Thursday, 21 September 2017 10.38 AM IST
മൂന്നാർ തർക്കം വീണ്ടും: അഡിഷണൽ എ.ജിക്കെതിരെ സർവകക്ഷി സംഘം
September 14, 2017, 2:45 am
കൈയേറ്റക്കാരുടെ ലിസ്റ്റ് ഹരിത ട്രൈബ്യൂണലിൽ

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റപ്രശ്നത്തിൽ സർക്കാരിന് വേണ്ടി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ദേശീയ ഹരിത ട്രൈബ്യൂണലിൽ കൈക്കൊണ്ട നിലപാടിനെ ചൊല്ലി വീണ്ടും തർക്കം. ദേവികുളം മുൻ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തയാറാക്കിയ കൈയേറ്റക്കാരുടെ പട്ടിക അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ചതാണ് തർക്ക വിഷയം. ഇതിനെതിരെ മന്ത്രി എം.എം. മണിയുടെയും എസ്. രാജേന്ദ്രൻ എം.എൽ.എയുടെയും നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെയും കണ്ട് നിവേദനം നൽകി. സി.പി.ഐ മൂന്നാർ മണ്ഡലം സെക്രട്ടറി പളനിവേലും സംഘത്തിലുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. സി.പി.ഐയുടെ നോമിനിയാണ് അഡിഷണൽ എ.ജി രഞ്ജിത് തമ്പാൻ.
എന്നാൽ, അഡിഷണൽ എ.ജിയുടേത് സർക്കാർ നിലപാടാണെന്നും സർക്കാർ നിലപാട് മാത്രമാണ് അഭിഭാഷകർ കോടതിയിൽ ധരിപ്പിക്കുന്നതെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അഡിഷണൽ എ. ജിയുടെ കോടതിയിലെ നിലപാടിനെ തുടർന്ന് മൂന്നാറിൽ നിർമ്മാണങ്ങളാകെ സ്തംഭിക്കുന്ന നിലയാണെന്ന് സർവകക്ഷി സംഘത്തിന്റെ നിവേദനത്തിൽ പറയുന്നു. എല്ലാവരെയും കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാട് ഹരിത ട്രൈബ്യൂണലിനെ അറിയിക്കണം. ഇതിനായി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തണം. കൈയേറ്റക്കാർക്കെതിരായ നടപടികൾ മാത്രം വേണം കോടതിയെ അറിയിക്കാൻ. വർഷങ്ങളായി താമസിക്കുന്നവരെ ദോഷകരമായി ബാധിക്കുന്ന നിലപാടെടുത്ത അഡിഷണൽ എ. ജിയോട് വിശദീകരണം തേടണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി, സി.പി.എം നേതാവ് കെ.കെ. വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ