Friday, 22 September 2017 10.13 AM IST
കമാൻഡോ സ്റ്റൈലിൽ സിറ്റി പൊലീസ് !
September 14, 2017, 1:36 am
എം.എച്ച്. വിഷ്‌‌ണു
തിരുവനന്തപുരം: ഇന്നലെ രാജ്ഭവനു മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ ധർണയിൽ പങ്കെടുക്കാനെത്തിയ തൊഴിലാളികൾ പൊലീസിനെ കണ്ട് ആദ്യമൊന്നു ഞെട്ടി. ശ്ശെടാ ഇതാര് അമേരിക്കൻ പൊലീസോ അതോ ബ്ലാക്ക് ക്യാറ്റ് കമാൻഡോയോ. എന്താ ഒരു ലുക്ക്. സമരക്കാരെ നേരിടാൻ സിറ്റി പൊലീസ് ഇന്നലെയെത്തിയത് പുതിയ കലാപനിയന്ത്രണ സംവിധാനങ്ങളും ധരിച്ചാണ്.
സ്റ്റേഷനുകളിലെ പെയിന്റടി വിവാദത്തെ തുടർന്ന് എ.ആർ ക്യാമ്പിൽ ഉപേക്ഷിച്ചിരുന്ന 200 കലാപനിയന്ത്രണ സംവിധാനങ്ങൾ (റയട്ട് കൺട്രോൾ സിസ്റ്റം) പൊടിതട്ടിയെടുത്താണ് സിറ്റി പൊലീസ് സ്‌മാർട്ടായത്. ഒരുകാലത്ത് ചണംകൊണ്ട് കൊളുത്തുകെട്ടിയ ഹെൽമറ്റുമായി സമരക്കാരെ നേരിട്ടിരുന്ന പൊലീസിന്റെ പുതിയ മുഖമാണ് റയട്ട് കൺട്രോൾ സിസ്റ്റം ധരിച്ച് കമാൻഡോകളെപ്പോലെ വിന്യസിക്കപ്പെട്ട സേന. സൈന്യവും ദ്രുതകർമ്മസേനയും മെട്രോനഗരങ്ങളിലെ പൊലീസും ഉപയോഗിക്കുന്ന വിലയേറിയ കലാപനിയന്ത്രണ സംവിധാനങ്ങൾ കഴിഞ്ഞ ജനുവരിയിലാണ് സിറ്റി പൊലീസിനായി വാങ്ങിയത്. പേരൂർക്കട ലാ അക്കാഡമിയിലെ സമരവും പ്രതിഷേധവും നിയന്ത്രിക്കാൻ ഒരു ദിവസം കലാപനിയന്ത്രണ സംവിധാനങ്ങൾ ധരിച്ച് എ.ആർ ക്യാമ്പിലെ പൊലീസിനെ നിയോഗിച്ചെങ്കിലും ഓടാനും കുനിയാനും ഇരിക്കാനുമെല്ലാം അസൗകര്യമാണെന്നായിരുന്നു അവരുടെ പരാതി. ഇതിനു പിന്നാലെ ഉത്തരേന്ത്യൻ കമ്പനികളിൽ നിന്ന് ടെൻഡർ ചട്ടങ്ങൾ പാലിക്കാതെ പോളികാർബണേറ്റഡ് ലാത്തികളും കലാപനിയന്ത്രണ സംവിധാനങ്ങളും വാങ്ങിക്കൂട്ടിയെന്ന് പൊലീസ് തലപ്പത്തുള്ളവർക്കെതിരെ ആരോപണമുയർന്നു. ഇതോടെ ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ കലാപനിയന്ത്രണ സംവിധാനങ്ങൾ എ.ആർ ക്യാമ്പിന്റെ മൂലയിൽ തള്ളി. പുതിയ ഡെപ്യൂട്ടി കമ്മിഷണർ ജി. ജയദേവ്, ആധുനിക കലാപനിയന്ത്രണ സംവിധാനങ്ങൾ പൊടിതട്ടിയെടുത്തു. സമരങ്ങൾ നേരിടുന്ന പൊലീസുകാർ ഇവ ഉപയോഗിക്കണമെന്ന് കർശനനിർദ്ദേശം നൽകി. അക്രമികളെ ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ നേരിടാൻ അത്യാധുനിക ഹെൽമറ്റ്, മുഖാവരണം, ശരീരാവരണം, ഷൂസ്, പോളികാർബണേറ്റ് ലാത്തി എന്നിവയെല്ലാമുള്ളതാണ് റയട്ട് കൺട്രോൾ സിസ്റ്റം. സെക്രട്ടേറിയറ്റിനു മുന്നിലടക്കം സമരക്കാരുടെ ആക്രമണത്തിലും കല്ലേറിലും പൊലീസുകാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. റയട്ട് കൺട്രോൾ സംവിധാനത്തിലൂടെ പൊലീസുകാർക്ക് പരിക്കേൽക്കുന്നത് പരമാവധി കുറയ്ക്കാനാവും. ഇഷ്ടികയുപയോഗിച്ചുള്ള എറി, നാടൻ കൈബോംബ് പൊട്ടിത്തെറി, കമ്പുപയോഗിച്ചുള്ള കുത്ത്, ആസിഡ് പ്രയോഗം എന്നിവയെ പ്രതിരോധിക്കാമെന്ന് പൊലീസുദ്യോഗസ്ഥർ പറയുന്നു.
അത്യാധുനിക ഹെൽമറ്റ് കല്ലേറ്, അടി തുടങ്ങിയവയുടെ ആഘാതം പരമാവധി കുറയ്ക്കും. കഴുത്തിന് ചുറ്റും പ്രത്യേക സംരക്ഷണ വലയമുണ്ട്. കല്ലേറ് തടയാൻ ഫൈബർ ഷീൽഡ്, കഴുത്തിൽ ഘടിപ്പിച്ച ദേഹത്തിന് മുന്നിലും പിന്നിലുമായി ഫൈബറിൽ കട്ടിയുള്ള ശരീരാവരണം, വയറിന് ക്ഷതമേൽക്കാതിരിക്കാൻ അരയ്ക്ക് ചുറ്റിനുമായി പ്രത്യേക പാഡിംഗ്, വശങ്ങളിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാൻ തുടഭാഗത്ത് വശത്തായി പ്രത്യേക ആവരണം, കാലിൽ ക്രിക്കറ്റ് കളിക്കാരുടേതിന് സമാനമായ പാഡ് എന്നിവയുമുണ്ട്. ചെന്നൈ, ബംഗളൂരു, മുംബയ്, ഡൽഹി പൊലീസുകളും ദ്രുതകർമ്മസേനയും ഉപയോഗിക്കുന്നതിന് സമാനമായ സംവിധാനമാണ് സിറ്റിപൊലീസിനുമുള്ളത്. കലാപനിയന്ത്രണ സംവിധാനം ധരിച്ചാൽ ശരീരത്തിലേക്ക് വായുകടക്കില്ലെന്നും കാലിൽ പാഡുകളും ശരീരത്തിൽ പലയിടങ്ങളിലായി ആവരണവുമുള്ളതിനാൽ ഓടാനും കുനിയാനും അസൗകര്യമാണെന്നുമാണ് പൊലീസുകാരുടെ പരാതി. അതേസമയം മഞ്ഞുമൂടിയ മേഖലകളിൽ ഉപയോഗിക്കുന്ന പ്രതിരോധ കവചമാണ് പൊലീസ് ആസ്ഥാനം വാങ്ങിക്കൂട്ടിയതെന്നും ആക്ഷേപമുണ്ട്. ചൂടുകാരണം പൊലീസുകാർ ഇത് ധരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

റയട്ട് കൺട്രോൾ സിസ്റ്റം
ശരീരത്തിൽ തീപിടിക്കുന്നത് തടയും
റബർ ആവരണം കല്ലേറിന്റെയും അടിയുടെയും ആഘാതം കുറയ്ക്കും
സുരക്ഷയ്ക്ക് ശരീരത്തിന് മുന്നിലും പിന്നിലും പാഡുകൾ
വിയർപ്പ് വേഗത്തിൽ വലിച്ചെടുക്കുന്ന തുണി
ഉള്ളിലെ തുണി മാത്രമെടുത്ത് കഴുകി വൃത്തിയാക്കാം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ