നക്ഷത്രം കൂട്ടി ബാർ തുറക്കാൻ നെട്ടോട്ടം
October 5, 2017, 12:33 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: സർക്കാരിൽ സമ്മർദ്ദം ചെലുത്തി ടൂ സ്റ്റാർ ബാറുകൾ കൂടി തുറപ്പിക്കാൻ നടത്തിയ ശ്രമം പാളിയതോടെ ടൂ സ്റ്റാറുകളുടെ പദവി കൂട്ടി ബാർ ലൈസൻസ് സമ്പാദിക്കാൻ ഹോട്ടലുടമകൾ നീക്കം തുടങ്ങി.

മുമ്പ് ടൂ സ്റ്റാർ പദവി ഉണ്ടായിരുന്ന 60 ഓളം ബാർ ഹോട്ടലുകളാണ് ത്രീ സ്റ്റാർ പദവിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള ദൂരപരിധിക്കുള്ളിൽ വരാത്തവയാണ് ഈ ഹോട്ടലുകൾ. ത്രീ സ്റ്റാർ ക്ളാസിഫിക്കേഷൻ കിട്ടാനായി ലക്ഷങ്ങൾ മുടക്കി ഇവർ ഹോട്ടലുകളിൽ നവീകരണജോലികൾ പൂർത്തിയാക്കി. കേന്ദ്ര ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അപ്രൂവൽ ആൻഡ് ക്ളാസിഫിക്കേഷൻ കമ്മിറ്റി (എച്ച്.ആർ.എ.സി.സി )യാണ് ക്ളാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത്. കേരളത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തേണ്ടത് ചെന്നൈ റീജിയണൽ ഓഫീസിൽ നിന്നുള്ളവരാണ്. സാധാരണഗതിയിൽ അപേക്ഷ സമർപ്പിച്ചാൽ മുൻഗണനാ ക്രമത്തിലാണ് കമ്മിറ്റി പ്രതിനിധികൾ പരിശോധനയ്ക്ക് വരാറുള്ളത്. ഇത്രയും അപേക്ഷകളിൽ പരിശോധന നടത്തി തീരുമാനമെടുക്കാൻ കുറെ സമയമെടുക്കും.

കർണാടകയിൽ മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും പുറമെ ടൗൺപഞ്ചായത്ത് എന്ന സംവിധാനം നിലവിലുണ്ട്. അവിടെ ടൗൺപഞ്ചായത്ത് പരിധിയിലെ റോഡുകളുടെ പദവി ഇളവുചെയ്തതു ചൂണ്ടിക്കാട്ടിയാണ് ടൂ സ്റ്റാർ ബാറുടമകൾ സർക്കാരിനെ സമീപിച്ചത്. എന്നാൽ അനുകൂലമായ തീരുമാനം അധികൃതരിൽ നിന്നുണ്ടായില്ല. മാത്രമല്ല, മുനിസിപ്പൽ കോർപറേഷൻ പരിധികളിലല്ലാതെ റോഡുകളുടെ പദവി മാറ്റില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.
പല ജില്ലകളിലും ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ക്ളാസിഫിക്കേഷന് അർഹമാവുന്ന തരത്തിലുള്ള പുതിയ ഹോട്ടലുകളുടെ നിർമാണം നടക്കുന്നുണ്ട്. ദേശീയ-സംസ്ഥാന പാതയോരങ്ങൾക്ക് അരികിലല്ലെങ്കിൽ മദ്യനയം അനുസരിച്ച് അവർക്കും ലൈസൻസ് നൽകിയേ തീരൂ.

സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 205 ബാറുകളാണ്. ഇതിൽ 34 ഫൈവ്സ്റ്റാറും ഉൾപ്പെടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ