കണ്ണുളളവർ കാണുന്നില്ല, ഈ കണ്ണ് പരിശോധകരെ
October 12, 2017, 1:01 am
എസ്. പ്രേംലാൽ
 ഇന്ന് കാഴ്ച ദിനം

തിരുവനന്തപുരം: ചെറിയ പ്രായം മുതൽ പല കാരണങ്ങളാൽ കാഴ്‌ച കുറയുന്നവരുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ സർക്കാർ ആശുപ്രതികൾ കണ്ണ് പരിശോധിച്ച് കാഴ്ച തിട്ടപ്പെടുത്തുന്ന ഒപ്റ്റോമെട്രിസ്റ്റുകൾ ഇല്ലാതെ വലയുന്നു.
ഒപ്റ്റോമെട്രിയിൽ യോഗ്യതയുള്ളവർ തൊഴിൽ രഹിതരായി നിൽക്കുമ്പോഴും ആശുപത്രികളിൽ ഇവരുടെ തസ്തികകൾ ഒഴിഞ്ഞു കിടന്നിട്ടും സർക്കാർ നിയമനം നടത്തുന്നില്ല. ഇന്ന് കാഴ്ചദിനം ആഘോഷിക്കുമ്പോൾ ഒപ്റ്റോമെട്രിസ്റ്റുകളുടെ ജോലി പ്രതീക്ഷ നിറവേറ്റാൻ അധികാരികളുടെ കണ്ണ് തുറക്കുമോ?
സർക്കാർ കണ്ണാശുപത്രികളിൽ എണ്ണൂറും ജനറൽ ആശുപത്രികളിൽ ഇരുന്നൂറും പേർ നിത്യവും കാഴ്ച പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. ജില്ലാ, താലൂക്കാശുകളിലെ സ്ഥിതിയും ഇങ്ങനെ തന്നെ.
ഒപ്റ്റോമെട്രിസ്റ്റ് ഇല്ലാത്തതിനാൽ പല ആശുപത്രികളിലും ഡോക്ടർമാർ തന്നെയാണ് ഈ ജോലി ചെയ്യുന്നത്.

ഒപ്റ്റോമെട്രിസ്റ്റിന്റെ ജോലി
രോഗിക്ക് എത്രമാത്രം കാഴ്ചക്കുറവുണ്ട് എന്ന് പ്രാഥമിക പരിശോധനയിലൂടെ തിട്ടപ്പെടുത്തുന്നത് ഒപ്റ്റോമെട്രിസ്റ്റ് ആണ്. അക്ഷരങ്ങളും അക്കങ്ങളും വായിപ്പിച്ച് കാഴ്ചക്കുറവിന്റെ തീവ്രത കണ്ടെത്തും. അന്ധതയ്‌ക്ക് പ്രധാന കാരണമായ തിമിരം കണ്ടെത്തുക, കണ്ണിലെ മർദ്ദം പരിശോധിച്ച് ഗ്ളോക്കോമ രോഗം നിർണ്ണയിക്കുക, കുട്ടികളിലെ നേത്ര വൈകല്യങ്ങൾ കണ്ടെത്തുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് ഇവരാണ്. ഇവർ നൽകുന്ന കുറിപ്പ് വച്ചാണ് ഡോക്ടർമാർ വിശദപരിശോധന നടത്തുന്നത്.

നീണ്ട കാത്തിരിപ്പ്
മെഡിക്കൽ കോളേജുകളിൽ നിന്ന് ഒപ്റ്റോമെട്രിയിൽ ബിരുദവും ഡിപ്ളോമയും പാസായവർ ജോലിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറേയായി. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമൊക്കെ ഒപ്റ്റോമെട്രിസ്റ്റ് തസ്തികകൾ ഒഴിവുണ്ട്. ആരോഗ്യ വകുപ്പിൽ 3000 തസ്തികകൾ സൃഷ്ടിച്ചപ്പോൾ ഒപ്റ്റോമെട്രിസ്റ്റിന് അനുവദിച്ചത് വെറും ഏഴെണ്ണമാണ്. ഇത്രയും തസ്തിക സൃഷ്ടിക്കുന്നത് തന്നെ 18 വർഷത്തിന് ശേഷമാണ്.

പ്രഖ്യാപനമുണ്ട്, തസ്തികയില്ല
ഒപ്റ്റോമെട്രിസ്റ്റിന്റെ 60 തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള തുക കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. എന്തുകൊണ്ട് തസ്തികകൾ സൃഷ്ടിക്കുന്നില്ലെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അനുകൂല നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചെങ്കിലും ആ ഫയലുകളൊന്നും കണ്ണ് തുറന്നില്ല.

ജനറൽ ആശുപത്രിയിൽ തസ്തികയില്ല

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒപ്റ്റോമെട്രിസ്റ്റിന്റെ ഒരു തസ്തിക പോലുമില്ല. രോഗികളുടെ തിരക്ക് നോക്കിയാൽ അനവധി തസ്തികകൾ ഉണ്ടാകേണ്ടതാണ്. നാല് ഡോക്ടർമാരാണ് ഇവിടെയുളളത്. ഇന്റേൺഷിപ്പിന് വരുന്ന വിദ്യാർത്ഥികളാണ് ഡോക്ടർമാരെ സഹായിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ