Friday, 22 September 2017 6.28 AM IST
ഫിഫ അണ്ടർ 17 :പ്രചാരണം നടത്തുമെന്ന് മന്ത്രി
September 14, 2017, 10:49 pm
തിരുവനന്തപുരം: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ പ്രചാരണത്തിന് സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റേയും കായിക യുവജനകാര്യാലയത്തിന്റേയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കായിക മന്ത്റി എ. സി. മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൺ മില്യൺ ഗോൾ, ദീപശിഖാ റിലേ, ബോൾ റൺ, സെലിബ്രി​റ്റി ഫുട്ബാൾ മത്സരങ്ങൾ എന്നിവ നടത്താനാണ് തീരുമാനമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ 27ന് വൈകിട്ട് മൂന്നു മുതൽ രാത്രി ഏഴു മണി വരെ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലി​റ്റികൾ, കോർപ്പറേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ പത്തു ലക്ഷം ഗോളുകൾ അടിക്കും. ലോകകപ്പിനെക്കുറിച്ചുള്ള വിവരം പരമാവധി പേരിൽ എത്തിക്കുന്നതിനാണ് വൺ മില്യൺ ഗോൾ പരിപാടി നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളിൽ രണ്ടു കേന്ദ്രങ്ങൾ വീതവും മുനിസിപ്പാലി​റ്റികളിൽ പത്തു കേന്ദ്രങ്ങൾ വീതവും കോർപ്പറേഷനുകളിൽ 15 കേന്ദ്രങ്ങൾ വീതവും ഇതിനായി സജ്ജീകരിക്കും. സംസ്ഥാനത്തെ ഏഴായിരം വിദ്യാലയങ്ങളും ഇതിൽ പങ്കാളികളാവും. ഒരു വ്യക്തിക്ക് ഒരു ഗോൾ അടിക്കാനാണ് അവസരം. ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ വോളന്റിയർമാരെ ചുമതലപ്പെടുത്തും. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏ​റ്റവും കൂടുതൽ ഗോളുകളടിക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലി​റ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് പ്രത്യേക സമ്മാനം നൽകും. കൂടുതൽ ഗോൾ അടിച്ച സെന്ററിനും സമ്മാനമുണ്ടാവും. കാസർഗോഡ് ജില്ലയിൽ നിന്ന് ഒക്‌ടോബർ മൂന്നിന് രാവിലെ 9 ന് ആരംഭിക്കുന്ന ദീപശിഖാ റിലേയ്ക്ക് ഫുട്ബാൾ താരങ്ങളായ ഐ. എം വിജയൻ, സി. കെ. വിനീത് എന്നിവർ നേതൃത്വം നൽകും. റിലേ ഒക്‌ടോബർ ആറിന് കൊച്ചിയിലെത്തും. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്ന് ഒക്‌ടോബർ മൂന്നിന് രാവിലെ 9 മണിക്ക് ബോൾ റൺ ആരംഭിക്കും. തെക്കൻ ജില്ലകളിൽ പര്യടനം നടത്തി ആറിന് കൊച്ചിയിൽ സമാപിക്കും. കായിക താരങ്ങളായ ജിജു ജേക്കബ്, എം. രാജീവ്കുമാർ, വി. പി. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്. ഇതോടൊപ്പം മൂന്ന് സെലിബ്രി​റ്റി ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കും. ചീഫ് മിനിസ്‌​റ്റേഴ്സ് ഇലവനും സ്പീക്കേഴ്സ് ഇലവനും ഒരു മത്സരത്തിൽ ഏ​റ്റുമുട്ടും. സിവിൽ സർവീസ് ടീമുകൾ തമ്മിലും മാദ്ധ്യമപ്രവർത്തകരുടെ ടീമുകൾ തമ്മിലുമുള്ള മത്സരങ്ങളുണ്ടാവും. തിരുവനന്തപുരം ,കോഴിക്കോട് ജില്ലകളിലാവും മത്സരങ്ങൾ നടക്കുക. ലോകകപ്പ് ഫുട്ബാളിന്റെ പ്രധാനവേദിയായ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്‌​റ്റേഡിയവും പരിശീലന മൈതാനങ്ങളും സജ്ജമായിട്ടുണ്ട്. മൈതാനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്കും മ​റ്റുമായി 47.33 കോടി രൂപ ചെലവഴിച്ചതായി മന്ത്റി പറഞ്ഞു. റോഡുകളുടെ അ​റ്റകു​റ്റപ്പണികൾക്കും കൊച്ചിയുടെ സൗന്ദര്യവത്കരണത്തിനും 17.77 കോടി രൂപ ചെലവഴിച്ചു. വൈദ്യുതിക്കും കുടിവെള്ളത്തിനുമായി ഒരു കോടി രൂപ അനുവദിച്ചു. കേന്ദ്ര സർക്കാർ 12.44 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി. പി. ദാസൻ, സ്‌പോർട്സ് സെക്രട്ടറി ബി. അശോക്, സ്‌പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ