Friday, 22 September 2017 6.34 AM IST
കരുണ എസ്റ്റേറ്റ്: നികുതി സ്വീകരിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി
September 13, 2017, 3:19 pm
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്കർ വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാൻ മുൻ യു.ഡി.എഫ് സർക്കാർ അവസാനകാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ തർക്കം നിലനിൽക്കെയാണ് 2016 മാർച്ചിൽ നികുതി സ്വീകരിക്കാൻ മുൻ സർക്കാർ തീരുമാനിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുളള വിവാദ മന്ത്രിസഭാതീരുമാനങ്ങൾ പുനഃപരിശോധിക്കാൻ പുതിയ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തീർപ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശുപാർശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ കൈവശമുളള 4.27 ഏക്കർ ഭൂമിയുടെ പാട്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട് പാട്ടം പുതുക്കി നൽകാൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ശുപാർശ നൽകാൻ നിർദ്ദേശിച്ചത്.

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോർപ്പറേഷനുകളിലെയും എൻജിനിയറിംഗ് വിഭാഗത്തിൽ 138 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. അധികമായി ഫണ്ട് അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് തസ്തിക സൃഷ്ടിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഇ.എസ്.ഐ. ഡിസ്‌പെൻസറികളിലേക്ക് 162 പുതിയ തസ്തകകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഇളമ്പമുദാക്കൽ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് ഇളമ്പ വില്ലേജ് രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകി.

റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ പട്ടികവർഗ്ഗക്കാരായ 34 കുടുംബങ്ങൾക്ക് 2 ഏക്രവീതം 68 ഏക്കർ ഭൂമിക്ക് പട്ടയം നൽകാൻ തീരുമാനിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ