ചെട്ടികുളങ്ങരയിൽ തന്ത്രിയുടെ കുതന്ത്രം ശമിക്കുന്നില്ല : അബ്രാഹ്മണശാന്തി ശ്രീകോവിലിൽ കയറണ്ട
October 11, 2017, 11:50 pm
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: തന്ത്രിയുടെ ബ്രാഹ്മണ്യകുതന്ത്രത്തെ അതിജീവിച്ച് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കീഴ്‌ശാന്തിയായെത്തിയ സുധികുമാർ ഇപ്പോഴും ശ്രീകോവിലിനു വെളിയിൽത്തന്നെ. അബ്രാഹ്മണനെ ശ്രീകോവിലിൽ കയറ്റരുതെന്ന് മാനേജർക്കു നിർദ്ദേശംനൽകി കുതന്ത്രം തുടരുകയാണ് ക്ഷേത്ര തന്ത്രി. ''ക്ഷേത്രത്തിനുള്ളിലെ അവഗണനയ്ക്ക് ഇനി ആരോടു പരാതി പറയാനാണ്...'' ദേവിയിൽ മനസർപ്പിച്ച് സുധികുമാർ പറയുന്നു:

ദേവിക്ക് നേദിക്കാനുള്ള പായസം ഉണ്ടാക്കാൻ അനുവദിക്കും. എന്നാൽ അതുമായി അകത്തേക്കുചെല്ലാൻ അനുവദിക്കില്ല. പുറത്തുകൊണ്ടുപോയി വയ്ക്കണം. നിനക്ക് നിവേദ്യം നന്നായി ഉണ്ടാക്കാൻ അറിയില്ല. അതിൽ മുഴുവൻ മണ്ണാണ് എന്ന് മേൽജാതിക്കാർ പരാതിയുണ്ടാക്കുന്നു. ക്ഷേത്രം മാനേജരും വിജിലൻസും വന്ന് നിവേദ്യം പരിശോധിച്ചു. ഒരുതരി മണ്ണ് കണ്ടില്ല. എന്നിട്ടും തന്ത്രിയും മറ്റും ആരോപണം പിൻവലിക്കാൻ തയ്യാറായില്ല. വൃശ്ചികമാസത്തിൽ നടക്കുന്ന ജീവത എഴുന്നള്ളിപ്പിനുമുമ്പേ എന്നെ പുകച്ചുചാടിക്കുമെന്നാണ് ഇവർ പറയുന്നത്. ആദ്യം മുതൽ എന്റെ നിയമനത്തെ എതിർത്തവർക്കെല്ലാം ഇതിൽ പങ്കുണ്ട്. ഞാൻ നിയമിതനായശേഷം മറ്റ് രണ്ട് കീഴ്ശാന്തിമാരെയും ശ്രീകോവിലിൽ കയറ്റുന്നില്ല. ഞാനെത്തുന്നതിന് രണ്ടു ദിവസം മുമ്പുവരെ അവരെ അനുവദിച്ചിരുന്നതാണ്. അവരെ കയറ്റിയാൽ എന്നെയും കയറ്റേണ്ടിവരുമല്ലോ എന്നു കരുതിയാണ് ആരെയും കയറ്റണ്ട എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. പകരം ദേവസ്വം ബോർഡിന്റെ ശാന്തിക്കാരൻ അല്ലാത്ത, ബോർഡിന്റെ അംഗീകാരംപോലുമില്ലാത്ത, മേൽശാന്തിയുടെ സഹായിയായ പതിനേഴ് വയസുകാരനെയാണ് ശ്രീകോവിലിനകത്ത് നിറുത്തിയിരിക്കുന്നത്. ഈ സഹായിയാണ് ശ്രീകോവിലിനകത്ത് നിന്നുള്ള നേദ്യം എത്തിക്കുന്നത്. പലരും എന്നോട് മിണ്ടാറുപോലുമില്ല. 13 വർഷം സർവീസുള്ള ശാന്തിക്കാരനാണ് ഞാൻ.

ഒരാഴ്ച മുമ്പാണ് സുധികുമാർ ചുമതലയേറ്റത്. അതിനിടെ സുധികുമാറിന്റെ നിയമനം തടയുമ്പോൾ പകരമായി വന്ന കീഴ്ശാന്തി വിഷ്ണുനമ്പൂതിരി സുധികുമാറിനെയും ബോർഡിനെയും പ്രതികളാക്കി കേസുകൊടുത്തു. കേസ് ഹൈക്കോടതി പരിഗണിച്ചിട്ടില്ല.

ആഘോഷത്തിന്റെ മറുവശത്ത് അയിത്തം
ദളിതർ ഉൾപ്പെടെയുള്ള അബ്രാഹ്മണരെ ദേവസ്വം ക്ഷേത്രങ്ങളിൽ ശാന്തിമാരാക്കിയതിന്റെ ആഘോഷത്തിലാണ് സർക്കാരും പൊതുസമൂഹവും. എന്നാൽ ഇതിനൊരു നിമിത്തമെന്നപോലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിയമിതനായ സുധികുമാറിനുനേരെ നടക്കുന്ന അതിനിന്ദ്യമായ മനുഷ്യാവകാശ ലംഘനത്തിന് ഇനിയും പരിഹാരമുണ്ടാകുന്നില്ല. പ്രതിഭാ ഹരി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ആക്ഷേപവും വിവാദങ്ങളും കേരളകൗമുദി നൽകിയ റിപ്പോർട്ടുകളും അനുഭാവികൾ നടത്തിയ സമരങ്ങളും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇച്ഛാശക്തിയുമാണ് സുധികുമാറിനെതിരെയുള്ള നീക്കത്തിന് പ്രതിരോധം തീർത്തത്. എന്നാൽ ചെട്ടികുളങ്ങരയിൽ എത്തിയ അന്നുമുതൽ വെറുക്കപ്പെട്ടവൻ എന്ന നിലയിലാണ് തന്ത്രിയുടെയും മറ്റ് ജാതി അയിത്തക്കാരുടെയും സുധികുമാറിനോടുള്ള പെരുമാറ്റം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ