Wednesday, 20 September 2017 12.25 AM IST
കുട്ടികൾക്കുവേണ്ടി ഒരു ഭാരതയാത്ര
September 14, 2017, 2:00 am
കുട്ടികളുടെ സുരക്ഷിതത്വം ദേശീയതലത്തിൽ ഗൗരവമേറിയ ചർച്ചാവിഷയമാണിന്ന്. രാജ്യത്ത് സ്ത്രീകൾ കഴിഞ്ഞാൽ ഏറ്റവും അരക്ഷിതാവസ്ഥ നേരിടുന്ന വിഭാഗം കുട്ടികളാണ്. പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും മാത്രമല്ല, സ്വന്തം വീടുകളിൽപ്പോലും ഒരു കുട്ടിയും ഇന്ന് പൂർണ സുരക്ഷിതരല്ലെന്നാണ് അനുഭവം. സാഹചര്യങ്ങൾ ഇതായിരിക്കെ കുട്ടികൾക്കെതിരായ അതിക്രമങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിച്ചുകൊണ്ട് നോബൽ ജേതാവും മനുഷ്യസ്നേഹിയുമായ എം.എൻ. സത്യാർത്ഥി കന്യാകുമാരിയിൽ നിന്ന് ഡൽഹിയിലേക്ക് നടത്തുന്ന ഭാരത് യാത്രയ്ക്ക് പ്രസക്തി ഏറെയാണ്. യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച അദ്ദേഹവും സംഘവും തിരുവനന്തപുരത്തുണ്ടായിരുന്നു. കുഞ്ഞുങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നാണ് സ്വീകരണ ചടങ്ങുകളിൽ സത്യാർത്ഥി ആവശ്യപ്പെട്ടത്. രാജ്യം സുരക്ഷിതമെന്നു അവകാശപ്പെടണമെങ്കിൽ ജനസംഖ്യയിൽ നാല്പതു ശതമാനം വരുന്ന കുട്ടികൾ സുരക്ഷിതരാകേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹം ഏറ്റെടുക്കുകതന്നെവേണം. വർത്തമാന ഇന്ത്യയിലെ കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അങ്ങേയറ്റം ഭീതിജനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. നാല്പതോളം കുട്ടികളാണ് ഓരോ ദിവസവും രാജ്യത്ത് ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നത്. ഓരോ ആറുമിനിട്ടിലും ഒരു കുട്ടിയെ കാണാതാകുന്നു. ബാലവേലയും കുട്ടിക്കടത്തും വിപുലതോതിലാണ് നടക്കുന്നത്. രാജ്യത്ത് നാലരലക്ഷം കുട്ടികളെങ്കിലും മനുഷ്യക്കടത്തിന്റെ ഇരകളാണ്. നാനാവിധത്തിലുള്ള അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കേണ്ടത് സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെയും വലിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ശരിയായി നിറവേറ്റാത്തതുകൊണ്ടാണ് ലക്ഷക്കണക്കിനു കുട്ടികൾ പലവിധ പീഡനങ്ങൾക്ക് ഇരയാകേണ്ടിവരുന്നത്. വീടുകളിലും പുറത്തും കുട്ടികൾ ഒരുപോലെ സുരക്ഷിതരാകുന്ന അവസ്ഥ കൈവന്നാലേ രാജ്യത്തിന് മേൽഗതിയുണ്ടാകൂ എന്ന സത്യാർത്ഥിയുടെ വാക്കുകൾ സമൂഹം പൂർണമായും ഉൾക്കൊള്ളേണ്ട സന്ദർഭമാണിത്. കന്യാകുമാരിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ പതിനോരായിരം കിലോമീറ്റർ സഞ്ചരിച്ച് റാലി ഡൽഹിയിലെത്തുമ്പോൾ മറ്റാർക്കും ഇതുവരെ കഴിയാത്ത മഹത്തായ സന്ദേശമാണ് സത്യാർത്ഥി നൽകുന്നത്. ഓരോ കുട്ടിയിലും ദൈവ സാന്നിദ്ധ്യം കാണുന്ന അദ്ദേഹം കഴിഞ്ഞ നാല്പതുവർഷമായി കുട്ടികളുടെ സുരക്ഷിതത്വത്തിനായി അക്ഷീണം പ്രവർത്തിക്കുകയാണ്.
രാജ്യത്തെ ഒന്നടങ്കം നടുക്കിയ ചില ക്രൂര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സത്യാർത്ഥിയുടെ ഭാരത യാത്ര സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. കളിച്ചും കൂട്ടുകൂടിയും പഠിച്ചും കുട്ടികൾ വളരേണ്ട വിദ്യാലയങ്ങൾപോലും ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഹര്യാനയിലെ ഗുഡ്ഗാവിൽ കഴിഞ്ഞ ആഴ്ച ഒരു ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ളാസ് വിദ്യാർത്ഥി കഴുത്തറക്കപ്പെട്ട് മരണമടഞ്ഞ നടുക്കുന്ന സംഭവം മറക്കാറായിട്ടില്ല. ഡൽഹിയിലെ ഒരു സ്കൂളിൽ അഞ്ചു വയസുകാരി ലൈംഗികാതിക്രമത്തിന് വിധേയായതും തൊട്ടടുത്ത ദിവസമാണ്. ഇത്തരത്തിലുള്ള പീഡന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിത്യേനയെന്നോണം നടക്കുന്നുണ്ട്. കേരളത്തിൽത്തന്നെ ഇതുപോലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വല്ലാതെ വർദ്ധിച്ചു വരുന്നതായി കാണാം. സ്കൂളുകളിൽ അദ്ധ്യാപകരും മറ്റു ജീവനക്കാരുമാകും ഒട്ടുമിക്ക കേസുകളിലും പ്രതികളുടെ സ്ഥാനത്തുണ്ടാവുക. ഹര്യാനാ സ്കൂളിലെ രണ്ടാം ക്ളാസുകാരന്റെ കൊലപാതകം ഉയർത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകളിലെ സുരക്ഷാ നടപടികൾ വിശദമാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും സി.ബി.എസ്.ഇയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരം അതിക്രമങ്ങളിൽ നിന്നു കുട്ടികൾക്ക് സംരക്ഷണം നൽകാൻ സ്ഥിരമായി സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ ആവിഷ്കരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകളിലെത്തുന്ന മുഴുവൻ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ട ചുമതല സ്കൂൾ അധികൃതരുടേതാണ്. ഗുഡ്ഗാവ് സ്കൂളിലേത് ഒറ്റപ്പെട്ട സംഭവമല്ല. മുൻപും സ്കൂളുകളിൽ ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. എപ്പോഴും സ്കൂൾ ജീവനക്കാരിലാരെങ്കിലുമാകും പ്രതികൾ. അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും ആവശ്യമായ സുരക്ഷാ നടപടികൾ എടുക്കേണ്ടതായി വരുന്നു. അലംഭാവം കാണിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി എടുക്കാൻ സർക്കാരുകൾ മടിക്കരുത്. സ്കൂളുകളിലേക്ക് പറഞ്ഞുവിടുന്ന കുട്ടികൾ വൈകിട്ട് സുരക്ഷിതരായി മടങ്ങിയെത്തുന്നതും കാത്ത് രക്ഷിതാക്കൾ ആധിയോടെ കഴിയേണ്ടി വരുന്ന സ്ഥിതി ഒഴിവാക്കുകതന്നെ വേണം. കുറ്റകൃത്യങ്ങൾക്കിണങ്ങുന്ന സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കണം. സ്കൂൾ പരിസരങ്ങൾ മാത്രമല്ല, അവർ കയറുന്ന വാഹനങ്ങളും പൊതുനിരത്തുകളുമെല്ലാം സുരക്ഷിതമാകേണ്ടതുണ്ട്. നിരീക്ഷണ സംവിധാനങ്ങളും നിയമപാലകരുടെ സാന്നിദ്ധ്യവുമെല്ലാം സുരക്ഷയുടെ ഭാഗമാകണം. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ