Saturday, 21 October 2017 9.14 PM IST
പെട്രോൾ കൊള്ളയെപ്പറ്റി ചർച്ച പോലുമില്ല
October 8, 2017, 2:00 am
വെള്ളിയാഴ്ച ഡൽഹിയിൽ സമ്മേളിച്ച ജി.എസ്.ടി കൗൺസിൽ ഇരുപത്തേഴ് ഉത്‌പന്നങ്ങളുടെ നികുതി കുറയ്ക്കാനും ചെറുകിട വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും ആശ്വാസം ലഭിക്കുമാറ് ഇളവുകൾ നൽകാനും തീരുമാനമെടുത്തു. കൂട്ടത്തിൽ സ്വർണമേഖലയ്ക്കുമുണ്ട് ചില്ലറ ആശ്വാസം. രണ്ടുലക്ഷം രൂപ വരെ വിലയ്ക്ക് സ്വർണം വാങ്ങാൻ ഇനി മുതൽ സ്വർണക്കടകൾ പാൻകാർഡ് ചോദിക്കുകയില്ല. കൈയിൽ കള്ളപ്പണമുള്ളവർക്ക് ഭയാശങ്ക കൂടാതെ തന്നെ സ്വർണം വാങ്ങാൻ വഴി തുറക്കുന്നതു കച്ചവടം കൂടുതൽ ഉഷാറാക്കും. കയറ്റുമതിക്കാർക്കും സ്വർണക്കടക്കാർക്കും ചെറുകിട മേഖലയ്ക്കും ചില്ലറ ആശ്വാസമെങ്കിലും നൽകാൻ തയ്യാറായ ജി.എസ്.ടി കൗൺസിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഇക്കുറിയും പാടേ വിസ്മരിച്ചിരിക്കുകയാണ്. 27 ഉത‌്‌പന്നങ്ങളുടെ നികുതി കുറച്ചത് വലിയ കാര്യമായി പറയുന്നുണ്ട്. അവയുടെ പട്ടിക പരിശോധിച്ചാലറിയാം അവകാശവാദത്തിലെ പൊള്ളത്തരം. ജി.എസ്.ടി നടപ്പാകുന്നതോടെ എല്ലാ ഇനം നിത്യോപയോഗ വസ്തുക്കൾക്കും വില കുറയുമെന്നായിരുന്നു പ്രഖ്യാപനം. അതിന്റെ ഇനം തിരിച്ചുള്ള പട്ടികയും കേന്ദ്രം പലവട്ടം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ എത്ര ഉത്പന്നങ്ങൾക്ക് വില കുറഞ്ഞു എന്നു പരിശോധിക്കുമ്പോഴറിയാം യഥാർത്ഥ വസ്തുത. സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഉപഭോക്താക്കളിൽ ഇതുവരെ എത്തിയിട്ടില്ല. വിപണിയുടെ മനഃശാസ്ത്രം അതാണ്. ഒരിക്കൽ ഉയരുന്ന വില പിന്നീട് താഴേക്കു വരാൻ വലിയ പാടാണ്. മറിച്ചാകണമെങ്കിൽ ഒന്നുകിൽ ഡിമാൻഡ് ഗണ്യമായി കുറയണം. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലാണെങ്കിൽ ഉത്‌പാദനം കണക്കറ്റ തോതിലാകണം. നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിൽ ശുപാർശ ചെയ്ത 27 ഉത്പന്നങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ ഇനത്തിൽ വരുന്നവയൊന്നുമില്ല. സേഫ്ടി പിൻ, പലയിനം മാലിന്യങ്ങൾ, നാടൻ കയർ, കയർ ഉത്‌പന്നങ്ങൾ തുടങ്ങിയവയാണു പട്ടികയിലുള്ളത്. വിശപ്പു മാറാൻ ഇവയൊന്നും പോരല്ലോ. ഒരുവശത്ത് ഇത്തരം ഉത്‌പന്നങ്ങൾക്ക് നികുതിയിളവു നൽകുമ്പോൾ മറുവശത്ത് ജനജീവിതം ദുസഹമാക്കി വിലക്കയറ്റം അരങ്ങുവാഴുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയർന്നുയർന്നു പോകുന്നതിന്റെ ആഘാതം നിത്യജീവിതത്തിന്റെ സർവമണ്ഡലങ്ങളിലും പ്രകടമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോളിയം നികുതിക്കൊള്ള ജി.എസ്.ടി കൗൺസിലിന്റെ പരിഗണനയ്ക്കു വന്നതേയില്ല. കേന്ദ്രമാണ് നികുതി കുറയ്ക്കേണ്ടതെന്ന് സംസ്ഥാനങ്ങളും സംസ്ഥാനങ്ങൾ നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രവും ശഠിക്കുകയാണ്. പെട്രോളിയം നികുതി വഴി നേടുന്ന അമിത വരുമാനത്തിൽ ചില്ലിക്കാശ് കുറയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറല്ലെന്നതാണ് വാസ്തവം.
ജി.എസ്.ടി പ്രാബല്യത്തിലായിട്ട് മൂന്നുമാസമായെങ്കിലും കച്ചവടക്കാരും ഹോട്ടലുകളും ഇതിന്റെ മറവിൽ നടത്തുന്ന പിടിച്ചുപറി തടയാൻ ഇതുവരെ സംവിധാനമൊന്നുമായിട്ടില്ല. ഹോട്ടൽ ഭക്ഷണത്തിന് ഈടാക്കുന്ന 18 ശതമാനം നികുതി 12 ശതമാനമായി കുറയ്ക്കുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചാണ് കഴിഞ്ഞ ദിവസം ജി.എസ്.ടി കൗൺസിൽ യോഗം പിരിഞ്ഞത്. കൗൺസിൽ അംഗങ്ങളെല്ലാവരും തന്നെ സർക്കാർ ചെലവിൽ ഉണ്ടുറങ്ങുന്നവരായതിനാൽ ഹോട്ടലുകൾ ഈടാക്കുന്ന കൊള്ളവിലയെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. എന്നാൽ ജി.എസ്.ടി യുടെ പേരിൽ ജനങ്ങൾ ഹോട്ടലുകളുടെ ചൂഷണത്തിന് നിസ്സഹായരായി നിന്നുകൊടുക്കേണ്ടിവരുന്ന സാഹചര്യത്തിന് അറുതി ഉണ്ടാവുകതന്നെ വേണം.
രാജ്യത്തൊട്ടാകെ ഒരൊറ്റ നികുതി ഘടന പ്രാബല്യത്തിലാകുമ്പോൾ ഉപഭോക്താവിന് ലഭിക്കുമെന്നു കരുതിയ ആശ്വാസമൊന്നും തന്നെ പ്രാപ്തമായില്ലെന്നതാണ് വസ്തുത. എന്നു മാത്രമല്ല ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും ജി.എസ്.ടിയുടെ പേരിൽ വില ഉയരുകയും ചെയ്തു. സേവനങ്ങളുടെ കാര്യത്തിലാകട്ടെ അധിക ഭാരം ഏറെ പ്രകടവുമാണ്. നിത്യോപയോഗ വസ്തുക്കളിന്മേൽ കൈവച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കിലും പുതിയ നികുതി ഘടന വരുന്നതിനു മുമ്പുണ്ടായിരുന്ന വിലയ്ക്ക് ഒരു സാധനവും വിപണിയിൽ ലഭ്യമല്ലെന്നത് പച്ചപ്പരമാർത്ഥമാണ്. അമിത വിലയ്ക്ക് കാരണം ജി.എസ്.ടിയാണെന്ന ധാരണ ജനങ്ങളിൽ പൊതുവേ പരന്നിട്ടുണ്ട്. ആ ധാരണ മാറ്റിയെടുക്കാൻ ജി.എസ്.ടി കൗൺസിൽ ഇനിയും ധാരാളം ഗൃഹപാഠങ്ങൾ ചെയ്യേണ്ടിവരും. ഗുണഫലങ്ങൾ നേരിൽ അനുഭവിക്കാൻ കഴിയുമ്പോഴാണല്ലോ ഏതൊരു
പരിഷ്കാരത്തിന്റെയും നന്മ തിന്മകൾ ബോദ്ധ്യപ്പെടുകയുള്ളൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ