Thursday, 21 September 2017 10.34 AM IST
കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭത്തിന് യു.ഡി.എഫ്
September 14, 2017, 5:30 pm
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 5ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിലും രാപ്പകൽ സമരം നടത്തുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. നവംബർ ഒന്നുമുതൽ ഡിസംബർ ഒന്നുവരെ മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രചാരണ യാത്ര സംഘടിപ്പിക്കും. മഞ്ചേശ്വരത്ത് എ.കെ.ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് വൻ റാലിയോടെ നടക്കുന്ന സമാപന സമ്മേളനത്തിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കും. യാത്രയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വി.ഡി.സതീശൻ കൺവീനറും ഘടകകക്ഷി നേതാക്കളായ ഡോ.എം.കെ.മുനീർ, ജോണി നെല്ലൂർ, വർഗീസ്‌ ജോർജ്, സി.പി.ജോൺ,ദേവരാജൻ എന്നിവർ അംഗങ്ങളുമായ ഉപസമതിയെ നിശ്ചിയിച്ചു.വിവിധ തീയതികളിലായി ജില്ലാതലത്തിലും നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനുകൾ നടക്കും.

സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണ്. വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുന്നു. കരാറുകാർ പദ്ധതികൾ ഏറ്റെടുക്കുന്നില്ല. ക്രമസമാധാന രംഗം ആകെ താറുമാറായി.ദളിത് പീഡനങ്ങൾ വ്യാപകമായി. വിജിലൻസിന് ഡി.ജി.പി ഇല്ലാതായിട്ട് ആറുമാസമായി. രണ്ട് കേഡർ പോസ്റ്റുകളുടെ ചുമതല ഒരേ ആൾ തന്നെ വഹിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്.വിജിലൻസ് കേസുകൾ ബെഹ്‌റയെ ഉപയോഗിച്ച് ദുർബലപ്പെടുത്താനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിൽ. മദ്യമാഫിയയ്ക്ക് കീഴടങ്ങിയ സർക്കാർ ടു സ്റ്റാർ ഹോട്ടലുകൾക്കും ബാറുകൾ നൽകാനുള്ള അണിയറനീക്കം നടത്തുന്നു. വൻ അഴിമതിയാണ് ഇതിന് പിന്നിൽ. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണം.

ഇ.കെ.നായനാർ സ്‌മാരക നിർമാണത്തിന് ഒരു ദിവസംകൊണ്ട് 20 കോടി പിരിച്ചതിലൂടെ അഴിമതി പണം വെളുപ്പിക്കാൻ ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. നായനാർക്ക് സ്മാരകം നിർമിക്കുന്നതൊക്കെ നല്ല കാര്യം തന്നെ. പക്ഷേ,​ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തുക സമാഹരിച്ചത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുമ്പോൾ,വിലക്കയറ്റം തടയാൻ ഒരു നടപടിയുമില്ല. മന്ത്രി തോമസ് ഐസക് ജി.എസ്.ടിയുടെ വക്താവായി മാറി. കോവളം കൊട്ടാരം കൈമാറ്റം,​ തോമസ് ചാണ്ടിയുടെ കൈയേറ്റം, പി.വി.അൻവർ എം.എൽ.എയുടെ അനധികൃത നിർമാണം തുടങ്ങിയ വിഷയങ്ങളിൽ യു.ഡി.എഫ് ആരംഭിച്ചിട്ടുള്ള സമരം ശക്തമായി തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ