Saturday, 21 October 2017 9.21 PM IST
നെല്ലു സംഭരണത്തിലും വേണം ആത്മാർത്ഥത
October 11, 2017, 2:00 am
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെൽകൃഷിക്കാരെ മുൾമുനയിൽ നിറുത്തിയ നെല്ലു സംഭരണ പ്രശ്നത്തിന് ഒടുവിൽ പരിഹാരമായിരിക്കുകയാണ്. സംഭരിച്ച് മില്ലുകളിലെത്തിക്കുന്ന നെല്ലിന്റെ ഗുണനിലവാരം മൂന്നു ദിവസത്തിനകം പരിശോധിച്ച് ഉറപ്പാക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മില്ലുടമകൾ നിസ്സഹകരണം അവസാനിപ്പിക്കാൻ തയ്യാറായത്. നെല്ലുകുത്തി ലഭിക്കുന്ന അരിയുടെ ഗുണനിലവാരത്തെക്കുറിച്ച് തർക്കവും പരാതികളും വ്യാപകമാകാൻ തുടങ്ങിയപ്പോഴാണ് സർക്കാർ ഇക്കാര്യത്തിൽ കർക്കശ വ്യവസ്ഥകൾ വച്ചത്. മില്ലുകളിൽ നിന്ന് ശേഖരിക്കുന്ന അരി സപ്ളൈകോ സംഭരണശാലകളിൽ എത്തിച്ചേ പരിശോധിക്കൂ എന്ന മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടു പോയത് മില്ലുടമകൾക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. അതേ സമയം വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും കർഷകരുടെ ആധി ഇല്ലാതാക്കാൻ ഇപ്പോഴത്തെ തീരുമാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് എത്രയും വേഗം മാറ്റിയില്ലെങ്കിൽ ഒട്ടേറെ കഷ്ടനഷ്ടങ്ങളാവും ഉണ്ടാവുക. നിറുത്തിവച്ചിരുന്ന നെല്ലു സംഭരണം ഇന്നലെ മുതൽ ആരംഭിക്കാമെന്ന് മില്ലുടമകളുടെ സംഘടന ഒത്തുതീർപ്പു ചർച്ചയിൽ സമ്മതിച്ചിരുന്നു. സംഭരിക്കുന്ന നെല്ലിന് എത്രയും വേഗം വില ലഭ്യമാക്കാനുള്ള നടപടികൂടി ഉറപ്പാക്കിയാൽ കർഷകർക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങാം. ഇതിന് സിവിൽ സപ്ളൈസ് കോർപ്പറേഷനും ബാങ്കുകളും തമ്മിലുള്ള ധാരണയും സഹകരണവും ഇഴപൊട്ടാതെ നോക്കേണ്ടതുണ്ട്. സംഭരിച്ച നെല്ലിന് സമയത്തും കാലത്തും പണം ലഭിക്കാറില്ലെന്ന കർഷകരുടെ പരാതി പണ്ടേ ഉള്ളതാണ്. നേരത്തെ സംഭരിച്ച നെല്ലിന് പ്രതിഫലം ലഭിച്ചത് ഏറെ വൈകിയാണ്.
അരി ആഹാരം മുഖ്യമായ മലയാളികൾക്ക് അന്യനാട്ടിൽ നിന്ന് വൻതോതിൽ അരി വന്നാലേ വിശപ്പടക്കാനാവൂ എന്നതാണ് അവസ്ഥ. നെൽകൃഷി വ്യാപിപ്പിക്കാൻ സർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പദ്ധതികളും നടപ്പാക്കുന്നുണ്ട്. നെൽപ്പാടങ്ങൾ തരിശിടുന്നതുപോലും ശിക്ഷാർഹമാണ്. വിള ഇൻഷുറൻസ് ഉൾപ്പെടെ കർഷകരുടെ നഷ്ടം നികത്താൻ സർക്കാർ ഒപ്പം തന്നെയുണ്ട്. ഇതൊക്കെയാണെങ്കിലും ഉയർന്ന കൂലിച്ചെലവും തൊഴിലാളിക്ഷാമവും കൊയ്ത്ത്, സംഭരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണം നെൽകൃഷിയോടുള്ള താൽപര്യം കുറഞ്ഞുവരുന്നുവെന്നത് യാഥാർത്ഥ്യമാണ്. നെൽകൃഷി വലിയ ബാദ്ധ്യതയായി കരുതുന്നവരാണ് ഈ രംഗത്ത് അവശേഷിക്കുന്ന കർഷകരിലധികവും. പതിറ്റാണ്ടുകൾക്ക് മുൻപ് സംസ്ഥാനത്ത് ഒൻപതു ലക്ഷത്തിലധികം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നു. ഇപ്പോൾ അത് രണ്ടു ലക്ഷം ഹെക്ടറായി ചുരുങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം സ്ഥലത്ത് നെൽകൃഷി നടക്കുന്നത് കുട്ടനാട്ടിലും പാലക്കാട്ടുമാണ്. പ്രതിസന്ധികൾക്കിടയിലും ഇവിടങ്ങളിൽ രണ്ടു തവണ നടക്കുന്ന കൃഷിയാണ് സംസ്ഥാനത്തെ നെല്ലുല്പാദനത്തിന്റെ സിംഹഭാഗവും കാഴ്ചവയ്ക്കുന്നത്. എന്നാൽ വിത്തിറക്കുന്നതു മുതൽ കൊയ്തെടുക്കുംവരെ ശ്വാസം പിടിച്ചാണ് കർഷകർ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്നത്. തൊഴിലാളിക്ഷാമത്തോടൊപ്പം കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷാമം പലപ്പോഴും കർഷകരെ പരിക്ഷീണരാക്കാറുണ്ട്. ഏറ്റവുമൊടുവിൽ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും വിലയെച്ചൊല്ലിയുള്ള തർക്കങ്ങളും ഓരോ വിളവെടുപ്പുകാലത്തും വിടാതെ പിന്തുടരുന്ന പ്രശ്നങ്ങളാണ്. സംഭരണം അല്പമൊന്നു വൈകിയാൽ പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലിന്റെ ഭാവിയോർത്ത് കർഷകർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. മില്ലുടമകൾ സംഘടിച്ച് സമ്മർദ്ദ തന്ത്രങ്ങളുമായി നിലകൊള്ളുന്നതോടെ വിലയിടിവിന്റെ നഷ്ടവും നേരിടേണ്ടിവരും. നെൽകൃഷി അഭിവൃദ്ധിപ്പെടുത്താൻ സർവസന്നാഹങ്ങളും ഒരുക്കുന്ന സർക്കാർ വേണം ഈ വക പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണാൻ. എന്നാൽ പ്രതീക്ഷിച്ചത്ര വേഗമോ ഉത്സാഹമോ ഇക്കാര്യങ്ങളിൽ കാണാറില്ല. കുട്ടനാട്ടെ ഇപ്പോഴത്തെ തർക്കം തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽപ്പോലും ചർച്ച നടന്നു. എന്നിട്ടും ഒത്തുതീർപ്പുണ്ടാക്കാൻ ഏറെ ദിവസങ്ങളെടുത്തു. ഇക്കാര്യത്തിൽ മുൻകൂട്ടി ആസൂത്രണം നടത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രതിസന്ധിയാണിത്. സംഭരണവിലയും അരിയുടെ ഗുണനിലവാരവും സംബന്ധിച്ച് കൊയ്ത്തുകാലത്തുതന്നെ മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതേയുള്ളൂ. വർഷങ്ങളായുള്ള അനുഭവജ്ഞാനമുള്ള സ്ഥിതിക്ക് ചില്ലറ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കും. ചർച്ചകളിലൂടെ പരിഹാരം കാണുകയും ചെയ്യാം.
നെല്ലു സംഭരണത്തിലുണ്ടായ അനിശ്ചിതത്വം കാരണം വിളഞ്ഞു പാകമായി കിടക്കുന്ന പല പാടങ്ങളിലും കൊയ്ത്ത് ഇനിയും നടന്നിട്ടില്ല. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് നീക്കം ചെയ്യുന്നതു കാത്തിരിക്കുകയാണ് കർഷകർ. അന്യനാടുകളിൽ നിന്ന് എത്ര കൂടിയ വിലയ്ക്കും അരി വാങ്ങി എത്തിക്കാൻ ഉത്സാഹം കാട്ടുന്ന സിവിൽ സപ്ളൈസ് കോർപ്പറേഷൻ വേണ്ടത്ര ചുണയും താൽപര്യവും കാട്ടിയാൽ നെല്ലു സംഭരണം സുഗമമായി നടക്കുമായിരുന്നു. മില്ലുകളെ നേർവഴിക്കുകൊണ്ടുവരാനും പ്രയാസപ്പെടേണ്ടി വരുമായിരുന്നില്ല. നെല്ലു സംഭരണത്തിലും വേണം തികഞ്ഞ ആത്മാർത്ഥത.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ