ജന്മാഷ്ടമിയിലെ ഉദയം
September 12, 2017, 12:30 am
അമ്പലപ്പുഴ രാജഗോപാൽ
ധർമ്മത്തിന്റെയും സത്യത്തിന്റെയും ആവിർഭാവമാണ് അവതാരം. ദ്വാപരയുഗത്തിൽ ധർമ്മത്തിന് ഗ്ളാനി സംഭവിച്ചപ്പോഴാണ് ശ്രീകൃഷ്ണാവതാരമുണ്ടായത് ധർമ്മമെവിടെയുണ്ടോ, അവിടെയാണ് ജയം. ധാർമ്മികത എവിടെയെല്ലാം ച്യുതിയിൽപെട്ടുവോ അവിടെയെല്ലാം ശ്രീകൃഷ്ണൻ അവതരിച്ചു. യദുകുലനാഥനായ യാദവബാലൻ ലോകത്തിന്റെ സംരക്ഷകനായി. ദ്വാപരയുഗത്തിൽ ധർമ്മം ഹനിക്കപ്പെട്ടപ്പോഴാണ് ശ്രീകൃഷ്ണൻ ഉദയം കൊണ്ടത്. ദ്രൗപതിക്ക് അക്ഷയപാത്രവുമായി ചെന്ന ഭഗവാൻ , ആരുമാശ്രയമില്ലാതെ ആപത്‌ഘട്ടത്തിൽ വിലപിച്ചുനിന്ന പാഞ്ചാലിയുടെ അഭിമാനം സംരക്ഷിച്ച ആത്മസ്വരൂപൻ, ആനന്ദചിന്മയനായ ആശ്രിതവത്സലൻ.
ഗോക്കളെമേച്ചുകൊണ്ടും കാളിന്ദിതീരത്തുള്ള പൂക്കളിറുത്തുകൊണ്ടും കൂട്ടുകാർക്കെല്ലാം വെണ്ണ കവർന്നുകൊടുക്കുന്ന കണ്ണനുണ്ണിയായിക്കൊണ്ടും , തന്നേ ആഗ്രഹിക്കുന്ന പ്രാർത്ഥിക്കുന്ന ഗോപികമാർക്കെല്ലാം മുന്നിൽ മായാവിമോഹിതമാംവണ്ണം ഒരേസമയം അവർക്കെല്ലാം മുന്നിൽ ചേർന്നുനിന്നുകൊണ്ടും യുദ്ധത്തിൽനിന്നും പരമാവധി ഒഴിവാക്കാൻ കൗരവരുടെയടുത്ത് സ്നേഹദൂതുമായി പോയ ധർമ്മഹിതാനുസാരിയായി ദൂതനായുമെല്ലാം മനുഷ്യജീവിതത്തിന്റെ ഉൾപ്പിരിവുകളെന്തെന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ച പൂർണ്ണാവതാരമാണ് ശ്രീകൃഷ്ണൻ.
ധർമ്മത്തെ കൽത്തുറുങ്കിലടയ്ക്കാൻ, യാഥാർത്ഥ്യങ്ങളെ എക്കാലവും മറച്ചുവയ്ക്കാൻ സാദ്ധ്യമല്ലെന്ന് നമ്മെ നിരന്തരം ഒാർമ്മിപ്പിക്കുന്നതാണ് ശ്രീകൃഷ്ണ ജനനകഥ. കംസന്മാർ ഹിംസയുടെ രൂപങ്ങളായി കാലാകാലങ്ങളിൽ ഉണ്ടായേക്കാം. എന്നാൽ അവയെ തുടച്ചുനീക്കുവാൻ അപ്പപ്പോഴെല്ലാം ഈശ്വരചൈതന്യം ഉദയം ചെയ്യുകതന്നെ ചെയ്യും.
കംസന്റെ കാരാഗൃഹത്തിൽ സഹോദരിക്ക് എട്ടാമതായി പിറന്ന ആൺശിശുവിനെ ദേവകിയുടെ ഭർത്താവായ വസുദേവർ രായ്ക്കുരാമാനം ശിരസിലേന്തി അഗാധമായ യമുനാനദിയുടെ മദ്ധ്യേകൂടി നീന്തിക്കടന്ന് അമ്പാടിയിലെത്തി യശോദ എന്ന യാദവയുവതിയെ ഏല്പിക്കുകയാണുണ്ടായത്. പൂതനയുടെയും തൃണാവർത്തന്റെയും അന്ത്യം കുറിച്ച് മായാമാധവനായ ഗോപാലനെ കാണാൻ യാദവകുലഗുരുവായ ഗർഗ്ഗമഹർഷിയെത്തുന്നു. അദ്ഭുതങ്ങളൊട്ടേറെ മറച്ചുവച്ച് ചിരിച്ചുകൊണ്ട് കിടക്കുന്ന കോടി സൂര്യപ്രഭയാർന്ന ശിശുവിനെ ഉൾക്കണ്ണുകൊണ്ട് കണ്ട് മഹാമുനി ധ്യാനലീനനായി. തങ്ങളുടെ മുന്നിലുള്ള മഹിതപ്രഭയാർന്ന മഹാപ്രഭു ആരെന്നും എന്തിനെന്നുമെല്ലാം സവിസ്തരം യശോദയെയും നന്ദഗോപരെയും അറിയിച്ചുകൊടുത്തു. തന്റെ ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞ ഭഗവാന്റെ ലീലകൾ കണ്ട് മാമുനി ആ ശിശുവിന് 'ശ്രീകൃഷ്ണൻ ' എന്ന് തിരുനാമകരണം നടത്തി.

'സർവ്വം കരോതി കൃഷ്ണ' എന്നാണ്. അതായത് എല്ലാം സാധിക്കുന്നവനും സഫലീകരിക്കുന്നവനുമാണ് കൃഷ്ണൻ. അസുരനിഗ്രഹകനാണ് കൃഷ്ണൻ എന്നും വിവക്ഷയുണ്ട്. കൃഷ്ണവർണ്ണമുള്ള (കറുപ്പുനിറമായ)തിനാൽ 'കൃഷ്ണ'നെന്നു മഹാഭാരതത്തിൽ പറയുന്നു. ബ്രഹ്മവൈവർത്തപുരാണമനുസരിച്ച് വിശ്വചൈതന്യമാണ് കൃഷ്ണൻ. എല്ലാപേരും ഭാസ്യഭാവത്തിൽ ആദരിക്കുന്നവൻ 'കൃഷ്ണൻ'. ഉപാസനയുടെ മറ്റൊരു ഭാവമാണ് 'ദാസ്യവൃത്തി' എന്ന് ഭഗവദ്ഗീതയിൽ വിവരിക്കുന്നുണ്ട്.
കൃഷ്ണ എന്ന പദത്തിലെ 'കൃ' ബ്രഹ്മാവിൽ നിന്നുദിക്കുന്നു. 'ഷ' ശിവനെയും 'ണ' ധർമ്മത്തെയും 'ധർമ്മസ്വരൂപനായ സാക്ഷാൽ മഹാവിഷ്ണുവിനെയും സൂചിപ്പിക്കുന്നു. 'അ' എന്ന ലിപി 'സ്മേദദീപ'ത്തിൽ വസിക്കുന്ന വിഷ്ണുവിനെ പ്രതിനിധീകരിക്കുന്നു. സർവ്വവിധ തേജസിന്റെ സഞ്ചയത്തേയും നരനാരായണന്റെ ആശയത്തേയും വിസർഗ്ഗം വെളിപ്പെടുത്തുന്നു.
ശ്രീകൃഷ്ണ അവതാര ശിലകൾ അത്യന്തം ശ്രദ്ധേയവും ആദ്യന്തം കൗതുകകരവുമാണ്. രുക്മിണി, ജാംബവതി, സത്യഭാമ, രാധ, കാളിന്ദി, മിത്രബിന്ദു, സത്യ, ഭദ്ര, ലക്ഷ്മണ എന്നീ സ്ത്രീരത്നങ്ങളെ സഹധർമ്മിണികളായി സ്വീകരിക്കുകയുണ്ടായി. സഹധർമ്മിണിയെന്നാൽ സ്വധർമ്മത്തോടു ചേർന്ന് പതിയുടെ ധർമ്മം അനുസരിച്ച്, സഹവർത്തികൾക്കായി - ലോക ക്ഷേമത്തിനായി - ധർമ്മാനുഷ്ഠാനം നടത്തുവാൻ ആഗ്രഹിക്കപ്പെട്ടവൾ എന്നാണ്. '
നരകാസുരന്റെ പുത്രിമാരായി ജനിക്കുവാൻ ഇടവന്നതെങ്കിലും മറ്റൊരു പൂർവ്വ ജന്മ വരബലത്താൽത്തന്നെ ആ നരകാസുരന്റെ പതിനാറായിരത്തെട്ടു പുത്രിമാരെയും അനുഗ്രഹമൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണൻ പരിഗ്രഹിക്കുകയുണ്ടായി. മായാമാധവന്റെ ഗ്രഹിക്കൽ വാക്കുകൾക്കോ വ്യാഖ്യാനങ്ങൾക്കോ അപ്പുറത്താണല്ലോ;
മനുഷ്യ ജീവിതത്തിൽ നാം ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കും തുടർന്ന് വാർദ്ധക്യത്തിലേക്കും കടന്നുള്ള ജീവിത വികാസ പരിണാമ ദിശകളിൽ നാം കടന്നു പോകുന്ന സത്യ ധർമ്മമൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുവാനും സ്വാർത്ഥതയുടെ മോഹവലയത്തിൽ കുടുങ്ങി സത്യധാർമ്മാദികളെ ബലികഴിക്കാതിരിക്കുവാനും ധാർമ്മിക അപചയത്തിനെതിരെ - സാംസ്കാരികാധഃപതനത്തിനെതിരെ - ശക്തമായി പോരാടുവാനും ശ്രീകൃഷ്ണൻ വ്യത്യസ്ത ധർമ്മങ്ങളിൽ, കർമ്മങ്ങളിൽ തദനുസരണമായ രൂപങ്ങളിൽ - ഗോപാലപാലകനായും പാർത്ഥസാരഥിയായും മായാമായനായും മാനസചോരനായുമെല്ലാം - ദർശനങ്ങളിൽ ഊന്നി നിന്നുകൊണ്ട് നമ്മെ ഉദ്ബോധിപ്പിക്കുന്നു, ലോക ക്ഷേമത്തിനുവേണ്ടി.
ജീവിതം, കർമ്മനിരതമാണ്, ധർമ്മരഹിതമല്ല. അധർമ്മികകളുടെ ജീവിതം സദാ ആപദ് ശങ്ക നിറഞ്ഞതാണ്. ഗുണൈക ദൃക്കുകൾ സാത്വികമായ ത്യാഗത്തെ ഇച്ഛിക്കുന്നു. ഈ സാത്വിക ത്യാഗത്തെക്കുറിച്ച് ഭഗവാൻ അർജുനനോടു പറയുന്നു.
ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിൽ അഷ്ടമിയും രോഹിണിയും ചേർന്ന പുണ്യമുഹൂർത്തിൽ മഥുരാപുരിയുടെ പുണ്യോദയമെന്നോണം ലോകാനുഗ്രഹകാരണനായി ശ്രീകൃഷ്ണ ചൈതന്യം പൂർണോദയംകൊണ്ടു. ജ്ഞാനദാതാവും സ്നേഹസ്വരൂപനും സർവഭൂതദയാപരനുമായ ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രഭാപസരം ജീവിതത്തിൽ നമ്മെ നയിക്കുന്നു. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ ജനനം മധുരാപുരിയെ പുളകം കൊള്ളിച്ചു.


ശ്രീമദ്ഭാഗവതത്തിൽ വേദവ്യാസമഹർഷി ശ്രീകൃഷ്ണനെ മറ്റ് അവതാരങ്ങളിൽനിന്ന് വ്യത്യസ്തനായി 'കൃഷ്ണസ്തുഭഗവാൻ സ്വയം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് പൂർണതയുടെ ഇരിപ്പിടമാണ് ഭഗവാൻ. ധർമ്മത്തിന്റെ പൂർണതയും സമഗ്രതയും ഭഗവാനിൽ ദർശിക്കാം. പ്രേമം, സേവ, അനീതിക്കെതിരെ സന്ധിയില്ലാത്ത സമരം, ഹിംസയൊഴിവാക്കാനുള്ള അഭിവാഞ്ഛ, ഏതുവിധത്തിലും നിവൃത്തിയില്ലാത്ത ഘട്ടത്തിൽ വേണ്ടിവന്നാൽ മാത്രം അധാർമ്മികതയ്ക്കെതിരെ യുദ്ധസന്നദ്ധത, ശരണാഗ്രതരക്ഷ തുടങ്ങിയ മാനവ ധർമ്മങ്ങൾക്ക് ദൃഷ്ടാന്തമായി എത്രയെത്ര കർമ്മങ്ങളാണ് ഭഗവാൻ കാണിച്ചുതന്നിരിക്കുന്നത്.
അകൈതവമായ പ്രേമത്താൽ അഖിലരെയും ബന്ധിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതന്ന ശ്രീകൃഷ്ണൻ 'രാജസൂയ'ത്തിൽ അതിഥികളെ കാൽകഴുകി സ്വീകരിച്ചതും അമ്പാടിയിലെ ഇടയബാലകർക്ക് ദാസ്യഭാവേന സേവനം ചെയ്തുകൊടുത്തതും ജരാസന്ധനെ വധിച്ച് ആയിരം രാജാക്കന്മാർക്ക് കാരാഗൃഹവാസത്തിൽ നിന്ന് മുക്തി നേടിക്കൊടുത്തതുമെല്ലാം ആർക്കാണ് പാഠമാകാത്തത്? ആരിലാണ് മാതൃകയാകാത്തത്.

ധർമ്മം ജീവിതത്തിൽ പകർത്താൻ ധർമ്മസ്വരൂപനെ അനുസ്മരിക്കുകയും അനുസരിക്കുകയുമാണ് അഭികാമ്യം. 'ശ്രീകൃഷ്ണജന്മാഷ്ടമി' ഏവർക്കും ചൈതന്യമാർന്ന മനസും ധാർമ്മികമായ ചിന്തയും നിസംഗരഹിതമായ കർമ്മപഥവും പ്രദാനം ചെയ്യുമാറാകട്ടെ!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ