Friday, 22 September 2017 10.13 AM IST
തർക്കമൊഴിവായി; പേട്ട ഓപ്പൺഎയർഓഡിറ്റോറിയത്തിന് കെ. പങ്കജാക്ഷന്റെ പേരിടും
September 14, 2017, 1:37 am
തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒരു കൊല്ലത്തോളമായിട്ടും പേരില്ലാതെ കിടന്ന പേട്ട കേരളകൗമുദി ഓഫീസിനടുത്തെ നഗരസഭാ ഓഡിറ്റോറിയത്തിന് ഒടുവിൽ പേരാവുന്നു. മുൻ മന്ത്രിയും ആ‌‌ർ.എസ്.പിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അന്തരിച്ച കെ. പങ്കജാക്ഷന്റെ പേരിടാൻ ധാരണയായിട്ടുണ്ട്. പങ്കജാക്ഷന്റെ പേരിടണമെന്ന് 18ന് ചേരുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പേട്ട വാർഡ് കൗൺസിലർ ഡി. അനിൽ കുമാ‌ർ പ്രമേയത്തിലൂടെ ആവശ്യപ്പെടും. ആ പേര് അംഗീകരിച്ചേക്കും.
കഴിഞ്ഞ കൊല്ലം ഒക്ടോബർ 5ന് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാ‌ടനം ചെയ്ത ഓപ്പൺഎയർ ഓഡിറ്റോറിയത്തിന് മൂന്ന് പേരുകളാണ് തുടക്കത്തിലേ പറഞ്ഞു കേട്ടിരുന്നത്. അഞ്ച് മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കെ. പങ്കജാക്ഷൻ, ശ്രീനാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യനായ ഡോ. പി. പല്പു , മുൻ കൗൺസിലർ മണ്ണന്തല കരുണാകരൻ എന്നീ പേരുകളാണത്. എന്നാൽ, കെ. പങ്കജാക്ഷന്റെ പേരിൽത്തന്നെ ഓഡിറ്റോറിയം അറിയപ്പെടണമെന്ന് വാർഡ് കൗൺസിലർ അനിൽകുമാർ തുടക്കത്തിലേ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളിലൊരാൾ ഡോ. പി. പല്പുവിന്റെ പേരിനും രണ്ടാമൻ മണ്ണന്തല കരുണാകരന്റെ പേരിനായും വാദിച്ചു. ഇതാണ് പേരിടൽ വൈകിപ്പോകാൻ കാരണം. ഒടുവിൽ, ആർ.എസ്.പി രാഷ്ട്രീയത്തിലൂടെ ദേശീയ നേതൃത്വത്തിലേക്കുയർന്ന പങ്കജാക്ഷന്റെ പേര് തന്നെയാകട്ടെ എന്ന ധാരണയിലെത്തുകയായിരുന്നു. ഇരുപത്തഞ്ച് ലക്ഷത്തിലേറെ ചെലവാക്കി കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് ഓഡിറ്റോറിയത്തിന്റെ പണി തുടങ്ങിയത്. ചെറിയ മീറ്റിംഗുകൾക്കും മറ്റും മിതമായ നിരക്കിൽ സ്ഥലമൊരുക്കാനാണ് ഓഡിറ്റോറിയം പണിതത്. എന്നാൽ, കാര്യമായ പരിപാടികളൊന്നും നടക്കുന്നില്ല. ഓ‌ഡിറ്റോറിയം വന്നതോടെ, ഈ ഭാഗത്ത് വാഹനക്കുരുക്കുമേറി. പാർക്കിംഗ് സ്ഥലം നഷ്ടപ്പെട്ടതാണ് കാരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ