പഞ്ചായത്തിന്റെ പദ്ധതികൾക്ക് പണം മുടക്കാൻ ആളിനെ തരാം
October 3, 2017, 3:00 am
ബി.ഉണ്ണിക്കണ്ണൻ
 

തിരുവനന്തപുരം: നഗരസഭകളിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കാൻ രൂപീകരിച്ച പാർട്ണർ കേരള മിഷൻ ഇനി ഗ്രാമങ്ങളിലും എത്തും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് സ്വകാര്യ സംരംഭകരിൽ നിന്ന് മിഷൻ തന്നെ പണം കണ്ടെത്തി നൽകും.
ഗ്രാമപഞ്ചായത്തുകളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ജനങ്ങൾക്ക് ഉപകാരപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. ലാഭത്തിന്റെ ഒരു വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കും. താല്പര്യമുള്ള പഞ്ചായത്തുകൾക്ക് വിജയസാദ്ധ്യതയുള്ള പദ്ധതിയുടെ രൂപരേഖ പാർട്ണർ കേരള മിഷൻ തയ്യാറാക്കി നൽകും. ഒരു രൂപ പോലും പഞ്ചായത്ത് ചെലവാക്കേണ്ട. പണം മുടക്കാൻ സ്വകാര്യ സംരംഭകരെ മിഷൻ കണ്ടെത്തും.
പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങൾ 30 വർഷത്തേക്ക് ഭൂമി വിട്ടുനൽകണം. പദ്ധതിയുടെ വരുമാനത്തിൽ നിന്ന് ഏറ്റവും കൂടുതൽ തുക തദ്ദേശ സ്ഥാപനത്തിന് നൽകാൻ തയ്യാറുള്ള സംരംഭകരുമായിട്ടാകും കരാറുണ്ടാക്കുക. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മിഷൻ സഹായിക്കും.
കരാർ അവസാനിക്കുമ്പോൾ ഭൂമിയും കെട്ടിടവും തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാകും.
ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാവുന്ന ഷോപ്പിംഗ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡ്, കൺവെൻഷൻ സെന്റർ, പാർക്കിംഗ് കേന്ദ്രങ്ങൾ, ഫ്ലൈ ഓവറുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന.

 നഗരങ്ങളിൽ 17 പദ്ധതികൾ ഉടൻ
നഗരസഭകളിൽ പാർട്ണർ കേരള മിഷൻ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ 17 പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകും. ഇവയുടെ കരാർ നടപടികൾ പുരോഗമിക്കുകയാണ്. 21 പദ്ധതികൾക്ക് നഗരസഭകളുടെ അനുമതി കിട്ടാനുണ്ട്.
2014ലാണ് പാർട്ണർ കേരള മിഷൻ രൂപീകരിച്ചത്. സർക്കാർ മാറിയപ്പോൾ പ്രവർത്തനം മന്ദഗതിയിലായി. പഞ്ചായത്തുകളിലേക്കും മിഷന്റെ പ്രവർത്തനം വ്യാപിക്കാൻ പുതിയ സർക്കാർ അനുമതി നൽകുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ