അദ്ധ്യാപക പരിശീലനം പ്രഹസനമാക്കി വിദ്യാഭ്യാസ വകുപ്പ്
October 6, 2017, 12:10 am
കെ.എസ്.അരവിന്ദ്
തിരുവനന്തപുരം : ഓരോ അക്കാഡമിക്ക് ഘട്ടത്തിലെയും പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന് അദ്ധ്യാപകർക്ക് നൽകാറുള്ള ക്ലസ്റ്റർക്ലാസ് വിദ്യാഭ്യാസ വകുപ്പ് പ്രഹസനമാക്കുന്നു.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 5.92 ലക്ഷം പേരെഴുതുന്ന കമ്പനി ബോർഡ് കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടക്കുന്ന നാളെയാണ് ഓണപ്പരീക്ഷക്ക് ശേഷമുള്ള ആദ്യ ക്ലസ്റ്റർ ക്ലാസ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ എൽ.പി, യു.പി, ഹൈസ്ക്കൂൾ അദ്ധ്യാപകരാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്.
രാവിലെ 10മുതൽ 4വരെയാണ് സാധാരണ ക്ലസ്റ്രർ ക്ലാസ് സമയം. എന്നാൽ നാളെ 1.30ന് ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടക്കുന്നതിനാൽ 12.30തോടെ അദ്ധ്യാപകർ മാതൃസ്കൂളിൽ റിപ്പോർട്ട് ചെയ്യണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ധ്യാപകർ 11മണിയോടെ ക്ലാസുകളിൽ നിന്ന് ഇറങ്ങും. മറ്റു ചിലരാകട്ടെ ഭാര്യയ്ക്കും മക്കൾക്കും ദൂരസ്ഥലങ്ങളിൽ പി.എസ്.സി പരീക്ഷ എഴുതാൻ കൊണ്ടുപോകാനുള്ളതിനാൽ പലകാരണങ്ങൾ പറഞ്ഞ് ക്ലാസിൽ പങ്കെടുക്കില്ല.
പാഠ്യവിഷയങ്ങളുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകർക്ക് ജില്ലയിലെ ഒരു കേന്ദ്രത്തിൽ വച്ചാണ് ക്ലസ്റ്റർ നടക്കുക. പലരും ജോലിനോക്കുന്ന സ്കൂളിൽ നിന്ന് ഏറെ അകലെയായിരിക്കും ക്ലസ്റ്റർ കേന്ദ്രങ്ങൾ. അതിനാൽ ക്ലാസിലും ജോലിക്കും ഉച്ചയ്ക്ക് മുൻപ് ഓടിയെത്തുന്നകാര്യം വനിതാഅദ്ധ്യാപകരെ ഉൾപ്പെടെ വലച്ചിരിക്കുകയാണ്.
ഇതോടെയാണ് നാളെ നടക്കുന്ന ക്ലാസ് ഫലപ്രദമാകില്ലെന്ന ആക്ഷേപവുമായി അദ്ധ്യാപക സംഘടനകൾ രംഗത്തെയിരിക്കുന്നത്.
ഓണപ്പരീക്ഷയ്ക്ക് ശേഷമുള്ള വിലയിരുത്തലും ക്രിസ്മസ് പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളും ചർച്ചചെയ്യേണ്ട നിർണായകമായ ക്ലസ്റ്റർ ക്ലാസാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ അലഭാവം കാരണം പാഴാകുന്നത്. ഇതോടെ ക്ലസ്റ്ററിനായി സംസ്ഥാനത്തുടനീളം സർക്കാർ ചിലവഴിക്കുന്ന പണവും വെള്ളത്തിലാകുമെന്ന് അദ്ധ്യാപക സംഘടനാ പ്രതിനിധികൾ പറയുന്നു.

ക്ലസ്റ്റർ മാറ്റിവയ്ക്കണം
ക്ലസ്റ്റർ ക്ലാസുകൾ അദ്ധ്യാപകർക്ക് ഗുണകരമാകണം. നാളെത്തെ സാഹചര്യം പെട്ടെന്ന് ഉണ്ടായതല്ല. പി.എസ്.സി പരീക്ഷ കണക്കിലെടുത്ത് ക്ലാസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം. ഡി.പി.ഐ അടിയന്തമായി ഇടപെട്ട് ക്ലാസ് മാറ്റിവയ്ക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
- ജെ.മുഹമ്മദ് റാഫി
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി

മാറ്റാനാകില്ല
ശനിയാഴ്ച്ചയുള്ള ക്ലസ്റ്റർ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചാൽ അത് കുട്ടികളുടെ ക്ലാസിനെ ബാധിക്കും. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽ രണ്ടാംശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിൽ പരീക്ഷ നിശ്ചയിക്കരുതെന്ന് പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസംബർ വരെയുള്ളത് നിശ്ചയിച്ചു കഴിഞ്ഞുവെന്ന അറിയിപ്പാണ് ലഭിച്ചത്. പി.എസ്.സി അനുകൂലമായ തീരുമാനം കൈകൊണ്ടാൽ മാത്രമേ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ സാധിക്കൂ.
-കെ.വി.മോഹൻകുമാർ
ഡി.പി.ഐ

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ