കേരളത്തിന്റെ രാഷ്ട്രീയ താപനില മാറുന്നു
October 12, 2017, 2:05 am
സി.പി. ശ്രീഹർഷൻ
സോളാർ അഴിമതിക്കേസന്വേഷിച്ച ജുഡിഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട നടപടികളുടെ രാഷ്ട്രീയമാനം വലുതും വിശാലവുമാണ്. ഒന്നാമത്തേത്, കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ ഇത്രയും ശക്തമായ നടപടി ഇതിന് മുമ്പുണ്ടായിട്ടില്ലെന്നതു തന്നെ. അതും പ്രമുഖരാഷ്ട്രീയപ്പാർട്ടിയിലെ പ്രബലർ കൂട്ടത്തോടെ നടപടി നേരിടേണ്ടിവരുമ്പോൾ.
മാറാട് കൂട്ടക്കൊലക്കേസന്വേഷിച്ച ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് പോലും ഭാഗികമായി അംഗീകരിച്ചാണ് അന്നത്തെ സർക്കാർ നിയമസഭയിൽ വച്ചതെങ്കിൽ രാഷ്ട്രീയകേരളത്തെ ഒരുപോലെ ഇക്കിളിപ്പെടുത്തുകയും ഇളക്കിമറിക്കുകയും ചെയ്ത സോളാർ കേസിൽ റിപ്പോർട്ട് അതേപടി അംഗീകരിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. വെറുതെ അംഗീകരിക്കുകയല്ല, മറിച്ച് റിപ്പോർട്ടിലെ കണ്ടെത്തലുകളിന്മേൽ അഴിമതിക്കേസും ക്രിമിനൽകേസും എടുക്കാൻ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച വിഷയത്തിൽ അഴിമതി, സ്ത്രീപീഡനം, കേസ് അട്ടിമറിക്കൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അതിനനുസരിച്ച കേസ് നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നു എന്നത് കേരള രാഷ്ട്രീയത്തിൽ കാലാകാലങ്ങളായി കണ്ടുവരുന്ന പതിവ്ശീലങ്ങൾക്ക് നിരക്കുന്നതല്ല. പരസ്പരം ആരോപണ- പ്രത്യാരോപണങ്ങളുയർത്തുമ്പോഴും നടപടികളിലേക്ക് കടക്കുമ്പോൾ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് വഴിമാറുമെന്ന ആക്ഷേപങ്ങൾക്ക് മറുപടിയാകുന്നത് യു.ഡി.എഫിലെ പ്രബലർക്കെതിരെ കൂട്ടത്തോടെ നടപടിക്ക് തീരുമാനിച്ചതോടെയാണ്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആര്യാടൻ മുഹമ്മദും അടങ്ങുന്ന കോൺഗ്രസ് നേതൃനിരയിലെ പ്രബലരാണ് ആരോപണത്തിന്റെ കരിനിഴലിലകപ്പെട്ടിരിക്കുന്നത്.
ഇത് കേരളത്തിലെ കോൺഗ്രസിനേല്പിക്കുന്നത് ആഘാതം കനത്തതാണ്. പ്രത്യേകിച്ച് ഒന്നര വർഷത്തിനപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ യു.ഡി.എഫ് നേതാക്കളെ വേട്ടയാടാൻ ഇടതുപക്ഷത്തിന് ഇതൊരു തീർച്ചമൂർച്ചയുള്ള ആയുധമാകുമെന്നുറപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ തുണച്ചതിലെ ഘടകങ്ങളിലൊന്ന് ബാർ കോഴക്കേസ് പോലെ സോളാർ കേസുമായിരുന്നു. വിജിലൻസ് കേസായാലും ക്രിമിനൽ കേസായാലും ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്ന അന്വേഷണനടപടികൾ നീണ്ടുപോയേക്കാം. അങ്ങനെ നീണ്ടുപോകുമ്പോഴും ഉമ്മൻ ചാണ്ടിയെ പോലൊരു മുതിർന്ന നേതാവിനെ ആരോപണങ്ങൾ വേട്ടയാടും. കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടമാണ്. അതിന്റെ ഭാഗമായുള്ള അസ്വസ്ഥതകൾ കേരളത്തിലെ പാർട്ടിക്കുള്ളിൽ പുകയുന്നുമുണ്ട്. പ്രബല ഗ്രൂപ്പുകളായ എയും ഐയും വീതംവയ്പ് നടത്തുന്നുവെന്ന ആക്ഷേപം ഇരുഗ്രൂപ്പുകളിലുമില്ലാത്ത നേതാക്കൾ ഉയർത്തുന്നു. ഈയൊരു സന്ദിഗ്ധഘട്ടത്തിലാണ് ഇടിത്തീ പോലെ സോളാർ കമ്മിഷൻ റിപ്പോർട്ടെന്ന ഇരുതലമൂർച്ചയുള്ള വാൾ പാർട്ടി നേതൃത്വത്തിന് മേൽ വന്നുപതിക്കുന്നത്.
റിപ്പോർട്ടിലാകട്ടെ, എ ഗ്രൂപ്പിനാണ് കനത്ത അടിയേറ്റിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐക്ക് താരതമ്യേന ആശ്വാസമുള്ള റിപ്പോർട്ടെന്ന് വേണമെങ്കിൽ പറയാം. കെ.സി. വേണുഗോപാലിനെയും എ.പി. അനിൽകുമാറിനെയും പോലുള്ള ഐ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും എയ്ക്കുള്ളിൽ നിന്നുടലെടുത്ത് പോന്ന 'കലാപസ്വര'ത്തെ തൽക്കാലത്തേക്കെങ്കിലും അടിച്ചിരുത്താൻ ഐ പക്ഷത്തെ ഇത് സഹായിക്കും. എ.ഐ.സി.സി ജനറൽസെക്രട്ടറിയായ കെ.സി. വേണുഗോപാൽ ഇപ്പോൾ ഐ ഗ്രൂപ്പിന്റെ ചെറിയ കള്ളിയിലൊതുങ്ങി നിൽക്കുന്നയാളല്ലെന്നതും പറയണം.
ദേശീയതലത്തിലാണെങ്കിൽ കോൺഗ്രസിന് ഒട്ടും സന്തോഷിക്കാൻ വക നൽകുന്നതാവില്ല സോളാർ കേസ് നടപടി. തളർന്നുകിടക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശക്തമായ ഘടകങ്ങളിലൊന്ന് കർണാടകം കഴിഞ്ഞാൽ കേരളമാണ്. അവിടെ നേതൃത്വത്തെ അടിച്ചിരുത്തുന്ന ഒരു രാഷ്ട്രീയതീരുമാനം സർക്കാരിൽ നിന്നുണ്ടാകുമ്പോൾ എങ്ങനെ സന്തോഷിക്കാനാകും? ഗുജറാത്തിലും മറ്റും വൈകാതെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഘട്ടത്തിൽ ബി.ജെ.പി ദേശീയതലത്തിൽ കോൺഗ്രസിനെതിരെ കേരളത്തിലെ വിവാദവിഷയവും ഒരായുധമാക്കിയേക്കാം.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണത്തിൽ നിന്നിനിയും പൂർണമായി മറികടക്കാനാവാത്ത കേരളത്തിലെ യു.ഡി.എഫിനെ ഒന്നുകൂടി തളർത്തുകയാണ് സി.പി.എമ്മും ഇടതുമുന്നണിയും പുതിയ തീരുമാനത്തിലൂടെ. വേങ്ങര ഉപതിരഞ്ഞെടുപ്പിന് പോളിംഗ്ബൂത്തിലേക്ക് വോട്ടർമാർ നീങ്ങുന്ന ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ പൊട്ടിച്ച വെടി, നാലാംകിട രാഷ്ട്രീയക്കളിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചാലും അത് മാത്രമല്ല കാര്യം. വേങ്ങരയിൽ അദ്ഭുതം ഇടതുപക്ഷം പ്രതീക്ഷിക്കുന്നില്ല. എന്നാൽ അഞ്ഞൂറ് വോട്ട് കുറഞ്ഞാൽ അതും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് വേങ്ങരയിൽ. അതിന് സോളാർ റിപ്പോർട്ട് ഉപകരിച്ചെങ്കിലായെന്ന് മാത്രം. വേങ്ങരയിൽ രാഷ്ട്രീയനേട്ടത്തിനാണെങ്കിൽ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഒരു ഘട്ടത്തിലും പിണറായി വിജയനോ, എന്തിന് വി.എസ്. അച്യുതാനന്ദനോ പോലും സോളാർവിഷയം പരാമർശിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ടി.കെ. ഹംസ മാത്രമാണ് പ്രചരണവേളയിൽ വിഷയം ഒരിക്കൽ പരാമർശിച്ചത്.
ജനരക്ഷായാത്രയുടെ പരാജയത്തോടെ ഒന്നുകൂടി മുഖം നഷ്ടപ്പെട്ട ബി.ജെ.പിയെ സഹായിക്കാൻ ഇപ്പോൾ സോളാർ പൊടിതട്ടിയെടുത്തുവെന്ന ആക്ഷേപം മുഖ്യമന്ത്രിക്കെതിരെ ചില കേന്ദ്രങ്ങളുയർത്തുന്നുണ്ട്. എന്നാൽ, ഇടതുപക്ഷം കൊട്ടിഘോഷിച്ച സോളാർകേസും ഉണ്ടയില്ലാ വെടിയായെന്ന് ഇന്നലെ വരെ ആക്ഷേപിച്ചവരാണ് ഇന്ന് ഈ ആക്ഷേപമുയർത്തുന്നത് എന്നതാണ് സി.പി.എം നേതൃത്വത്തിന്റെ ഇതിനുള്ള മറുപടി. സെക്രട്ടേറിയറ്റ്നടയിലെ വിവാദമായ ഉപരോധസമരം പിൻവലിച്ച് ഒത്തുകളിച്ചെന്ന ആക്ഷേപത്തിനും മറുപടിയാണ് നടപടിയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കുന്നു. സമീപകാലത്ത് പൊലീസിൽ നിന്ന് മുഖം നോക്കാതെ നടപടിയുണ്ടാകുന്നുവെന്ന് നടിക്കെതിരായ പീഡനക്കേസിൽ നടൻ ദിലീപിനെതിരെ ഉണ്ടായ നടപടിയും തെളിയിച്ചതാണ്. അതിന്റെ തുടർച്ചയായി സോളാർകേസിലെ നടപടി വരുമ്പോൾ, അത് മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കുന്ന പ്രതിച്ഛായാനേട്ടം ചെറുതല്ല. രാഷ്ട്രീയ പകപോക്കലെന്ന് യു.ഡി.എഫ് നേതാക്കളുടെ ആക്ഷേപത്തിന് സി.പി.എം നൽകുന്ന മറുപടി, ലാവ്‌ലിൻ കേസിൽ വിജിലൻസ് അന്വേഷണം അന്നത്തെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നില്ലേ എന്നോർമ്മിപ്പിച്ചാണ്.
യു.ഡി.എഫ് പ്രതിരോധത്തിലാകുമ്പോൾ കേരളത്തിൽ ബി.ജെ.പി ഇതൊരവസരമായെടുക്കും. യു.ഡി.എഫ് ക്ഷീണിക്കുമ്പോൾ പകരം കയറിവരുന്നതിന് ബി.ജെ.പി രാഷ്ട്രീയത്തിന് പരിമിതിയുണ്ടെന്നുള്ള ബോദ്ധ്യമാണ് ഇവിടെ സി.പി.എമ്മിനെ നയിക്കുന്നത്. പ്രത്യേകിച്ച് മതന്യൂനപക്ഷമേഖലകളിലും മറ്റുമുള്ള സ്വാധീനക്കുറവ് കണക്കിലെടുക്കുമ്പോൾ. ആത്യന്തികമായി ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഇടതുപക്ഷത്തെ ഒന്നുകൂടി ബലപ്പെടുത്തുക മാത്രമാണ്. പുതിയ രാഷ്ട്രീയസംഭവവികാസങ്ങളോടെ, ഫലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിസന്ധികളെ മറികടക്കുകയെന്നത് യു.ഡി.എഫ് രാഷ്ട്രീയത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയായി മാറുകയാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ