റേഷൻകടയിൽ നിന്ന് സിനിമാ ടിക്കറ്റും !
September 11, 2017, 12:09 am
ബി.ഉണ്ണിക്കണ്ണൻ
തിരുവനന്തപുരം: നാട്ടിൻപുറങ്ങളിലേതടക്കം എല്ലാ റേഷൻ കടകളും ഏറെ വൈകാതെ ഹൈടെക്ക് ആകുന്നതോടെ സിനിമാ ടിക്കറ്റ് റിസർവേഷൻ അടക്കമുള്ള എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാകും. ക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഇ- പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ എൻഹാൻസ്ഡ് ) മെഷീനുകൾ വഴിയാണ് ഓൺലൈൻ സേവനങ്ങൾ ലഭിക്കുക.

എ.ടി.എമ്മുകളുടെ മാതൃകയിൽ ഇ-പോസ് മെഷീനിൽ പണം പിൻവലിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ നേരത്തേ കേന്ദ്ര പൊതുവിതരണ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന് പുറമെയാണ് കൂടുതൽ ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തുന്നത്. ഓരോ സേവനത്തിനും നിശ്ചിത ഫീസ് കടയുടമകൾക്ക് ഈടാക്കാം.

ഇ- പോസ് മെഷീൻ വരുന്നതോടെ വരുമാനം കുറഞ്ഞ് വ്യാപാരികളിൽ പലരും റേഷൻകടകൾ ഉപേക്ഷിക്കുമെന്ന ആശങ്ക പൊതുവിതരണ വകുപ്പിനുണ്ട്. വ്യാപാരികൾക്ക് വരുമാനത്തിന് പുതിയൊരു വഴി എന്ന നിലയിലാണ് ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന്റെ ചുമതല.

ആദ്യം കരുനാഗപ്പള്ളിയിൽ
ഇ- പോസ് മെഷീനുകൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ 252 റേഷൻ കടകളിൽ ഒക്ടോബറിൽ പരീക്ഷണാർത്ഥം സ്ഥാപിക്കും. ന്യൂനതകൾ പരിഹരിച്ച് രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ കടകളിലേക്കും വ്യാപിപ്പിക്കും.

റേഷൻ കാർഡിൽ പതിക്കുന്നതിന് പകരം ഇ -പോസ് മെഷീനിൽ ഗുണഭോക്താക്കളുടെ വിരലടയാളം പതിച്ചാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ഇതുവഴി രജിസ്റ്ററിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി ഭക്ഷ്യധാന്യം മറിച്ചുവിൽക്കുന്നത് നിലയ്ക്കും. ഓരോ റേഷൻ കടയിലെയും നിലവിലുള്ള സ്റ്റോക്കും റേഷൻ വാങ്ങിയവരുടെ കൃത്യമായ വിവരവും പൊതുവിതരണ വകുപ്പിന് നേരിട്ട് ലഭിക്കും.

മെഷീൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇവ സ്ഥാപിക്കുന്നതിന് മുന്നോടിയായി റേഷൻകടകൾ സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം രേഖപ്പെടുത്തുന്ന ജി.പി.എസ് മാപ്പിംഗ് തുടങ്ങി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ