Saturday, 21 October 2017 9.21 PM IST
റെയിൽവേയിൽ മാത്രമല്ല ദാസ്യവേല
October 10, 2017, 12:09 am
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ട് ഏഴുപതിറ്റാണ്ടായെങ്കിലും അവരുടെ കാലത്തെ കാലഹരണപ്പെട്ട വി.ഐ.പി സംസ്കാരം പല മണ്ഡലങ്ങളിലും ഇന്നും നിലനിൽക്കുകയാണ്. പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ റെയിൽവേയാണ് അതിലൊന്ന്. യജമാന-ഭൃത്യമനോഭാവം ഏറെ പ്രകടമാണ് അവിടെ. റെയിൽവേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അച്ചടക്കം കടുകട്ടിയായതുകൊണ്ട് താഴ്ന്ന തട്ടിലുള്ള ജീവനക്കാർ അതിരുവിട്ട് പ്രതിഷേധിക്കാൻ മുതിരുന്നില്ലെന്നേയുള്ളൂ. ട്രാക്ക് മാൻ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥന്മാരുടെ വീട്ടുജോലി ചെയ്യുന്ന കാലത്തിന് നിരക്കാത്ത സമ്പ്രദായം അവസാനിപ്പിക്കാൻ വകുപ്പുമന്ത്രി പിയൂഷ് ഗോയലിന്റെ നിർദ്ദേശപ്രകാരം റെയിൽവേ ബോർഡ് ഉത്തരവിറക്കിയെന്ന വാർത്ത പുറത്തുവരുമ്പോഴാണ് ഇത്തരത്തിലൊരു അടിമപ്പണി അവിടെ ഇത്രയും കാലം നിലനിന്നിരുന്നു എന്ന കാര്യം മാലോകർ അറിയുന്നത്.
ഉന്നതന്മാരുടെ വീട്ടുജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരും അവരവരുടെ നിശ്ചിത ലാവണത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. റെയിൽവേയിൽ പതിറ്റാണ്ടുകളായി നിലനിന്നുപോരുന്ന വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇൗ ഉത്തരവ്. ഏതാണ്ട് മുപ്പതിനായിരം ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിൽ ദാസ്യപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. റെയിൽവേ മന്ത്രാലയത്തിന്റെ സർക്കുലർ ഇറങ്ങിയതിനുശേഷം ഇവരിൽ ഏഴായിരത്തോളം പേർക്ക് വീട്ടുജോലികളിൽനിന്നു മോചനം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്നവരെയും താമസിയാതെ അവരവരുടെ ലാവണങ്ങളിലേക്ക് തിരിയെ അയയ്ക്കാനുള്ള നടപടി ഉണ്ടാകുമെന്നാണ് അറിയിപ്പ്. റെയിൽവേയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന മറ്റു മാമൂലുകളും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണത്രെ റെയിൽവേ ബോർഡ്. റെയിൽവേ ബോർഡ് ചെയർമാനും അംഗങ്ങളും സന്ദർശനത്തിന് വരുമ്പോൾ ജനറൽ മാനേജർ പരിവാര സമേതം ആർഭാട സ്വീകരണം ഒരുക്കുന്നതുൾപ്പെടെയുള്ള ആചാരങ്ങളൊന്നും മേലിൽ പാടില്ലെന്നാണ് കല്പന. അതുപോലെ മേഖലാ റെയിൽവേയുടെ ഉന്നതന്മാർക്ക് ഇപ്പോൾ താഴെതട്ടുകളിൽ ലഭിക്കുന്ന സ്വീകരണ സമ്പ്രദായവും തുടരേണ്ടതില്ലെന്നാണ് തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥർ യാത്രയ്ക്കായി പ്രത്യേക സലൂൺ ഏർപ്പാട് ചെ്യുന്ന രീതിക്കും മാറ്റം വരും. അവരും ഉയർന്ന സൗകര്യങ്ങൾ വെടിഞ്ഞ് എ.സി, ടൂ ടയറിലോ ത്രി ടയറിലോ സാധാരണ സ്ളീപ്പർ കാസിലോ യാത്ര ചെയ്യണമെന്നാണ് നിർദ്ദേശം. ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ മനസിലാക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
റെയിൽവേ ബോർഡിന്റെ സർക്കുലർ കാലത്തിന് നിരക്കുന്നതാണെന്നതിൽ രണ്ടുപക്ഷമില്ല. നിർദ്ദേശങ്ങൾ എത്ര കണ്ടുപാലിക്കപ്പെടുമെന്നാണ് അറിയേണ്ടത്. അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ ത്യജിക്കാൻ വലിയ വിഷമമായിരിക്കും. റെയിൽവേയിൽ മാത്രമല്ല മറ്റു മേഖലകളിലും കാണാം സമാനമായ വി.ഐ.പി സംസ്കാരം. രണ്ടോ മൂന്നോ ദിവസത്തെ വിദേശ സന്ദർശനത്തിനു തിരിക്കുന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും യാത്രയാക്കാനെത്തുന്ന വി.വി.ഐ.പികളിൽ ഒാരോരുത്തരുടെയും കൈയിൽ കാണും ഒാരോ വലിയ ബൊക്കെ അതുവാങ്ങി സമീപത്തുനിൽക്കുന്ന അംഗരക്ഷകരെ ഏല്പിക്കുന്ന വിശിഷ്ട വ്യക്തി അതിന്റെ നിറമെന്തെന്നുപോലും നോക്കാറില്ല. പര്യടനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും കാണാം ഇതുപോലുള്ള വ്യഥ ഉപചാരങ്ങൾ. ഉപേക്ഷിക്കപ്പെടേണ്ട ഇതുപോലുള്ള അനവധി ഉപചാരങ്ങളുടെ മഹാമേളമാണ് പൊതുരംഗത്ത് നിലനിൽക്കുന്ന വി.ഐ.പി സംസ്കാരം.
കേരളത്തിൽ ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ സ്ഥാനമേറ്റ ഉടനെ പുറത്തിറങ്ങിയ നിർദ്ദേശങ്ങളിലൊന്ന് മന്ത്രിമാരുടെ സ്വീകരണത്തിന് കുട്ടികളുടെ താലപ്പൊലി പാടില്ലെന്നതായിരുന്നു. താലപ്പൊലിയേ ഒഴിവായുള്ളു. മറ്റെല്ലാ ആർഭാടങ്ങളും ഉപചാരങ്ങളും ഒട്ടും കുറഞ്ഞിട്ടില്ല. പ്രമുഖരുടെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുന്നതിൽ സുപ്രീം കോടതി കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിരോധനം മറികടക്കാൻ വാഹനങ്ങളിൽ വലിയ ബോർഡുകൾ സ്ഥാപിച്ചാണ് വി.ഐ.പികൾ ചരിതാർത്ഥരാകുന്നത്.
ക്രമസമാധാന പാലനത്തിന് വേണ്ടത്ര പൊലീസുകാരില്ലാതെ വിഷമിക്കുമ്പോൾ ഉന്നതന്മാരുടെ വീട്ടുകാവലിനും വീട്ടുജോലിക്കുമായി എത്രയധികം പൊലീസുകാരാണ് നിയോഗിക്കപ്പെടുന്നത്. ജനങ്ങൾക്കുവേണ്ടി ജീവൻപോലും കളയാൻ മടിയൊന്നുമില്ലെന്നും ആവർത്തിച്ചു പ്രഖ്യാപിക്കാറുള്ള ജനനായകർക്കുപോലും ജനമദ്ധ്യത്തിലിറങ്ങുമ്പോൾ കാവലിന് നാലുചുറ്റും പൊലീസ് പടതന്നെ വേണമെന്നു നിർബന്ധമാണ്. സുരക്ഷ എന്നതിനെക്കാൾ സ്ഥാനവലിപ്പം കാട്ടാനുള്ള ഒരു ആഡംബരമാണിത്.
റെയിൽവേയിലെ മേലാളർക്ക് തങ്ങളുടെ വീട്ടുജോലിക്കായി ട്രാക്ക്‌‌‌മാന്മാരെ നിയോഗിക്കാൻ അവസരമൊരുക്കി 1981 ൽ റെയിൽവേ ബോർഡ് പ്രത്യേക ഉത്തരവുതന്നെ ഇറക്കിയിരുന്നു. ട്രാക്ക്മാന്മാരെ അടിമപ്പണിക്കാരാക്കിയ ഇൗ പിന്തിരിപ്പൻ ഉത്തരവ് റദ്ദാക്കാൻ 36 വർഷം വേണ്ടിവന്നു. ഭാരിച്ച ശമ്പളവും മറ്റനേകം ആനുകൂല്യങ്ങളും പറ്റുന്ന ഉന്നതന്മാർക്ക് സ്വന്തം പണം നൽകി ആവശ്യത്തിന് ഭൃത്യജനങ്ങളെ നിയോഗിക്കാൻ കഴിയുമെന്നിരിക്കെയാണ് റെയിൽവേയുടെ ചിലവിൽ ഇത്രയും കാലം ഇത് സാധിച്ചെടുത്തത്.
ഇൗ അടിമപ്പണി നിറുത്തലാക്കാനുള്ള വകുപ്പുമന്ത്രി പിയൂഷ് ഗോയലിന്റെ ധീര നിലപാടിനോട് റെയിൽവേയിലെ ഉന്നതന്മാർ എങ്ങനെ പ്രതികരിക്കുമെന്നത് കാണാനിരിക്കുന്നതേയുള്ളൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ