താപത്തോടെയാണ് ഗുരു ഇവിടെ ദൈവത്തെ സമീപിക്കുന്നത്. ശ്രീശങ്കരാചാര്യർ ദൈവത്തെ ജ്ഞാനസിന്ധോ എന്നുവിളിച്ചപ്പോൾ ദയാസിന്ധോ എന്ന് വിളിക്കാനാണ് ദൈവദശകത്തിൽ ഗുരു നമ്മെ പഠിപ്പിക്കുന്നത്. ജ്ഞാനസിന്ധു എന്നു വിളിക്കാൻ ദൈവത്തിന്റെ ജ്ഞാനമണ്ഡലത്തിൽ എത്തിപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന ഭാവമുള്ളവർക്കേ സാധിക്കൂ. ജാതിയിൽ ബ്രാഹ്ണരായിരുന്നവർ ഇതൊക്കെ തങ്ങൾക്ക് പ്രാപ്യമാണ് എന്ന തോന്നൽ തലമുറകളായി സൂക്ഷിച്ചിരുന്നു. ആ തോന്നൽ പെരുത്തപ്പോൾ തങ്ങൾക്കല്ലാതെ ഇതൊന്നും ആർക്കും വഴങ്ങില്ല എന്ന തോന്നലും ശക്തമായി. അതുകൊണ്ടാണ് മ​റ്റുള്ളവർ പൂജിക്കുന്നതും ആരാധിക്കുന്നതുമൊക്കെ അക്കൂട്ടർ സൗകര്യംപോലെ വിലക്കാൻ തുടങ്ങിയത്. ആ കാലത്തിൽനിന്ന് എല്ലാവരിലേക്കും ഈശ്വരന്റെ യഥാർത്ഥസത്ത എത്തിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് അതിനുള്ള യോഗ്യതയെന്ത് എന്ന ചോദ്യം സവർണരിൽനിന്ന് തനിക്കുനേരെ വന്നേക്കാമെന്ന് ഗുരുവിന് മുൻകൂട്ടി നിശ്ചയമുണ്ടായിരുന്നു. ദൈവത്തെ നിങ്ങൾ പൂജിക്കുന്നതുപോലെയോ ആരാധിക്കുന്നതുപോലെയോ അല്ല തന്റെ മാർഗമെന്ന് സ്വാനുഭവ വിവരണത്തിലൂടെ ഗുരു ലോകത്തെ ബോധിപ്പിക്കുന്നുണ്ട്. അത്യാവശ്യം ഒരു പഞ്ചായത്തുമെമ്പറെ പരിചയമുണ്ടെങ്കിൽത്തന്നെ ആ ബന്ധം ഒരു ക്രഡിറ്റാക്കി, ഞാനും അദ്ദേഹവും ഒരിക്കൽ... എന്ന മട്ടിൽ പൊങ്ങച്ചം പറയുന്ന ആധുനിക തലമുറ കണ്ടുപഠിക്കേണ്ട മാതൃകയാണ് ഗുരുവിന്റെ ഭക്തിമാർഗം. ദൈവത്തെ സാക്ഷാത്കരിച്ച് സ്വയം ദൈവപദത്തിലെത്തിയിട്ടും ഭഗവാൻ ദൈവത്തിനുമുന്നിൽ ദയാവായ്പ് തേടി നടന്ന അനുഭൂതിതേടൽ ഘട്ടങ്ങളെക്കുറിച്ച് എത്ര സത്യസന്ധമായാണ് വിവരിക്കുന്നത്?
ചലനമില്ലാതെ മമതാരഹിതനായി നിലകൊള്ളുന്ന ദൈവമേ നിന്റെ കാൽപ്പാദങ്ങൾ എന്റെ ശിരസിൽ പൂക്കൾപോലെയേന്തുന്നു ഞാൻ. എന്നിൽ മോദസ്ഥിരത നിറച്ചുകൊണ്ട് മാമലപോലെ നീയെന്നിൽ നിറയുന്നതുകാണുമ്പോൾ അതൊരു മായക്കാഴ്ചയാണെന്നേ ഏഴയായ ഞാൻ ധരിക്കുന്നുള്ളൂ.
എളിയവൻ എളിമയാർന്ന് നടക്കുന്നത് പൂർണതയിലേക്കാണ്. അതിനാൽ ഗുരുവിന്റെ ദൈവപദം ആരുടെയും ഔദാര്യമല്ല, അത് നന്നായി വിയർത്തുനേടിയതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ