Friday, 22 September 2017 10.09 AM IST
കേരളകൗമുദി റസിഡന്റ്സ് അസോ. ഓണാഘോഷവും അവാർഡ്ദാനവും
September 14, 2017, 1:38 am
അജയ് മധു
തിരുവനന്തപുരം: മനുഷ്യ കൂട്ടായ്മകൾ സാമൂഹ്യ ജീവിതത്തിന്റെ അനിവാര്യഘടകമാണെന്ന് വി.എസ്.എസ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ. എം. ചന്ദ്രദത്തൻ പറഞ്ഞു. പേട്ട കേരളകൗമുദി റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയൽവാസികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകണം. മറ്റുള്ളവരുമായി യോജിക്കുന്നതിന് നമ്മുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണം. ജീവിതം സന്തോഷഭരിതമാകാൻ കുടുംബാംഗങ്ങൾക്ക് പുറമെ സമൂഹത്തിലെ നല്ല മനസുള്ളവരുമായും ഇടപഴകണം. മനസിന്റെ ഭാവമാണ് സന്തോഷം. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും ആഘോഷിക്കണം. മറ്റുള്ളവർക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തണം. ഇങ്ങനെ ചെയ്യുന്നവരുടെ സ്വീകാര്യത സമൂഹത്തിൽ വർദ്ധിക്കും. മറ്റുള്ളവർക്കെല്ലാം മാതൃകയാണ് മലയാളികളുടെ ആതിഥ്യമര്യാദ. കാലം കടന്നുപോകുമ്പോൾ ഇത്തരം ശീലങ്ങളിൽ മാറ്റമുണ്ടാകരുതെന്നും ചന്ദ്രദത്തൻ ഓർമ്മിപ്പിച്ചു.
ഡോ. എം. ചന്ദ്രദത്തനെ കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവി പൊന്നാട അണിയിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും എം.എസ്. രവി സമ്മാനങ്ങൾ വിതരണം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ആർ. പ്രകാശം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ഡി. അനിൽകുമാർ ആശംസ നേർന്നു. അസോസിയേഷൻ ട്രഷറർ എസ്. എഡിസൺ സ്വാഗതവും സെക്രട്ടറി അഡ്വ. ജി. ശശിധരൻ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും നടന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ