Thursday, 21 September 2017 10.47 AM IST
കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്;എ, ഐ ഗ്രൂപ്പുകളിൽ സമവായം
September 14, 2017, 2:49 am
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം:കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിൽ നടത്താൻ ഇന്നലെ ചേർന്ന കെ. പി. സി. സി രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ തീരുമാനിക്കണമെന്നാണ് എ, ഐ വിഭാഗങ്ങൾ ഒരു പോലെ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി തീരുമാനമുണ്ടാക്കാൻ കെ.പി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പായി കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും ഹൈക്കമാൻഡ് തീരുമാനിക്കേണ്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നായിരുന്നു മുതിർന്ന നേതാക്കളുടെ നിലപാട്.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കുറിച്ച് കെ.മുരളീധരൻ മാദ്ധ്യമങ്ങളിൽ നടത്തിയ പരാമർശത്തെച്ചൊല്ലി യോഗത്തിൽ ചൂടേറിയ വാദപ്രതിവാദം നടന്നു. ഷാനിമോൾ ഉസ്‌മാനും പി.സി ചാക്കോയും മുരളീധരനെ രൂക്ഷമായി വിമർശിച്ചു.
പ്രത്യേകിച്ച് സ്ഥാനങ്ങളൊന്നും വഹിക്കാൻ താത്പര്യം കാട്ടാത്ത ഉമ്മൻചാണ്ടിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിടേണ്ടിയിരുന്നില്ലെന്ന് ചാക്കോ പറഞ്ഞു. മാദ്ധ്യമങ്ങളോടു മുരളീധരൻ പറഞ്ഞ കാര്യങ്ങൾ പ്രതിപക്ഷനേതാവിനെ മോശപ്പെടുത്തും വിധമായിപ്പോയെന്നും ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു.
എന്നാൽ രമേശിനെ മോശമാക്കുന്ന ഒന്നും താൻ പറഞ്ഞില്ലെന്ന് മുരളീധരൻ വിശദീകരിച്ചു. ഉമ്മൻചാണ്ടി ഉന്നത സ്ഥാനങ്ങൾ വഹിക്കാൻ യോഗ്യനാണോ എന്ന ചോദ്യത്തിന് യോഗ്യനാണെന്ന മറുപടിയാണ് പറഞ്ഞത്. അങ്ങനെയല്ലെന്ന് പറയാൻ ആർക്കെങ്കിലും കഴിയുമോ എന്നും മുരളീധരൻ ചോദിച്ചു. കെ.സി.ജോസഫ് മുരളീധരനെ പിന്തുണച്ചു. മുരളി പറഞ്ഞതിൽ അവാസ്തവമൊന്നും ഇല്ലെന്ന് ജോസഫ് പറഞ്ഞു. പക്ഷെ അത് ഏറ്റുപിടിച്ച് അനാവശ്യ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചത് തെറ്റായിപ്പോയി. പറഞ്ഞതെന്താണെന്ന് മുരളീധരനോട് വിളിച്ച് അന്വേഷിച്ചിട്ടു വേണമായിരുന്നു പ്രതികരിക്കേണ്ടതെന്നും ജോസഫ് പറഞ്ഞു.
കോവളം കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട സമരത്തിന് വേണ്ടത്ര ശക്തിയുണ്ടായില്ലെന്ന വിമർശനം ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ഉന്നയിച്ചു. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായ സമരങ്ങൾ ആവിഷ്‌കരിക്കണമെന്ന അഭിപ്രായവും ഉയർന്നു.
ഇന്നലെ രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗം വൈകിട്ട് മൂന്നരമണിയോടെയാണ് സമാപിച്ചത്. ഇന്ന് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ