Friday, 22 September 2017 10.11 AM IST
കണ്ണീരും ചിരിയും ചാലിച്ച ഫ്രെയിമുകൾ
September 14, 2017, 1:40 am
തിരുവനന്തപുരം : പൊഴിയിൽ വീണുമരിച്ച അഞ്ച് വയസുകാരി മകളുടെ മൃതദേഹവുമായി കരയ്‌ക്കടുത്ത ബോട്ടിനരികിൽ ഹൃദയം തകർന്ന് വിലപിക്കുന്നൊരമ്മയുടെ ചിത്രം...നെഞ്ചിലെ ചൂട് നൽകി വളർത്തിയ പ്രാണനാണ് മുന്നിൽ കിടക്കുന്നത്... വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ പ്രഭാതകൃത്യത്തിന് എട്ടുവയസുകാരനായ ഏട്ടനുമൊത്ത് കടൽക്കരയിലേക്ക് പോയ അവളെ കടലെടുത്തു. പുതിയതുറ സ്വദേശി അനു .എ ആണ് ഈ കണ്ണീ‌ർചിത്രം ഫ്രെയിമിലാക്കിയത്.
തിരുവനന്തപുരം പ്രസ് ക്ളബിലെ ഫോട്ടോ ജേർണലിസം വിദ്യാർത്ഥികളുടെ ഫോട്ടോ പ്രദർശനമാണ് കണ്ണീരും ചിരിയും ചേരുന്ന ജീവിത ചിത്രങ്ങളുമായി കാഴ്‌ചക്കാരന്റെ ഹൃദയം തൊടുന്നത്.
എടുത്താൽ പൊങ്ങാത്ത ചുമടുമായി തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ പ്ളാറ്റ്ഫോമിലേക്ക് നടക്കുന്ന പന്ത്രണ്ടുകാരൻ. തലസ്ഥാനത്തെത്തിയ വഴിയോര കച്ചവടക്കാരായ നാടോടി സംഘത്തിലെ അംഗമായ അവൻ മടക്കയാത്രയ്‌ക്കൊരുങ്ങുന്നത് കഴുത്തൊടിയുന്ന ഭാരവും പേറിയാണ്. ഫോട്ടോ ശരത് .എസിന്റേതാണ്.
കാശ്‌മീരിലെ ഏതോ കലാപഭൂമിയിൽ തകർന്നുപോയൊരു വീടിന് സമീപം ചെറിയൊരു തടാകക്കരയിൽ ഒറ്റപ്പെട്ടു നിൽക്കുന്നൊരു നായ... കലാപം ശൂന്യമാക്കുന്ന ജീവിതം കാണിച്ചു തരുന്നു ഗോകുൽ ഗോവിന്ദിന്റെ ചിത്രം.
പച്ചക്കറിക്കച്ചവടക്കാരന്റെ കുശലാന്വേഷണത്തിന് മറുപടി പോലൊരു നോട്ടവുമായി ഒരു പൂച്ച, കുഴിയിൽ വീണൊരു കുട്ടിക്കൊമ്പനെ കരകയറ്റാൻ അതേ പ്രായത്തിലൊരു കുട്ടിയാനയുടെ ശ്രമം, മിനറൽ വാട്ടറിന്റെ കുപ്പി തുറക്കാനൊരു കുരങ്ങച്ചന്റെ ശ്രമം, വെള്ളക്കെട്ടിലെ പ്രതിബിംബത്തിൽ നോക്കിയൊരു പൂച്ച, ആനക്കൊട്ടിലിൽ പരിപാലകനോടുള്ള സ്നേഹവായ്‌പുമായി ആനക്കുട്ടി.... അങ്ങനെ കാണാനേറെയുണ്ട്.... ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി ഫോട്ടോ പ്രദർശനം നാളെ സമാപിക്കും.
തിരുവനന്തപുരം പ്രസ് ക്ളബിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ നിന്ന് ഫോട്ടോ ജേർണലിസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഫോട്ടോ പ്രദർശനമാണ് പ്രസ് ക്ളബിൽ നടക്കുന്നത്. അശോക് .എസ്.ആർ, അഭിജിത്ത് .എസ്.കെ, ഡെൻസ്‌റ്റൺ, ജെയ്‌സൺ, ജെഫിൻ, എം.എസ്. മഹേഷ്, സാജൻ മാരനാട്, ശ്രീജിത്ത് .വി.ജെ, സുരേഷ്, വിനീത് .എസ്, വിവേക് സാബു എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ