Thursday, 21 September 2017 10.36 AM IST
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ നടപടി: മുഖ്യമന്ത്രി
September 14, 2017, 2:44 am
തിരുവനന്തപുരം: അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ലഭിക്കുന്ന പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്റാലയവും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന ഏജൻസികളെക്കുറിച്ച് വിവരം ലഭിച്ചാൽ കർശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്നം കാണുന്നവർ വിമാനം കയറുന്നതിനുമുമ്പ് തൊഴിൽ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണം. ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങൾ എംബസികൾ കൃത്യമായി രേഖപ്പെടുത്തിയാൽ വിദേശത്തുള്ളവരെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടാവും.
എംബസികളിലെ ഉദ്യോഗസ്ഥരിൽ ഒരു നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണം. മികച്ച രീതിയിലുള്ള കുടിയേ​റ്റ നിയമം നമുക്ക് ആവശ്യമാണ്. വിദേശത്ത് കേസുകളിൽ പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കണം. ഇതിനായി നിയമ രംഗത്ത് പ്രവർത്തിക്കുന്നവരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ വിദേശകാര്യ മന്ത്റാലയവും സംസ്ഥാന സർക്കാരും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി.കെ. സിംഗ് പറഞ്ഞു. എംബസികളിൽ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്റിയുടെ നിർദ്ദേശം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേന്ദ്ര വിദേശകാര്യ വകുപ്പ് സെക്രട്ടറി ഡോ. ഡി.എം. മുലേ ആമുഖ പ്രസംഗം നടത്തി. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ സ്വാഗതം പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ