ഐ.എ.എസുകാർക്കു വേണ്ട; ദേവസ്വം ബോർഡിന്റെ ഉന്നത പദവികൾ
October 6, 2017, 1:12 am
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: ദേവസ്വംബോർഡിലെ ഉന്നതസ്ഥാനങ്ങളിൽ കണ്ണുവച്ച് ഭരണകേന്ദ്രത്തിന്റെ ഇടനാഴികളിൽ പലരും ചരടുവലി നടത്തുമ്പോൾ വച്ചുനീട്ടിയ സ്ഥാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഐ.എ.എസുകാർ. ഭക്തിയും വിശ്വാസവുമൊക്കെ ആവശ്യമുള്ള ജോലിയായതിനാലല്ല. കേസും കുത്തിത്തിരിപ്പും കോഴയും കോടതികയറ്റവും ജാതിപ്പോരുമൊക്കെ നിറഞ്ഞ ലോകമാണവിടം എന്ന തിരിച്ചറിവാണ് ഐ.എ.എസുകാരുടെ താത്പര്യം കെടുത്തുന്നത്.
ദേവസ്വം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ എന്നീ തസ്തികകളിൽ ഐ.എ.എസുകാർ വരുന്നത് ദേവസ്വത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ സ്ഥാനത്തേക്ക് പല ഓഫീസർമാരുടെയും സമ്മതം ആരാഞ്ഞെങ്കിലും ആർക്കും ദേവസ്വത്തിലേക്ക് പോകാൻ താത്പര്യമില്ലെന്നാണ് അറിയിച്ചത്. കോടതി നിർദ്ദേശം പാലിക്കാൻ ശ്രമിച്ചു എന്നതിനപ്പുറം സർക്കാരിനും ഇക്കാര്യത്തിൽ താത്പര്യമില്ലെന്നതാണ് വാസ്തവം.
ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിലുള്ളവരാണ് ശബരിമല എക്സിക്യൂട്ടിവ് ഓഫീസർമാരായി വരുന്നത്. ചന്ദ്രശേഖരൻ ആണ് നിലവിൽ ചുമതലയിലിരിക്കുന്നത്. ശബരിമല സീസൺ അടുത്തതിനാൽ ഇനിയൊരു മാറ്റം തലപ്പത്തുണ്ടാവുന്നത് നല്ലതല്ലെന്ന നിലപാടിലാണ് ബോർഡ്. അതിനാൽ ചന്ദ്രശേഖരന്റെ സ്ഥാനത്തിന് ഈ സീസൺ കഴിയുന്നതുവരെ ഇളക്കം തട്ടില്ല. എന്നാൽ കോടതിയോട് മുഖംതിരിക്കാൻ ബോർഡിന് സാധിക്കില്ല. കോടതി നിർദ്ദേശത്തെ മറികടക്കാനായി ദേവസ്വം സ്പെഷ്യൽ റൂൾ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും അത് അംഗീകരിച്ചിട്ടില്ല. ദേവസ്വം ജീവനക്കാർക്ക് എത്തിച്ചേരാവുന്ന പരമാവധി ഉയരമുള്ള തസ്തികയാണ് കമ്മിഷണർ. ജോലി പരിചയവും പക്വതയും ആവശ്യമുള്ള പോസ്റ്റാണിത്. ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിലെത്തുന്നവരുടെ പ്രൊമോഷൻ പോസ്റ്റാവണം കമ്മിഷണർ തസ്തികയെന്നാണ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യൽ റൂൾസിൽ പറയുന്നത്. ദേവസ്വം സെക്രട്ടറിയും ഡെപ്യൂട്ടി കമ്മിഷണറുടെ പ്രൊമോഷൻ തസ്തികയാവണമെന്നാണ് നിർദ്ദേശം.
നിലവിൽ സർക്കാരോ ബോർഡോ നിർദ്ദേശിക്കുന്ന റിട്ടയേർഡ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരോ ജഡ്ജിമാരോ ആണ് ഈ തസ്തികയിൽ വരുന്നത്. രാഷ്ട്രീയ ഇച്ഛാശക്തിയാണ് നിയമനം ആർക്കെന്ന് തീരുമാനിക്കാറുള്ളത്. ഇത്തവണയും സർക്കാർ നിർദ്ദേശിച്ച മൂന്നുപേരും രാഷ്ട്രീയ ചായ്‌വുള്ളവരാണ്. ലിസ്റ്റ് കോടതി അംഗീകരിക്കാത്തതിനാൽ ദേവസ്വം കമ്മിഷണർ രാമരാജപ്രേമപ്രസാദ്‌ കാലാവധി കഴിഞ്ഞിട്ടും തുടരുകയാണ്. അടുത്തിടെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അബ്രാഹ്മണശാന്തി നിയമനം തന്ത്രിക്കുവേണ്ടി ഏകപക്ഷീയമായി റദ്ദുചെയ്തതിന്റെ പേരിൽ ബോർഡിന് കമ്മിഷണർ ഉണ്ടാക്കിയ നാണക്കേട് ഇനിയും മാഞ്ഞിട്ടില്ല. ഇത്തരം ജാതീയമായ പക്ഷഭേദങ്ങൾക്കുള്ള പ്രതിവിധിയാണ് ഈ തസ്തിക ഐ.എ.എസുകാരുടേതാകുമ്പോൾ ലഭിക്കുന്നത്. എന്നാൽ ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിൽ തഴക്കവും പഴക്കവും വന്നവർക്ക് നൽകാവുന്ന പദവിയാക്കി കമ്മിഷണർ തസ്തിക മാറ്റിയാൽ അധികാരത്തർക്കമില്ലാതെ മുന്നോട്ടുപോകാനാവും എന്ന നിലപാടിലാണ് ബോർഡ്. പ്രമുഖ സംഘടനകളും ബോർഡ് തീരുമാനത്തെ അനുകൂലിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ