Friday, 22 September 2017 10.08 AM IST
പാൽക്കുളങ്ങരയിൽ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു
September 14, 2017, 2:06 am
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ആളില്ലാതിരുന്ന വീട്ടിൽ നിന്ന് 30 പവൻ സ്വർണവും അയ്യായിരം രൂപയും കവർന്നു. പാൽക്കുളങ്ങര കോഴിയോട് ലെയിൻ എ.ആർ.എ 34ൽ ടെക്നോപാർക്ക് ഉദ്യോഗസ്ഥനായ വിനോദിന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് കവർച്ച നടന്നത്. രാവിലെ ജോലിക്ക് പോയ വിനോദ് രാത്രി ഒന്നരയോടെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വിനോദിന്റെ ഭാര്യ കുടുംബവീട്ടിലും മാതാപിതാക്കൾ മാവേലിക്കരയിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിലും പങ്കെടുക്കാൻ പോയിരുന്നു. വിനോദ് ജോലിക്ക് പോയാൽ പിന്നെ വീട്ടിൽ ആരുമുണ്ടാകില്ലെന്ന് മനസിലാക്കിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയുടെ ലോക്കറിൽ നിന്നാണ് സ്വർണവും പണവും കവർന്നിരിക്കുന്നത്. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വാരി പുറത്തേക്കിട്ട നിലയിലായിരുന്നു. മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ വിനോദ് അകത്തുകടന്നപ്പോഴാണ് അലമാരകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി കമ്മിഷണർ ജയദേവ്, ശംഖുംമുഖം എ.സി.പി ഷാനിഹാൻ, പേട്ട സി.ഐ സുരേഷ് വി. നായർ, വഞ്ചിയൂർ എസ്.ഐ അശോകൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് ഡ്വാഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. രാത്രി 11നും 12നും ഇടയിലാകും കവർച്ച നടന്നതെന്നാണ് സംശയം. സമീപകാലത്ത് ജയിൽവാസം കഴിഞ്ഞിറങ്ങിയവരെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്. അന്യ സംസ്ഥാന കവർച്ചാ സംഘങ്ങളെയും സംശയിക്കുന്നുണ്ട്. സ്ഥലത്ത് നിന്നു ലഭിച്ച വിരലടയാളങ്ങൾ മറ്റ് മോഷണ സ്ഥലങ്ങളിലേതുമായി സാമ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ