Friday, 22 September 2017 10.11 AM IST
ബി.എസ്.യു.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം നാശത്തിന്റെ വക്കിൽ
September 14, 2017, 1:38 am
ഷാജിമോൻ
കോവളം: നഗരസഭയുടെ പൂങ്കുളം വാർഡിൽ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ബി.എസ്.യു.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൂറ്റൻ കെട്ടിടം നിർമ്മാണം പൂർത്തിയാകാതെ നാശത്തിന്റെ വക്കിൽ. നഗരത്തിലെ ദരിദ്രർക്കും ചേരിനിവാസികൾക്കും വീടും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്. പത്ത് വർഷം മുൻപാണ് നഗരസഭ കെട്ടിട നിർമ്മാണം ആരംഭിച്ചത്. പൂങ്കുളത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും ഒന്നരയേക്കറോളം ഭൂമി നഗരസഭ വാങ്ങിയിരുന്നു. ഇതിനായി ഇരുപത് ലക്ഷത്തോളം രൂപ പദ്ധതിയിൽ നിന്നും ചെലവാക്കി. നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരു കോടി രൂപയുമായി. എന്നാൽ നിർമ്മാണം 20 ശതമാനം പൂർത്തിയാകും മുന്നേ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു.
ഇതോടെ ഇവിടെയുണ്ടായിരുന്ന നൂറോളം പായ്ക്കറ്റ് സിമന്റ്,ടൺ കണക്കിന് ഇരുമ്പ് കമ്പികൾ, നിർമ്മാണത്തിന് ശേഷം വന്ന ചുടുകല്ലുകൾ എന്നിവ അപ്രത്യക്ഷമായി.

വാഗ്ദാനങ്ങൾ ഇങ്ങനെ
വീടുകൾക്കൊപ്പം അംഗൻവാടി
യാചക പുനരധിവാസ കേന്ദ്രം
വൃദ്ധസദനം
ഹെൽത്ത് സെന്റർ
കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റ്
സ്റ്റഡി സെന്റർ
ലൈബ്രറി


സാമൂഹ്യവിരുദ്ധരുടെ താവളം
സമീപകാലത്ത് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി കെട്ടിടം മാറി. രാത്രിയായാൽ കെട്ടിടത്തിന്റെ ചുടുകല്ല് ഇളക്കി കൊണ്ടുപോകുന്നതായി പ്രദേശവാസികൾ പറയുന്നു. മദ്യപാനവും ചീട്ടുകളിയും ഇവിടെ നടക്കുന്നുണ്ട്.

ജലദൗർലഭ്യം
ജലത്തിന്റെ ദൗർലഭ്യമാണ് പദ്ധതി തകിടം മറിയാൻ കാരണമെന്ന് വാർഡ് കൗൺസിലർ ബി.സത്യൻ പറഞ്ഞു. എന്നാൽ നിർമ്മാണത്തിനാവശ്യമായ ജലത്തിന് യാതൊരു തടസമില്ലെന്നും ബുദ്ധിമുട്ടുണ്ടായാൽ തൊട്ടടുത്തുള്ള പാറമടകളിലെ ജലം ഉപയോഗപ്പെടുത്താമെന്നും നാട്ടുകാർ പറഞ്ഞു.'' പ്രദേശവാസികളായ പാവപ്പെട്ടവർക്ക് ഗുണം ലഭിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ബി.എസ്.യു.പി ഫണ്ട് ഉപയോഗിച്ച് കോടികൾ ചെലവിട്ട് കെട്ടിടം പണിതത്. കെട്ടിടം സാമൂഹ്യവിരുദ്ധർ കൈയടക്കിയതോടെ പ്രദേശവാസികൾക്ക് മനസമാധാനം നഷ്ടപ്പെടുകയാണ്. നഗരസഭ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം. ''
കോളിയൂർ വിജയൻ ,സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ