Saturday, 21 October 2017 9.17 PM IST
എന്നാൽ നമുക്കിനി ഹർത്താൽ നടത്താം
October 6, 2017, 12:15 am
ജനനേതാക്കളെന്നു പറയപ്പെടുന്നവരുടെ വിവരക്കേടും ധാർഷ്ട്യവും എത്ര അധികമാണെന്നു വ്യക്തമാക്കുന്നതാണ് ഈ മാസം 16ന് യു.ഡി.എഫ് നടത്താൻ പോകുന്ന ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടാൻവേണ്ടിയാണ് ഹർത്താൽ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫലത്തിൽ അത് തിരിഞ്ഞുകൊത്തുന്നത് സാധാരണ ജനത്തെത്തന്നെയാണ്. മറ്റാരെക്കാളും ഇത് നന്നായി മനസിലാക്കിയവർതന്നെയാണ് ഹർത്താലാഹ്വാനവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഹർത്താൽ ജനദ്രോഹ നടപടിയായതിനാൽ അതിനെതിരെ നിയമ നിർമ്മാണത്തിന് കരട് ബില്ലുപോലും തയ്യാറാക്കിയവരാണ് ഇപ്പോൾ യു.ഡി.എഫ്. നേതൃനിരയിലുള്ള സർവ്വരും. അധികാരത്തിലിരുന്ന കാലത്ത് ഹർത്താൽ നിഷിദ്ധസമരമുറയായിരുന്നെങ്കിൽ പ്രതിപക്ഷത്തായപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ അത് സ്വീകാര്യമായതെങ്ങനെയെന്ന് ചിന്തിക്കുന്നവർ നാട്ടിൽ ധാരാളമാണ്. മാത്രമല്ല, ഹർത്താലിനെതിരെ തലസ്ഥാനത്ത് രക്തസാക്ഷി മണ്ഡപത്തിൽ ഒരു പകലും രാത്രിയും നീണ്ട ഉപവാസം നടത്തി പ്രശംസ പിടിച്ചുപറ്റിയ ആളാണ് സംസ്ഥാന കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാനമൊട്ടുക്കും രാപകൽ ഉപവാസവും നടക്കുകയാണ്. ഇന്നലെ രാവിലെ പത്തുമണിക്ക് ആരംഭിച്ച ഉപവാസം ഇന്ന് പത്തുമണിക്കാണ് തീരുന്നത്. തങ്ങൾ ഉന്നയിക്കുന്ന ജനകീയ പ്രശ്നങ്ങൾ ജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽകൊണ്ടുവരാൻ ഇതുപോലുള്ള സമരമുറകൾകൊണ്ട് സാധിക്കുമെന്നിരിക്കെ നാടിനും നാട്ടാർക്കും മഹാദ്രോഹമായി മാറുന്ന ഹർത്താൽ കൂടി വേണമെന്ന് ശഠിക്കുന്നതിലെ ദുഷ്ടവികാരമാണ് മനസിലാകാത്തത്.
ഒക്ടോബർ 16 ഹർത്താലാചരണദിനമായി നിശ്ചയിച്ചതിലെ ഫലിതം തന്നെ ഒാർത്തോർത്തുരസിക്കാൻ വക നൽകുന്നതാണ്. ആദ്യം തിരഞ്ഞെടുത്ത തീയതി ഒക്ടോബർ 13 ആണ്. അത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനവും വന്നു. അപ്പോഴാണ് ആർക്കൊക്കെയോ ബോധോദയമുണ്ടായത്. കേരളം ഏറെ ശ്രമപ്പെട്ട് വാങ്ങിയ അണ്ടർ 17 ഫുട്ട്ബാൾ മത്സരങ്ങളിലൊന്ന് ഒക്ടോബർ 13ന് കൊച്ചിയിൽ നടക്കുകയല്ലേ?
ഹർത്താലിന് നടുവിൽ പന്തുകളി നടക്കുന്നതെങ്ങനെ? അതിനും വന്നു ഉടൻ പരിഹാരം. പന്തുകളി തുടങ്ങുന്നത് നാലുമണിക്കല്ലേ! കൊച്ചിയിൽ മാത്രം ഹർത്താൽ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് അവസാനിപ്പിക്കാം. ബുദ്ധിയും വിവേകവും പൂർണമായും നശിച്ചിട്ടില്ലാത്തവർ നേതൃത്വത്തിൽ ഉള്ളതുകൊണ്ടാവാം വീണ്ടും പുനഃശ്ചിന്തയുണ്ടായി. ഹർത്താൽ തീയതി ഒരുദിവസം പിന്നോട്ടാക്കി. അതും ഉറച്ചില്ല. അങ്ങനെയാണ് ഒടുവിൽ സർവ്വസമ്മതപ്രകാരം ഒക്ടോബർ 16 തിങ്കളാഴ്ച മുഹൂർത്തദിനമായി തിരഞ്ഞെടുത്തത്. രണ്ടാം ശനി, ഞായർ എന്നീ അവധി ദിനങ്ങൾക്കൊപ്പം തിങ്കളാഴ്ച ഹർത്താൽ മുടക്കം കൂടിയാകുമ്പോൾ തുടർച്ചയായി മൂന്നുദിവസം അവധിയാഘോഷിച്ചുരസിക്കാം. ഒരുമാതിരിപ്പെട്ട ജനകീയ പ്രശ്നങ്ങൾക്കെല്ലാം ഇതോടെ പരിഹാരവുമാകും. ഭരണംപോയതോടെ സമയം പോക്കാൻ വഴിയില്ലാതെ വിഷമിക്കുന്നവർക്ക് സമരവും നേരമ്പോക്കാവുകയാണ്. അന്നന്നത്തെ അഷ്ടിക്ക് വക തേടുന്ന പാവങ്ങളാണ് നേതാക്കളുടെ ഇത്തരം വീണ്ടുവിചാരമില്ലായ്മയുടെ ഫലമായി വിധിയെ ശപിച്ചു കഴിയുന്നതെന്ന കാര്യം മറക്കരുത്.
ഹർത്താൽ നടന്നാലുമില്ലെങ്കിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുൻ നിശ്ചയപ്രകാരം അന്താരാഷ്ട്ര ഫുട്ട്ബാൾ മത്സരം നടക്കുകതന്നെ ചെയ്യും. എന്നാൽ ഇത്തരത്തിലൊരു മഹാസംഭവം നടക്കുന്ന അവസരത്തിൽ ഹർത്താലുമായി അലമ്പുണ്ടാക്കാനുള്ള തീരുമാനവുമായി രംഗത്തുവന്നവരുടെ സംസ്കാര ശൂന്യത പൊറുക്കാവുന്നതല്ല. വീണ്ടുവിചാരമില്ലാത്ത ഇൗ തീരുമാനത്തിന്റെ പേരിൽ ഏറെനാൾ യു.ഡി.എഫ് നേതൃത്വം പഴി കേൾക്കുകതന്നെ ചെയ്യും. ഹർത്താൽ സമരമുറയോട് യു.ഡി.എഫിന് ആഭിമുഖ്യമില്ലെന്നാണ് കൺവീനർ പി.പി. തങ്കച്ചൻ പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കാൻ ഇതല്ലാതെ വേറെ വഴിയില്ലത്രെ. ഇത് കേട്ടാൽ തോന്നും ഹർത്താൽ കഴിയുന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നയപരിപാടികൾ അപ്പാടെ പൊളിച്ചെഴുതുമെന്ന്. ഹർത്താലിലൂടെ രാജ്യത്ത് ഏതെങ്കിലുമൊരു തീരുമാനം മാറ്റാൻ ഏതെങ്കിലും കക്ഷിക്ക് എപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ? വാലും തലയും പോയ കാലഹരണപ്പെട്ട സമരമുറയായി ഹർത്താൽ എന്നേ മാറിക്കഴിഞ്ഞു. അത് ഇനിയും തിരിച്ചറിയാത്തവർ ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ മാത്രമാണ്. ഹർത്താലിലൂടെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നുവെങ്കിൽ സംസ്ഥാനം എന്നേ സ്വർഗതുല്യമാകുമായിരുന്നു. വർഷത്തിൽ പകുതി ദിവസങ്ങളിലും സംസ്ഥാനത്ത് ഒരിടത്തെങ്കിലും ഹർത്താൽ നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിൽ പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുണ്ടായ അടികലശലിന്റെപേരിൽ ഇന്നലെ അവിടെ കോൺഗ്രസുകാരുടെ ഹർത്താലായിരുന്നു. വ്യക്തിപരമായ പ്രശ്നം മുൻനിറുത്തിയും ഹർത്താൽ സമരായുധമായി മാറുകയാണിവിടെ.
ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും നന്മയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ട രാഷ്ട്രീയ കക്ഷികൾ നിരന്തരസമരങ്ങളുമായി ജനങ്ങളുടെ സ്വൈര ജീവിതം ഭംഗപ്പെടുത്താൻ തുനിയുന്നത് മഹാകഷ്ടമാണ്. അധികാരത്തിലിരിക്കുമ്പോൾ മാത്രമേ ജനങ്ങളെ സഹായിക്കാനും സേവിക്കാനും കഴിയൂ എന്ന ധാരണ ശരിയല്ല. പ്രതിപക്ഷത്തിരുന്നാലും ജനങ്ങൾക്കുവേണ്ടി പലതും ചെയ്യാൻ കഴിയും. ഹർത്താൽ പോലുള്ള ദുഷ്ടസമര മുറകളിലൂടെ അല്ലെന്നുമാത്രം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ