Saturday, 21 October 2017 9.14 PM IST
ദേവപ്രീതി കൂട്ടുന്ന തീരുമാനം
October 7, 2017, 2:00 am
ആറ് ദളിതർ അടക്കം 36 അബ്രാഹ്മണർക്ക് ഒറ്റയടിക്ക് ശാന്തി നിയമനം നൽകിക്കൊണ്ടുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി ധീരവും വലിയൊരു മാറ്റത്തിന്റെ നാന്ദിയുമാണ്. എട്ടു പതിറ്റാണ്ടിനു മുമ്പു നടന്ന ഐതിഹാസികമായ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷമുണ്ടായ ഏറ്റവും മഹത്തായ സാമൂഹ്യ പരിഷ്കാരമായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. പൂജാരിയായി യഥാവിധി നിയമനം ലഭിച്ചിട്ടും ശ്രീകോവിലിനുള്ളിൽ കയറ്റാതെ അബ്രാഹ്മണനെ പുറത്തു നിറുത്തി ഭേദ്യം ചെയ്യാൻ ആളുകളുള്ള വർത്തമാനകാലത്താണ് അവരുടെയൊക്കെ നാവടപ്പിക്കാൻ പര്യാപ്തമായ തീരുമാനമുണ്ടായിരിക്കുന്നത്. ക്ഷേത്രപൂജ ബ്രാഹ്മണ വിഭാഗത്തിന്റെ കുത്തകയാണെന്ന ധാരണയും മിഥ്യാബോധവും ഈ ഒറ്റ ഉത്തരവുവഴി തിരുത്തിക്കുറിക്കപ്പെട്ടിരിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട ക്ഷേത്രങ്ങളിൽ ഒഴിവുള്ളയിടങ്ങളിലേക്കാവും നിയമനം ലഭിച്ച പുതിയ ശാന്തിമാരെ നിയോഗിക്കുക. ആകെ 62 ശാന്തിമാരെ തിരഞ്ഞെടുത്തതിൽ മുന്നാക്ക വിഭാഗത്തിൽപ്പെട്ട 26 പേരേയുള്ളൂ. പിന്നാക്ക വിഭാഗത്തിൽപ്പെട്ട 36 പേരിൽ പതിനാറു പേരും മെരിറ്റ് പട്ടികയിൽ ഉൾപ്പെട്ട് യോഗ്യത തെളിയിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്. ദളിത് വിഭാഗത്തിൽപ്പെടുന്ന ആറുപേരെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തിമാരായി നിയമിക്കപ്പെടുന്നതും ഇതാദ്യമാണ്. പി.എസ്.സി മാതൃകയിൽ എഴുത്തുപരീക്ഷയും അഭിമുഖവുമെല്ലാം നടത്തി യോഗ്യത അടിസ്ഥാനമാക്കിയാണ് പുതിയ ശാന്തിമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ആർക്കും ഇവരുടെ അറിവിനെയും പൂജാവിധികളിലുള്ള വൈദഗ്ദ്ധ്യത്തേയും ചോദ്യം ചെയ്യാനാവില്ല. കുലമഹിമ മാത്രമല്ല ക്ഷേത്ര ശാന്തിക്കാരനാകാൻ വേണ്ട യോഗ്യത. പൂജാവിധികളും താന്ത്രിക വിധികളും യഥാവിധി അഭ്യസിച്ചിട്ടുള്ള ആർക്കും പൂജാരിയാകാൻ തടസമില്ലെന്ന് പരമോന്നത കോടതിയുടെ ഉത്തരവ് ഇറങ്ങിയിട്ടുതന്നെ വർഷങ്ങളായി. ഏറെ വൈക്ളബ്യത്തോടെയാണെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏതാനും അബ്രാഹ്മണർക്ക് പൂജാരിമാരായി നിയമനവും നൽകിയിരുന്നു. ഇപ്രകാരം നിയമിക്കപ്പെട്ടവർ ശ്രീകോവിലിൽ കടന്നിരുന്ന് പൂജ ചെയ്യാൻ അനുഭവിക്കേണ്ടിവന്ന യാതനകൾ മറക്കാറായിട്ടില്ല. ഈ അടുത്ത നാളിൽ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ സഹപൂജാരിയായി നിയോഗിക്കപ്പെട്ട അബ്രാഹ്മണനായ സുധികുമാറിനെ അവിടെ നിന്ന് ഓടിക്കാൻ ജാതിക്കോമരങ്ങൾ പഠിച്ച പണിയൊക്കെ പയറ്റിയതാണ്. ദേവസ്വം ബോർഡ് പോലും ഒരു ഘട്ടത്തിൽ ഇക്കൂട്ടരുടെ ഭീഷണിക്കും സമ്മർദ്ദത്തിനു മുമ്പിൽ പതറിപ്പോയതാണ്. ജനവികാരവും നിയമനവും തങ്ങൾക്ക് അനുകൂലമല്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് അനവധി പ്രതിസന്ധിഘട്ടങ്ങൾ കടന്ന് ഒടുവിൽ സുധികുമാറിന് ചെട്ടികുളങ്ങര ക്ഷേത്ര ശ്രീകോവിലിൽ കടക്കാൻ അനുമതി ലഭിച്ചത്. ഇതിനു മുമ്പും എപ്പോഴൊക്കെ അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ഭീഷണിയും തടസവാദങ്ങളുമായി സവർണ്ണവിഭാഗങ്ങൾ കുഴപ്പമുണ്ടാക്കാൻ നോക്കിയിട്ടുണ്ട്. കാലത്തിന്റെ മാറ്റം അറിയാത്തവർ കാട്ടിക്കൂട്ടുന്ന ഇമ്മാതിരി പേക്കൂത്തുകൾ പുതുതായി നിയമനം ലഭിച്ച അബ്രാഹ്മണരായ 36 ശാന്തിമാർക്കും ഒരുപക്ഷേ നേരിടേണ്ടിവന്നേക്കാം. സമൂഹമാണ് അവർക്ക് രക്ഷയും തുണയുമാകേണ്ടത്. സംസ്ഥാനത്തെ മറ്റു ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളും അബ്രാഹ്മണ ശാന്തിമാർക്കായി വാതിൽ തുറക്കേണ്ടതുണ്ട്.
അബ്രാഹ്മണർ പൂജിച്ചാൽ ദേവീ ദേവന്മാർ ക്ഷേത്രങ്ങളെ കൈയൊഴിഞ്ഞു പോകുമെന്ന വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ടുകഴിഞ്ഞതാണ്. ക്ഷേത്രങ്ങളിൽ തങ്ങളുടെ മേൽക്കോയ്മ നിലനിറുത്താനുള്ള ഒരു കൂട്ടരുടെ അടവായേ ഇത്തരം വിശ്വാസത്തെ കാണേണ്ടതുള്ളൂ. തന്നെ തൊഴാനെത്തുന്നവരുടെ ജാതിയോ മതമോ കുലമോ സ്ഥിതിയോ ഒന്നും ദൈവത്തിനു പ്രശ്നമാകുകയില്ല. അതുപോലെ തന്നെയാണ് പൂജിക്കുന്നവന്റെ ജാതിയും കുലവും സംബന്ധിച്ച കാഴ്ചപ്പാടും. ഓരോ കാലത്ത് മനുഷ്യർ അവരുടെ സൗകര്യത്തിനും വിശ്വാസത്തിനുമനുസരിച്ച് രൂപപ്പെടുത്തിയ ആചാരങ്ങളും വിശ്വാസങ്ങളും ലോകം ഉള്ളിടത്തോളം അതേപടി നിലനിൽക്കണമെന്ന് ഇന്ന് ആരും വാശി പിടിക്കാറില്ല. ആചാര വിശ്വാസങ്ങളിൽ എന്തെന്തു മാറ്റങ്ങളാണ് ഇതിനകം ഉണ്ടായിരിക്കുന്നത്. ഏതു മാറ്റവും ഉൾക്കൊള്ളാൻ സമൂഹം സന്നദ്ധമാകുമ്പോഴാണ് പുരോഗതിയും ഉണ്ടാകുന്നത്. പൂജാരിയാകാൻ എഴുത്തു പരീക്ഷയും അഭിമുഖവും പാസാകണമെന്നു വരുന്നതുതന്നെ വിപ്ളവകരമായ മാറ്റമാണ്. പൂജയും മറ്റേതൊരു തൊഴിലും പോലെ അംഗീകരിക്കപ്പെടുകയാണിവിടെ. ദേവപ്രീതി ഇനി വർദ്ധിക്കുകയേയുള്ളൂ.
അബ്രാഹ്മണർ പൂജാരികളായ അനവധി ക്ഷേത്രങ്ങൾ ഇവിടെത്തന്നെ ഉണ്ട്. ദേവസ്വം ബോർഡിന് പുറത്തുള്ളവയാണെന്നു മാത്രം. അവിടെ ആരും ശാന്തിക്കാരുടെ ജാതിമഹിമയെച്ചൊല്ലി കലാപത്തിനു പോകാറില്ല. അവിടങ്ങളിലെ ദേവീദേവന്മാർ പൂജാരിക്ക് മഹിമ പോരെന്നു കുണ്ഠിതപ്പെട്ട് ഇറങ്ങിപ്പോയതായും കേട്ടിട്ടില്ല. പൊതു സ്വത്തായ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളാണ് ഉച്ചനീചത്വങ്ങളുടെ വിളനിലമായി തുടരുന്നത്. ഇതിനൊരു പൊളിച്ചെഴുത്തിനു തുനിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ ധീരമായ നടപടിയായി വേണം അബ്രാഹ്മണരുടെ കൂട്ട നിയമനത്തെ കാണാൻ, രാജ്യത്തിന്റെ ഇതര ഭാഗങ്ങൾക്കും മാതൃകയാക്കാനാവുന്ന ഉദാത്തമായ സാമൂഹ്യ പരിഷ്കാര നടപടിയാണിത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ