വാടകയ്‌ക്ക് കൊടുക്കാനുണ്ട്, വെല്ലിംഗ്ടൺ മന്ദിരം
October 11, 2017, 1:24 am
എസ്. പ്രേംലാൽ
തിരുവനന്തപുരം:പഴമയുടെ പെരുമയുമായി നിൽക്കുന്ന വാട്ടർ അതോറിട്ടി ആസ്ഥാനത്തെ 'വെല്ലിംഗ്ടൺ മന്ദിരം' വാടകക്കാരെ തേടുന്നു.
പന്ത്രണ്ട് നിലകളുള്ള പുതിയ കെട്ടിടത്തിലേക്ക് വാട്ടർ അതോറിട്ടി മാറുന്നതിനാലാണ് മുത്തശി മന്ദിരത്തിന് വാടകക്കാരെ തേടുന്നത്. വെല്ലിംഗ്ടൺ പ്രഭുവിന്റെ കാലത്ത് നിർമ്മിച്ച വിശാലമായ ഈ ഇരുനില മന്ദിരത്തിന് ഇപ്പോഴും ഒരു കേടുപാടുമില്ല. തടിയിൽ നിർമ്മിച്ച ഗോവണികൾ ചവിട്ടിക്കയറിയവർ ഇതിനെ മറക്കില്ല. കാലത്തിനനുസരിച്ച് വികസിച്ച വാട്ടർ അതോറിട്ടിയുടെ ആവശ്യങ്ങൾക്ക് മുത്തശി മന്ദിരം പോരെന്നായി. അങ്ങനെ തൊട്ടടുത്തായി 12 നില കെട്ടിടം ഉയർന്നു. അതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പണി പൂർത്തിയാകാത്തതിനാൽ ഗൃഹപ്രവേശം നീണ്ടു പോവുകയായിരുന്നു.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജലനിധി പോലുളള ഓഫീസുകൾ ഇങ്ങോട്ട് മാറ്റുന്നതിനൊപ്പം മറ്റ് വകുപ്പുകളെയും വാടകയ്ക്കായി ക്ഷണിക്കുന്നുണ്ട്. നഷ്ടത്തിലോടുന്ന വാട്ടർ അതോറിട്ടിക്ക് അതൊരു വരുമാനവുമാകും. ഇങ്ങനെയൊരു മന്ദിരം അപൂർവമാണ്.1921ൽ വാട്ടർ അതോറിട്ടി ചീഫ് എൻജിനീയറായിരുന്ന ബാലകൃഷ്ണറാവുവാണ് വെല്ലിംഗ്‌ടൺ വാട്ടർ വർക്സ് പദ്ധതിക്ക് തുടക്കമിട്ടത്. മന്ദിരത്തിന്റെ നിർമ്മാണ ചുമതലയും അദ്ദേഹത്തിനായിരുന്നു. വാടകക്കാർക്ക് തീറെഴുതിയാൽ പുരാവസ്തുവായി കാക്കേണ്ട ഈ മനോഹര മന്ദിരത്തിന്റെ ഗതിയെന്താകുമെന്നാണ് പഴമക്കാർ ചോദിക്കുന്നത്.

വാട്ടർ മ്യൂസിയം വെള്ളത്തിലായി
വെല്ലിംഗ്‌ടൺ മന്ദിരം വാട്ടർ മ്യൂസിയമാക്കണമെന്ന നിർദ്ദേശം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. പഴയ പമ്പുകൾ, പണ്ട് വെള്ളം ശുദ്ധീകരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള മ്യൂസിയമാണ് ഉദ്ദേശിച്ചിരുന്നത്. മന്ദിരത്തിന്റെ 75ാം വാർഷിക വേളയിൽ അത് ചരിത്ര മ്യൂസിയമാക്കാനും നീക്കമുണ്ടായിരുന്നു. ഒന്നും നടന്നില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ