Saturday, 21 October 2017 9.20 PM IST
പഴയ പ്രതാപം വീണ്ടെടുത്തില്ലെങ്കിലും
October 12, 2017, 2:00 am
നഷ്ടപ്പെടുത്തിയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രതിജ്ഞയോടെയാണ് ആലപ്പുഴയിൽ കയർ കേരള മേള രണ്ടുദിവസം മുൻപ് സമാപിച്ചത്. ഒരുകാലത്ത് അഞ്ചുലക്ഷത്തിലേറെ ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്ന കയർ വ്യവസായം ഇതിനകം തകർച്ചയുടെ നിരവധി ഘട്ടങ്ങൾ കടന്നുകഴിഞ്ഞു. പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാം സ്ഥാനത്തുനിന്ന കയർമേഖലയെ പുനരുദ്ധരിക്കാനും നവീകരിക്കാനും കയർ കേരളയോടനുബന്ധിച്ച് വ്യക്തമായ പദ്ധതികൾ മുന്നോട്ടുവച്ചിട്ടുണ്ട്. മുമ്പും ഇതുപോലുള്ള മേളകളിൽ ആകർഷകമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതാണ്. അവയിലധികവും നടപ്പിലായില്ലെന്നുമാത്രം. തെങ്ങുകൃഷിയിലും നാളികേര ഉത്പാദനത്തിലും രാജ്യത്ത് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയ കേരളം കയർ വ്യവസായ രംഗത്ത് പിന്നോട്ടുപോയതിന് കാരണങ്ങൾ പലതാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ടുള്ള പരിഷ്കാരങ്ങൾക്ക് മടിച്ചിടത്തുനിന്ന് തുടങ്ങുന്നു കയർ വ്യവസായത്തിന്റെ തകർച്ച. ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിച്ചിട്ടും അതിന്റെ നാലിലൊന്നുപോലും ചകിരിയാക്കി മാറ്റാൻ കഴിയുന്നില്ല. കയർ മേഖല ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ആവശ്യത്തിന് ചകിരി ലഭ്യമാകാത്തതാണ്. ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുപോലെ ചകിരിയും അന്യനാടുകളിൽനിന്ന് ഇറക്കുമതി ചെയ്താലേ ഇവിടെ കയർ ഫാക്ടറികൾ പ്രവർത്തിക്കുകയുള്ളു. ഇൗ സ്വയം കൃതാനർത്ഥതയ്ക്ക് മറ്റാരെയും കുറ്റംപറയാനാകില്ല. പാഴാക്കിക്കളയുന്ന കോടിക്കണക്കിന് തൊണ്ടിന്റെ ഒരു ഭാഗമെങ്കിലും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ ചകിരിക്ഷാമത്തിന് സ്ഥിരം പരിഹാരമാകുമായിരുന്നു. തൊണ്ടു സംഭരണത്തിന് ഇതിനകം കൊണ്ടുവന്ന പുതിയ സംരംഭങ്ങൾക്ക് കണക്കൊന്നുമില്ല. പദ്ധതികൾ കൊണ്ടുവന്നതല്ലാതെ അത് വിജയിപ്പിക്കണമെന്ന ആഗ്രഹം ആർക്കുമുണ്ടായില്ല.
കയർ വ്യവസായ പുനഃസംഘടനയ്ക്ക് 1400 കോടി രൂപയുടെ പദ്ധതിയാണ് പിണറായി സർക്കാർ ഇപ്പോൾ ആവിഷ്കരിച്ചിട്ടുള്ളത്. പഴയമട്ടിൽ പോയാൽ എങ്ങുമെത്താൻ പോകുന്നില്ലെന്ന തിരിച്ചറിവിന്റെ പാഠങ്ങൾ പുനഃസംഘടനാപദ്ധതികളിൽ കാണാനുണ്ട്. എല്ലാ തലങ്ങളിലും പൂർണ യന്ത്രവത്കരണം കൊണ്ടേ കയർമേഖലയ്ക്ക് ഉൗർജ്ജവും കരുത്തും പകരാനാവുകയുള്ളു. തൊണ്ടടിച്ച് കൈകൊണ്ടു കയർ പിരിച്ച് അതുകൊണ്ട് ചെറിയ ചവിട്ടിയും തടുക്കുമൊക്കെ ഉണ്ടാക്കി വിറ്റതുകൊണ്ട് കയർ വ്യവസായമോ അർദ്ധപട്ടിണിക്കാരായി തൊഴിലാളികളോ രക്ഷപ്പെടാൻ പോകുന്നില്ല. ചകിരി ഉത്പാദനം മുതൽ വൈവിദ്ധ്യപൂർണ്ണമായ ഉത്പന്നങ്ങളുടെ നിർമ്മിതിവരെ യന്ത്രവൽക്കരിച്ചാലേ പിടിച്ചുനിൽക്കാനാവൂ എന്ന സ്ഥിതിയാണിപ്പോൾ. അത് കണ്ടറിഞ്ഞുള്ള സമഗ്ര ആധുനികവൽക്കരണത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇവിടെത്തന്നെ യന്ത്രസാമഗ്രികൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. രണ്ടോ മൂന്നോ വർഷത്തിനകം കയർപിരി പൂർണമായും ഇലക്ട്രോണിക് റാട്ടുകളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിനായി കയർ തൊഴിലാളികൾക്ക് ഇത്തരം റാട്ടുകളിൽ പരിശീലനവും നൽകും.
ഉത്പന്നങ്ങളുടെ വൈവിദ്ധ്യത്തോടൊപ്പം അവ ജനങ്ങളിലെത്തിക്കാനും വിപുലമായ സന്നാഹങ്ങൾ വേണം. ആളുകൾ തേടിയെത്തുന്ന നിലയിലേക്ക് കയർ ഉത്പന്നങ്ങളുടെ വില്പനശാലകൾ ഉയരണം. വർഷംതോറും ഏതാനും മേളകൾ കൊണ്ടുമാത്രമായില്ല. ആകർഷകമായ പരസ്യങ്ങളും പ്രചരണവുമില്ലാതെ ഒരു ഉത്പന്നവും ഇക്കാലത്ത് ചെലവാകാൻ പോകുന്നില്ല. ഇതിനൊപ്പം തന്നെയാണ് ഉത്പന്നങ്ങളുടെ വിലയും. മേന്മ ഏറെയുണ്ടെങ്കിലും ഉയർന്ന വിലയാണ് കയറുല്പന്നങ്ങളിൽനിന്ന് സാധാരണക്കാരെ എന്നും അകറ്റിനിറുത്തുന്നത്. കയർമേഖല പൂർണമായും യന്ത്രവൽക്കരണത്തിലേക്ക് മാറുന്ന സാഹചര്യമുണ്ടായാൽ ഇതിനും മാറ്റം വരുത്താനാകും.
കയർ വ്യവസായ രംഗത്തേക്ക് അടുത്ത കാലത്ത് പ്രവേശിച്ച തമിഴ്നാട്, ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങൾ വളരെയധികം നേട്ടമുണ്ടാക്കുന്നുണ്ട്. കേരളം തമിഴ്നാട്ടിൽനിന്ന് ചകിരി വാങ്ങേണ്ട സ്ഥിതിയിലാണിപ്പോൾ. ആധുനികവൽക്കരണം പോലെതന്നെ പ്രധാനമാണ് തൊണ്ടുസംഭരണത്തിനായുള്ള സംവിധാനങ്ങളും. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ വിപുലശൃംഖലകൾവഴി അനായാസം നടപ്പാക്കാൻ കഴിയുന്ന സംരംഭമാണിത്. കയർ സംഘങ്ങളാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. ചകിരിക്കുവേണ്ടിയുള്ള ആശ്രിതത്വം ഇല്ലാതാക്കാൻ കഴിഞ്ഞാൽ വലിയൊരു പ്രതിസന്ധിയിൽ നിന്നാകും കയർമേഖല രക്ഷപ്പെടുക.
'കയർ-പൈതൃകവും നവീകരണവും' എന്നതായിരുന്നു കയർ കേരളയുടെ മുദ്രാവാക്യം. കയർ വ്യവസായ മേഖലയുടെ അഭിവൃദ്ധിയിൽ എപ്പോഴും നേട്ടമുണ്ടാക്കുന്നത് മുകൾത്തട്ടിലുള്ള വ്യവസായികളും ഇടത്തട്ടുകാരുമൊക്കെയാണ്. വ്യവസായത്തിന്റെ നട്ടെല്ലായ തൊഴിലാളികളുടെ സ്ഥിതി പണ്ടും ഇപ്പോഴും ദുരിതസമാനമാണ്. തൊഴിലാളികളുടെ ജോലിയും വേതനവും പൂർണമായും സംരക്ഷിക്കുന്ന നവീകരണ പദ്ധതിയായിരിക്കും നടപ്പാക്കുക എന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ട്. അഞ്ചുവർഷം കൊണ്ട് കയർ വ്യവസായ നവീകരണം പൂർത്തിയാകുമ്പോൾ ഇൗ രംഗത്ത് അവശേഷിക്കുന്ന തൊഴിലാളികളും പുറത്താകുന്ന ദുരവസ്ഥ വരാതെ നോക്കണം. വർഷത്തിൽ മുക്കാൽ പങ്കും തൊഴിലില്ലാതെ കഴിയേണ്ടിവരുന്ന കയർ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാൻ കഴിയുന്നതാകണം നവീകരണം യജ്ഞം. വർഷത്തിൽ കുറഞ്ഞത് 200 തൊഴിൽ ദിനങ്ങൾ എന്ന ഉറപ്പെങ്കിലും പാലിക്കപ്പെടണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ