Friday, 22 September 2017 6.26 AM IST
എത്രകൊണ്ടാലും പഠിക്കുകയില്ല
September 13, 2017, 2:00 am
നിക്ഷേപകരുടെ വിശ്വാസമാർജിച്ച ശേഷം ഒരു രാത്രിയിൽ ആരോരുമറിയാതെ സ്ഥാപനം പൂട്ടി നിക്ഷേപപ്പണവുമായി മുങ്ങുന്ന കറക്കു കമ്പനികളുടെ കഥകൾ മലയാളികൾക്ക് സുപരിചിതമാണ്. പാറശാലയ്ക്കടുത്ത് കേരള - തമിഴ്നാട് അതിർത്തിയിൽ അഞ്ചു പതിറ്റാണ്ടായി പ്രവർത്തിച്ചുവന്ന പണമിടപാടു സ്ഥാപനം ഈ ഗണത്തിൽപ്പെടുന്ന അവസാനത്തേതാകാൻ വഴിയില്ല. കബളിപ്പിക്കപ്പെടാൻ ആളുകൾ സ്വമനസാലെ വരിവരിയായി മുന്നോട്ടുവരാൻ ഒട്ടും മടി കാണിക്കാത്തിടത്തോളം ഇനിയും ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാകും. നിക്ഷേപകരെ തോരാക്കണ്ണീരിലാഴ്ത്തി രായ്ക്കുരാമാനം സ്ഥലം വിടുകയും ചെയ്യും.
പളുകൽ എന്ന സ്ഥലത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുപോന്ന ധനകാര്യ സ്ഥാപനം പൂട്ടിയതോടെ വഴിയാധാരമായത് പതിനയ്യായിരത്തോളം കുടുംബങ്ങളാണ്. നിക്ഷേപ ഇനത്തിൽ സമാഹരിച്ച അറുനൂറോളം കോടി രൂപയുമായാണത്രെ സ്ഥാപന ഉടമ അപ്രത്യക്ഷനായിരിക്കുന്നത്. ജനങ്ങളുടെയിടയിൽ പതിവിലേറെ വിശ്വാസം നിലനിറുത്തിയിരുന്ന സ്ഥാപനം പെട്ടെന്നൊരു സുപ്രഭാതത്തിൽ അടച്ചുപൂട്ടലിനെത്തിയെന്നത് സാധാരണക്കാർക്ക് പിടികിട്ടാത്ത രഹസ്യമാണ്. എന്നാൽ പതിറ്റാണ്ടുകൾക്കും മുൻപ്, ആട്, മാഞ്ചിയം, റിയൽ എസ്റ്റേറ്റ് തട്ടിപ്പുകളുടെ കാലം തൊട്ടേ വലുതും ചെറുതുമായ ഇത്തരം കബളിപ്പിക്കൽ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്നു വരികയാണ്. എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ജനങ്ങൾ ഒന്നും പഠിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഏറെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങൾ പോലും നിക്ഷേപകരെ പറ്റിച്ചു മുങ്ങുന്നത് അപൂർവ്വമല്ല. പാറശ്ശാലയിൽ ഇപ്പോൾ നിക്ഷേപകരെ വെള്ളത്തിലാക്കി മുങ്ങിയ സ്ഥാപനത്തിന് സുദീർഘമായ പ്രവർത്തന പാരമ്പര്യവും ജനവിശ്വാസവും അവകാശപ്പെടാവുന്നതാണ്. എന്നിട്ടും നിക്ഷേപകരെ കണ്ണീലിരാക്കി നിഷ്ക്രമിക്കാൻ ഒരുമടിയും കാട്ടിയില്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ പത്തു വർഷത്തിനിടെ ഇതേ തരത്തിൽ അടച്ചു പൂട്ടിയ പണമിടപാടു സ്ഥാപനങ്ങളിൽ നിന്ന് ഇടപാടുകാർക്ക് ഉണ്ടായ നഷ്ടം ആയിരത്തിലധികം കോടി രൂപയാണ്. പണം നഷ്ടപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്നതാണ് ഏറെ ദയനീയം. അരിഷ്ടിച്ചു ജീവിച്ച് ഉറുമ്പു ശേഖരിക്കുന്നതുപോലെ സ്വരുക്കൂട്ടിയ പണമാണ് അവർ ഇത്തരം തട്ടിപ്പു കമ്പനികളിൽ നിക്ഷേപിക്കുന്നത്. ആകർഷകമായ പലിശ നിരക്കാണ് ജനങ്ങളെ പൊതുവേ ഇത്തരം കമ്പനികളിലേക്ക് ആകർഷിക്കാറുള്ളത്. ജനത്തിന്റെ ഈ ദൗർബല്യം മുതലെടുക്കുന്ന സ്ഥാപനങ്ങൾ വിശ്വാസം ഊട്ടിയുറപ്പിക്കാൻ സ്വീകരിക്കുന്ന തന്ത്രങ്ങൾ നിരവധിയാണ്. കൂടുതൽ നിക്ഷേപത്തിന് കൂടുതൽ പലിശ നിരക്ക് നൽകും. പലിശപ്പണം ആവർത്തന നിക്ഷേപമാക്കുക വഴി കൂടുതൽ നേട്ടമുണ്ടാക്കാമെന്നു പറഞ്ഞ് ഇരകളെ വരുതിയിലാക്കും. ഇത്തരത്തിൽ ആകാവുന്നത്ര സംഭരിച്ചുകൊണ്ടാവും ഒടുവിൽ കമ്പനിയുടെ വാതിൽ എന്നന്നേക്കുമായി അടയുക. നാട്ടിലും പുറത്തുമുള്ള കള്ളപ്പണക്കാരാകും നിക്ഷേപകരിൽ മറ്റൊരു കൂട്ടർ. കമ്പനി പൂട്ടിപ്പോയാലും ഇത്തരക്കാർ പരസ്യമായി രംഗത്തുവരാൻ മടിക്കും. നാട്ടിലെ കള്ള സമ്പാദ്യത്തിൽ നല്ലൊരു ഭാഗം എത്തിച്ചേരുന്നത് ഇത്തരം സ്ഥാപനങ്ങളിലാകും. പാറശാലയിൽ ജനങ്ങളെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനത്തിൽ ഇരുപതും മുപ്പതും കോടി വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് കേൾക്കുന്നത്. ഒരു കാലത്തും ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാൻ പോകുന്നുമില്ല. നഷ്ടപ്പെട്ട നിക്ഷേപത്തുക വീണ്ടെടുത്തു നൽകണമെന്ന ആവശ്യവുമായി റോഡ് ഉപരോധിക്കാനും പ്രതിഷേധ പ്രകടനം നടത്താനും ഇറങ്ങിയവരുടെ കൂട്ടത്തിൽ വൻകിട നിക്ഷേപകരുടെ പൊടിപോലും കാണുകയില്ല.
ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒരു കുറവുമില്ല. ജനങ്ങളിൽ നിന്നു നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കർക്കശമായ നിയന്ത്രണങ്ങളുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയും ലൈസൻസും ഉണ്ടെങ്കിലേ അവയ്ക്ക് പ്രവർത്തനാനുമതി ഉള്ളൂ. എന്നാൽ ഒരുവിധ നിയമവും ബാധകമല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്ന എത്രയോ ധനകാര്യ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. നിക്ഷേപം സ്വീകരിക്കുക മാത്രമല്ല കൊള്ളപ്പലിശയ്ക്ക് പണം വായ്പ നൽകി പാവപ്പെട്ടവരെ ഞെക്കിപ്പിഴിയുന്നതും കുടുംബങ്ങൾ കുളംതോണ്ടുന്നതും ഇവർ തന്നെയാണ്. ഇവിടങ്ങളിൽ നടക്കുന്ന പണമിടപാടുകളുടെ വ്യാപ്തിയും സ്വഭാവവും അധികൃതർക്ക് നന്നായി അറിയാം. ഇടപെടേണ്ടവർ ഒരിക്കലും ഇടപെടാറില്ലെന്നു മാത്രം. നിക്ഷേപവുമായി സ്ഥാപന ഉടമ മുങ്ങുമ്പോഴാണ് ജനങ്ങൾ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഈടാക്കാൻ പറ്റാത്തവിധം അതിനകം നിക്ഷേപപ്പണം വകമാറ്റിക്കഴിഞ്ഞിരിക്കും. കൂടുതൽ ആറ്റായം തേടിയാണ് ജനങ്ങൾ ചിട്ടിക്കമ്പനികൾ പോലുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നത്. ബാങ്കുകളിലെ തുച്ഛമായ പലിശ നിരക്കും ജനങ്ങളെ അനധികൃത സ്ഥാപനങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കാറുണ്ട്. കയ്യിലുള്ള പണത്തിന് തേടിപ്പോകാനുള്ള ആഗ്രഹം മനുഷ്യ സഹജമാണല്ലോ.
പാറശ്ശാലയിലെ സ്ഥാപനത്തിൽ പണം നഷ്ടമായവർ സംഘടിച്ച് മുഖ്യമന്ത്രിക്കു നിവേദനം നൽകി കാത്തിരിക്കുകയാണ്. സ്ഥാപന ഉടമയുടെ സ്വത്തുവകകൾ വിറ്റെങ്കിലും നടപടി വേണമെന്നാണ് അവരുടെ ആവശ്യം. സ്ഥാപനത്തിന്റെ ആസ്തി എത്രയെന്ന് പൊലീസ് കണ്ടെത്തുമ്പോൾ അറിയാം. സ്വത്തു സംബന്ധിച്ച യഥാർത്ഥ ചിത്രം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ