പ്രവാസിയിൽ നിന്ന് ഭൂമി വാങ്ങുമ്പോൾ ടി.ഡി.എസ് ഈടാക്കുന്നില്ല
October 13, 2017, 12:10 am
കെ.പി. കൈലാസ് നാഥ്
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരിൽ നിന്ന് ഇവിടെയുള്ളവർ ഭൂമി വാങ്ങുമ്പോൾ നിയമ പ്രകാരം നൽകേണ്ട തുക ആദായ നികുതി വകുപ്പിലടയ്ക്കാത്തതുമൂലം കേന്ദ്ര സർക്കാരിന് കോടികളുടെ നഷ്ടം. 2013 ഏപ്രിൽ മുതലാണ് പ്രവാസി ഇന്ത്യക്കാരിൽ നിന്ന് ഭൂമി വാങ്ങുമ്പോൾ കാപിറ്റൽ ഗെയിനിന്റെ 20.6 ശതമാനം ടി.ഡി.എസ് ആയി (സ്രോതസിൽ നിന്ന് നികുതി ഈടാക്കൽ) അടയ്ക്കണമെന്ന് തീരുമാനിച്ചത്. കേരളത്തിൽ മാത്രം 75,000 കോടി രൂപയുടെയെങ്കിലും ഭൂമി ഇടപാടുകൾ പ്രവാസികളിൽ നിന്നായി നാലുവർഷത്തിനുള്ളിൽ നടത്തിയിട്ടുണ്ടെന്നാണ് അനുമാനം. സർക്കാരിന് നഷ്ടപ്പെട്ട നികുതി കോടികൾ വരുമെന്ന് വ്യക്തം.
പ്രവാസികളിൽ നിന്ന് ഭൂമി വാങ്ങുമ്പോൾ ടി.ഡി.എസ് അടച്ച വിവരങ്ങൾ ആധാരത്തിൽ എഴുതണമെന്നാണ് നിർദ്ദേശം. എന്നാൽ പല സബ് രജിസ്ട്രാർ ഓഫീസർമാർക്കും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ധാരണയില്ല. അതേസമയം ഇന്ത്യൻ പൗരന് 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമിയിടപാടുകളിൽ ഒരു ശതമാനം ടി.ഡി.എസ് നൽകിയതിന് ശേഷം മാത്രമേ പലയിടത്തും മുദ്രപത്രം പോലും നൽകുന്നുള്ളു.
പ്രവാസിയുടെ ഭൂമി വാങ്ങുമ്പോൾ കാപിറ്റൽ ഗെയിനിന്റെ 20.6 ശതമാനം ടി.ഡി.എസ് ആയി അടച്ചശേഷം പ്രവാസിക്ക് ആ തുക കുറച്ചുള്ള വിലനൽകിയാൽ മതി. പ്രവാസിക്ക് കൈവശമുള്ള വസ്തുവിന്റെ ഉടമസ്ഥാവകാശം കൈവന്നത് 3 വർഷ കാലയളവിനുള്ളിലാണെങ്കിൽ കാപിറ്റൽ ഗെയിനിന്റെ 30 ശതമാനം അടയ്ക്കണം. ഇത് 3 വർഷത്തിന് മുമ്പാണെങ്കിൽ 20.6 ശതമാനം മതി.

 കാപിറ്റൽ ഗെയിൻ
ഒരാൾക്ക് ഭൂമി കൈവശം വന്ന സമയത്തെ വിലയും വിറ്റവിലയും തമ്മിലുള്ള വ്യത്യാസമാണ് കാപിറ്റൽ ഗെയിൻ. എന്നാൽ ഇത് ഇത്ര രൂപയാണെന്ന് ഒരു ആദായ നികുതി ഓഫീസറാണ് നിശ്ചയിക്കേണ്ടത്. ആദായ നികുതി ഓഫീസറിൽ നിന്ന് കിട്ടിയ കാപിറ്റൽ ഗെയിൻ സർട്ടിഫിക്കറ്റ് പ്രവാസി വാങ്ങുന്നയാൾക്ക് നൽകണം. കാപിറ്റൽ ഗെയിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി വാങ്ങുന്നയാൾ ആദായനികുതി വകുപ്പിൽ പണമടയ്ക്കണം.
അങ്ങനെ സർട്ടിഫിക്കറ്റ് ഹാജരാക്കി പണം നൽകിയില്ലെങ്കിൽ കാപിറ്റൽ ഗെയിനിന് പകരം ഭൂമി വിലയുടെ 20.6 ശതമാനം വാങ്ങുന്നയാൾ അടയ്ക്കേണ്ടി വരും. രജിസ്ട്രേഷൻ സമയത്ത് പണമടച്ചാൽ പോരാ. അഡ്വാൻസ് തുക എപ്പോഴൊക്കെ വാങ്ങുന്നുണ്ടോ അപ്പോഴൊക്കെ ടി.‌ഡി.എസ് അടയ്ക്കണം. എന്തെങ്കിലും കാരണവശാൽ ടി.ഡി.എസ് നൽകാതെയാണ് ഇടപാട് നടന്നതെന്ന് തെളിഞ്ഞാൽ ഭൂമി വാങ്ങിയ ആളാണ് പിന്നീടത് നൽകേണ്ടിവരിക.


 വാങ്ങുന്നയാൾ ടാൻ എടുക്കണം

പ്രവാസിയിൽ നിന്ന് ഭൂമി വാങ്ങുമ്പോൾ ടാൻ (ടാക്സ് ഡിഡക്‌ഷൻ ആ‌ൻഡ് കളക്‌ഷൻ അക്കൗണ്ട്) വാങ്ങുന്നയാൾ
എടുക്കണമെന്നാണ് ചട്ടം.

ആരാണ് പ്രവാസി

ആദായ നികുതി വകുപ്പ് സെക്‌ഷൻ 6 പ്രകാരം തൊട്ടു മുൻ സാമ്പത്തിക വർഷം 182 ദിവസമെങ്കിലുമോ നാലുവർഷത്തിനുള്ളിൽ 365 ദിവസമോ ഇന്ത്യയിൽ കഴിയാത്തയാൾ പ്രവാസിയാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ