Friday, 22 September 2017 10.08 AM IST
ഓപ്പറേഷൻ കുബേര പൂട്ടിക്കെട്ടി;കരുത്താർജിച്ച് ബ്ലേഡ് മാഫിയ
September 14, 2017, 12:04 am
എ.പി. ജിനൻ
നെയ്യാറ്റിൻകര : ബ്ലേഡ് മാഫിയയ്ക്ക് പൂട്ടിടാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ കുബേര വിസ്മൃതിയിലാണ്ടതോടെ വട്ടിപ്പലിശക്കാർ വീണ്ടും സജീവമായി. തമിഴ്നാട് - കേരള അതിർത്തി പ്രദേശങ്ങളിലാണ് സംഘം വിലസുന്നത്. തമിഴ്നാട്ടിൽ നിന്നു സീസൺകാലത്താണ് പലിശസംഘങ്ങളെത്തുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓണക്കാലത്ത് പലിശസംഘങ്ങളുടെ ഒഴുക്കായിരുന്നു. അനധികൃത ബ്ളേഡ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി നിരവധിപേർക്കെതിരെ കേസെടുത്തിരുന്നു. എങ്കിലും തമിഴ് പലിശ സംഘത്തെ തടയാനായില്ല.

ഇരകൾ ചെറുകിട കച്ചവടക്കാർ
കൂടുതൽ കച്ചവടം നടക്കുന്ന ചെറുകിട കച്ചവടക്കാർക്കും പ്രത്യേകിച്ച് തട്ടുകടക്കാർക്കും സ്ത്രീകൾക്കുമാണ് പണം പലിശയ്ക്ക് നൽകുന്നത്. 9,000 രൂപ നൽകും. 500 രൂപ വച്ച് 20 ദിവസം കൊണ്ട് പിരിച്ചെടുക്കും. 20 ദിവസത്തേക്ക് പതിനായിരം രൂപയ്ക്ക് 1000 രൂപ പലിശ. ബാങ്കുകളിൽ പതിനായിരം രൂപയ്ക്ക് ഒരു മാസത്തേക്ക് 100 രൂപയാണ് പലിശ. 8000 രൂപ നൽകി 20 ദിവസം കൊണ്ട് 10,000 രൂപ പിരിച്ചെടുക്കുന്നവരുമുണ്ട്.

വഴിയോരം, പലിശയോരം
ഓണം നാളിലെ വഴിയോര കച്ചവടക്കാർ അധികവും ആശ്രയിക്കുന്നത് തമിഴ് പലിശ സംഘത്തെയാണ്. ഓണം വഴിയോര മേളകളിൽ മുതൽ മുടക്കുന്നത് അധികവും ഇവരാണ്. ഇരട്ടിവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്നതിന്റെ കാരണമിതാണ്.

നിയന്ത്രണം ഇല്ല
കച്ചവടക്കാരിൽ നിന്നു കൊള്ളപ്പലിശ പിഴിഞ്ഞെടുക്കുന്നത് നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല. പരാതിക്കാരില്ലാത്തതിനാൽ ഇവ കണ്ടെത്താനും പിടികൂടാനും സാധിക്കില്ലെന്ന് പൊലീസ് പറയുന്നു.

ഇരകൾ നിരവധി
പലിശ നൽകി ചെറുകിട കച്ചവട സ്ഥാപനം പൂട്ടി ആത്മഹത്യയുടെ വക്കിലെത്തിയ നിരവധി സ്ത്രീകൾ നെയ്യാറ്റിൻകരയിലുണ്ട്. ടൗണിലെ ചന്തയിൽ പലിശക്കാരനിൽ നിന്നു പണം വാങ്ങി പച്ചക്കറി കച്ചവടം നടത്തുന്ന വൃദ്ധയുടെ ഒരു ദിവസത്തെ അദ്ധ്വാനം മുഴുവൻ പലിശയായി പോകുകയാണ്.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കൂണുപോലെ
മലയോര അതിർത്തി ഗ്രാമങ്ങളിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ച് പൊങ്ങുകയാണ്. മേഖലയിലെ സാധാരണക്കാരായ ജനങ്ങളാണ് കൂടുതലായും ഇവയെ ആശ്രയിക്കുന്നത്. അതിനാൽ ഇവരെ നിരന്തരം കബളിപ്പിക്കാനും സാധിക്കും. അടുത്തിടെ നിക്ഷേപകരുടെ 600 കോടിയുമായി മുങ്ങിയ നിർമ്മൽ ചിട്ടി കമ്പനി ഇതിന് ഉദാഹരണമാണ്. കബളിപ്പിക്കലുകൾ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ആരും പരാതിയുമായി രംഗത്ത് വരുന്നില്ല. സ്ഥാപനം പൂട്ടി പണവുമായി ഉടമ മുങ്ങുമ്പോഴാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
പലരും കോടതിയെ സമീപിച്ചാലുണ്ടാകുന്ന കാലതാമസത്തെ ഭയന്ന് തുച്ഛമായ തുകയും വാങ്ങി തൃപ്തിപ്പെടുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ