Thursday, 21 September 2017 10.47 AM IST
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് നാളെ തുടക്കം:മദ്യപാനശീലം ഉൾപ്പെടെ അംഗങ്ങളുടെ മൂല്യവ്യതിയാനം പരിശോധിക്കും
September 14, 2017, 2:49 am
സി.പി. ശ്രീഹർഷൻ
തിരുവനന്തപുരം: ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ തുടങ്ങാനിരിക്കെ, പാർട്ടി പ്ലീനം അംഗീകരിച്ച തെറ്റുതിരുത്തൽ പരിപാടി ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കാൻ സി.പി.എം. അംഗങ്ങളുടെ ജീവിതശൈലി, അഴിമതി പ്രവർത്തനം, കമ്യൂണിസ്റ്റ് മാനദണ്ഡലംഘനം എന്നിവ പരിശോധിക്കാനാണ് നിർദ്ദേശം.
സമ്മേളനങ്ങൾക്ക് മുന്നോടിയായി കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ മാർഗരേഖ അനുസരിച്ച് കീഴ്ഘടകങ്ങൾക്കയച്ച കത്തിൽ ഉൾപ്പെടുത്തിയ ചോദ്യാവലിയിലാണ് പാർട്ടി അംഗങ്ങളുടെ കമ്യൂണിസ്റ്റ് മൂല്യ വ്യതിയാനം പരിശോധിക്കാൻ സി.പി.എം നിർദ്ദേശിക്കുന്നത്. മെമ്പർഷിപ്പ് പുതുക്കുന്ന വേളയിൽ ഓരോരുത്തരെയും പരിശോധിക്കണമെന്ന നിർദ്ദേശം എത്രത്തോളം നടപ്പാക്കി, റിയൽ എസ്റ്റേറ്റ്- ബ്ലേഡ് മാഫിയാബന്ധം- മദ്യപാന ശീലം തുടങ്ങിയ ദൂഷ്യങ്ങളുള്ള അംഗങ്ങളെ പരിശോധിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾ ഇതിന്റെ ഭാഗമായി ഉന്നയിച്ചിട്ടണ്ട്.
പട്ടികജാതി- പട്ടികവർഗ, മത ന്യൂനപക്ഷ വിഭാഗങ്ങളിൽ പാർട്ടി സ്വാധീനം എത്രത്തോളം, ഇതിൽ മാറ്റം വരുത്താൻ എന്തെല്ലാം ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നീ ചോദ്യങ്ങളും സി.പി.എം കേന്ദ്രകമ്മിറ്റി ഉയർത്തുന്നു. മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പാർട്ടി സ്വാധീനം എല്ലാ കാലത്തും സി.പി.എമ്മിന് പൊള്ളുന്ന വിഷയമാണ്. ഇടത് തരംഗം ദൃശ്യമായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മദ്ധ്യ തിരുവിതാംകൂറിലും മലപ്പുറത്തും വലിയ നേട്ടമുണ്ടാക്കാൻ കഴിയാത്തതും പാർട്ടി ഗൗരവമായി ചർച്ച ചെയ്യുകയുണ്ടായി.
ഓരോ ഘടകങ്ങൾക്കുമായി വിശദമായ ചോദ്യാവലിയാണ് ഇക്കുറി തയ്യാറാക്കി നൽകിയിരിക്കുന്നത്. വർഗ, ബഹുജന സംഘടനകളുടെ സൂക്ഷ്മ വിശദാംശങ്ങൾ വരെ ഇതിന്റെ ഭാഗമായി കേന്ദ്രകമ്മിറ്റി അന്വേഷിക്കുന്നുണ്ട്. ബ്രാഞ്ച് കമ്മിറ്റികളോട് ബ്രാഞ്ച് അതിർത്തിയിലെ വീടുകൾ, ജനസംഖ്യ, പൊതുസ്ഥിതി എന്നിവ ആരായുന്നു. വീടുകളെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് നൽകാനും നിർദ്ദേശമുണ്ട്.
സമ്മേളനങ്ങളിൽ വിഭാഗീയതയ്ക്കെതിരെ രേഖ മുന്നറിയിപ്പ് നൽകുന്നുണ്ട്. കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് സമയത്ത് ബദൽപട്ടികയോ സ്ലിപ്പ് വിതരണം ചെയ്യുന്നതോ വിഭാഗീയ പ്രവർത്തനമായി കണക്കാക്കണം. സമ്മേളനത്തിൽ കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചശേഷം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ചായ കുടിക്കാൻ ഇടവേള നൽകുന്നത് ഒഴിവാക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ലോക്കൽ സമ്മേളനങ്ങളിൽ കാൻഡിഡേറ്റ് അംഗങ്ങൾ പങ്കെടുക്കരുതെന്നാണ് പൊതു നിർദ്ദേശമെങ്കിലും പശ്ചിമബംഗാളിനെ ഇതിൽ നിന്നൊഴിവാക്കി. അവിടെ കാൻഡിഡേറ്റംഗത്തിന് ബ്രാ‌‌ഞ്ച് സമ്മേളനത്തിലെന്ന പോലെ ലോക്കൽ സമ്മേളനത്തിലും നിരീക്ഷകനായി പങ്കെടുക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ