Saturday, 21 October 2017 9.20 PM IST
അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക്
October 12, 2017, 9:00 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം : സംസ്ഥാനത്ത് നഷ്ടത്തിലായിരുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ലാഭത്തിലായി. ട്രാവൻകൂർ ടൈറ്രാനിയം പ്രോഡക്ട്സ്, കേരള സ്റ്റേറ്ര് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ ഇൻ‌ഡസ്ട്രീസ് കേരള ലിമിറ്രഡ്, കെൽട്രോൺ, ആർട്ടിസാൻസ് ഡെവലപ് മെന്റ് കോർപറേഷൻ എന്നിവയാണ് നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്കെത്തിയത്. ഇതോടെ സംസ്ഥാനത്തെ 40 പൊതു മേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിലായവയുടെ എണ്ണം പത്തായി . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6 കമ്പനികളാണ് ലാഭത്തിലായിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയ്ക്കും ആഭ്യന്തര ഓ‌ഡിറ്രിനും വേണ്ടിയുള്ള റിയാബിന്റെ ഏറ്രവും പുതിയ റിപ്പോർട്ടിലാണ് ഇതുള്ളത്.

കേരള മിനറൽ ആൻഡ് മെറ്രൽസ് ലിമിറ്രഡ്, മലബാർ സിമന്റ്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, ഫോറസ്റ്ര് ഇൻ‌ഡസ്ട്രീസ് ലിമിറ്രഡ്, കെ.എസ്.ഐ.ഡി.സി എന്നിവയാണ് ലാഭത്തിലുള്ള മറ്ര് സ്ഥാപനങ്ങൾ. ഇതിൽ മലബാർ സിമന്റ്സിന്റെ ലാഭം 11.5 കോടിയിൽ നിന്ന് 48 ലക്ഷത്തിലേക്ക് ഇടിഞ്ഞു. കെ.എം.എം.എല്ലിന്റെ ലാഭം 5.37 കോടിയിൽ നിന്ന് 53.01 കോടിയിലേക്കും ടി.സി.സിയുടേത് 8 ലക്ഷത്തിൽ നിന്ന് 8.18 കോടിയായും കുതിച്ചു. കെ.എം.എം.എല്ലിന്റെ വിറ്റുവരവ് 212.31 കോടിയിൽ നിന്ന് 184.73 കോടിയായി കുറഞ്ഞു. നേരത്തെ നഷ്ടത്തിലായിരുന്ന 34 കമ്പനികളുടെ ആകെ നഷ്ടം കുറയുകയും ലാഭത്തിലായിരുന്ന കമ്പനികളുടെ ലാഭം കൂടുകയും ചെയ്തിട്ടും മൊത്തം വിറ്രുവരവ് കുറഞ്ഞു. 40 കമ്പനികളുടേയും ആകെ വിറ്റുവരവ് കഴിഞ്ഞ വർഷം ആദ്യപാദം 698.35 കോടിയായിരുന്നെങ്കിൽ ഈ വർഷം അത് 646.15 കോടിയിലേക്ക് താഴ്ന്നു.

 ടൈറ്റാനിയം
കഴിഞ്ഞ വർഷത്തെ നഷ്ടം : 66ലക്ഷം
ഇപ്പോഴത്തെ ലാഭം : 8.57 കോടി

 കെൽട്രോൺ
കഴിഞ്ഞ വർഷത്തെ നഷ്ടം : 10.66 കോടി
ഇപ്പോഴത്തെ ലാഭം : 44 ലക്ഷം

കെ.എസ്.ഡി.പി
കഴിഞ്ഞ വർഷത്തെ നഷ്ടം : 1.55 കോടി
ഇപ്പോഴത്തെ ലാഭം : 21 ലക്ഷം

 സ്റ്റീൽ ഇൻ‌ഡസ്ട്രീസ് കേരള
കഴിഞ്ഞ വർഷത്തെ നഷ്ടം : 3 ലക്ഷം
ഇപ്പോഴത്തെ ലാഭം : 4 ലക്ഷം

 ആർട്ടിസാൻസ് കോർപറേഷൻ
കഴിഞ്ഞ വർഷത്തെ നഷ്ടം : 56,000
ഇപ്പോഴത്തെ ലാഭം : 4 ലക്ഷം

ഭരണസമിതികൾ ശക്തിപ്പെടുത്തണം
കമ്പനികളുടെ നടത്തിപ്പ് കൂടുതൽ പ്രൊഫഷണൽ ആക്കുകയും ഗേവണിംഗ് ബോഡികളെ കൂടുതൽ ശക്തിപ്പെടുത്തുകയും നിർണായക സ്ഥാനങ്ങളിലെ ഒഴിവുകൾ നികത്തുകയും ചെയ്യണമെന്ന് റിയാബ് നിർദ്ദേശിച്ചു.

സർക്കാർ നൽകിയത് 191 കോടി
11 പൊതുമേഖലാ സ്ഥാപനങ്ങളിലെ പദ്ധതികൾക്കായി 141 കോടിരൂപസംസ്ഥാന സർക്കാർ നൽകി. ഇതു കൂടാതെ പ്രവർത്തന മൂലധനമായി 50 കോടിയും നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ