Thursday, 21 September 2017 10.31 AM IST
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
September 13, 2017, 4:54 pm
തിരുവനന്തപുരം: അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ലഭിക്കുന്ന പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ തട്ടിപ്പിനിരയാകുന്നവർ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന ഏജൻസികളെക്കുറിച്ച് വിവരം ലഭിച്ചാൽ കർശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്നം കാണുന്നവർ വിമാനം കയറുന്നതിനുമുമ്പ് തൊഴിൽ സുരക്ഷയെ കുറിച്ചുകൂടി ആലോചിക്കണം. ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങൾ എംബസികൾ കൃത്യമായി രേഖപ്പെടുത്തിയാൽ വിദേശത്തുള്ളവരെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടാവും. സർക്കാരിന്റെ പരിച്ഛേദമായ എംബസികൾ പൗരന് പൂർണ സംരക്ഷണം നൽകാൻ സന്നദ്ധമാകണം. വീട്ടുജോലിക്കും മറ്റും എത്തുന്നവർക്ക് തൊഴിലുടമയിൽനിന്ന് ക്രൂരപീഡനങ്ങൾ നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ തൊഴിലുടമകൾ തൊഴിലാളികളെ എംബസികളിൽനിന്ന് നേരിട്ട് കൂട്ടിക്കൊണ്ടു പോകുന്ന സാഹചര്യമുണ്ടാവണം. എംബസികളിലെ ഉദ്യോഗസ്ഥരിൽ ഒരു നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണം. മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളിൽ കൃത്യയമായ രജിസ്‌ട്രേഷൻ സംവിധാനങ്ങളുണ്ടാവണം. വിദേശത്ത് കേസുകളിൽ പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കണം. ഇതിനായി നിയമരംഗത്ത് പ്രവർത്തിക്കുന്നവരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ ക്ലാസുകൾ ആരംഭിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. പ്രവാസികൾക്കു വേണ്ടി ആദ്യമായി നോർക്ക വകുപ്പ് രൂപീകരിച്ച സംസ്ഥാനം കേരളമാണ്. അതിൽ സംസ്ഥാനത്തെ അഭിനന്ദിക്കുന്നു. എംബസികളിൽ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നഴ്സുമാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം
നഴ്സുമാർ വിദേശത്തു ജോലിക്കു പോകുമ്പോൾ എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സിംഗ് പറഞ്ഞു. നിരവധി പേർ വിദേശത്ത് നഴ്സിംഗ് ജോലിക്കായി പോകുന്നുണ്ട്.വിദേശത്തേക്കു പോകുമ്പോൾ കൃത്യമായ നടപടക്രമങ്ങൾ പാലിക്കണം. ഈ സംവിധാനം നിലവിൽ വന്നപ്പോൾ രജിസ്റ്റർ ചെയ്യുന്നതിന് മടിയുണ്ടായിരുന്നു. ഇതേവരെ ഒന്നേകാൽ ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടുന്നുണ്ട്. എയർ ഇന്ത്യയുടെ യാത്രാനിരക്ക് സംബന്ധിച്ച പ്രശ്നത്തിന് കഴിയുന്നത്ര വേഗത്തിൽ പരിഹാരമുണ്ടാക്കും.സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ഈ വിഷയം ചർച്ച നടത്തിയിട്ടുണ്ട്. 2014 മുതൽ ഈ വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണെന്നും വി.കെ.സിംഗ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ