Wednesday, 18 October 2017 1.50 AM IST
കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസുകളുടെ അകമ്പടി; അവസാനം കൂട്ടയിടി
October 12, 2017, 12:19 am
സ്വന്തം ലേഖകൻ
 ആറ്റിങ്ങൽ: തൃശൂരിലെ ഒരു ആശുപത്രിയിൽ നിന്ന് അപകടനിലയിലായ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസുകളുടെ കൂട്ടയിടി. സംഭവത്തിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് പരിക്ക്. ആറ് മാസമായ കുഞ്ഞിനെ കൊണ്ടുവന്ന ആംബുലൻസും പിന്നിൽ സഞ്ചരിച്ച രണ്ട് ആംബുലൻസുകളും കൂട്ടിയിടിക്കുകയായിരുന്നു. കുഞ്ഞിനെ മറ്റൊരു ആംബുലൻസിൽ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ആരംഭിച്ച ആംബുലൻസ് ഡ്രൈവർമാരുടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ നിന്നാണ് കുഞ്ഞുമായി അതിവേഗത്തിൽ വരുന്ന വിവരം മറ്റ് ഡ്രൈവർമാർക്ക് ലഭിച്ചത്. ഓരോ സ്ഥലത്തുനിന്ന് ഓരോ ആംബുലൻസുകൾ കുഞ്ഞുമായി വന്ന ആംബുലൻസിന് അകമ്പടി സേവിച്ചു. യാത്രയുടെ വിവരം പൊലീസിലും നൽകിയിരുന്നു. മുന്നിൽ ആറ് ആംബുലൻസും പിന്നിൽ രണ്ട് ആംബുലൻസുകളുമായി നിരനിരയായി അതിവേഗമായിരുന്നു യാത്ര. ആംബുലൻസുകളുടെ ചീറിപ്പായൽ മറ്റ് യാത്രക്കാർക്കും അതിശയം ഉളവാക്കി. ഇതിനിടെ ആറ്റിങ്ങൽ മാമം പാലത്തിനു സമീപത്തായിരുന്നു അപകടം നടന്നത്. ഇതേത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുഞ്ഞുമായി സഞ്ചരിച്ച ആംബുലൻസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് കൂട്ടിയിടിക്ക് കാരണം. മൂന്ന് ആംബുലൻസിലെയും ഡ്രൈവർമാരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കും കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഒരാൾക്കും ചെറിയ പരിക്കുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസ് ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിച്ച് താക്കീതു ചെയ്യുമെന്ന് ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ