Wednesday, 18 October 2017 2.06 AM IST
സോളാറിനു പിന്നാലെ അടുത്ത ബോംബ്
October 13, 2017, 12:10 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: സോളാറിനു പിന്നാലെ അടുത്ത ബോംബ് പുകയാൻ തുടങ്ങി. ഇതിലും സരിതയാണ് പരാതിക്കാരി. എൽ. ഡി.എഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് പൊട്ടിയാൽ എട്ട് നിലയിൽ പൊട്ടുന്ന ബോംബ് ഒളിച്ചിരിക്കുന്നത്. മുൻ കേന്ദ്ര മന്ത്രികൂടിയായ കേരളത്തിലെ സമുന്നത കോൺഗ്രസ് നേതാവിന്റെ മകൻ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് സരിത പുതിയ പരാതിയിൽ ആരോപിയ്ക്കുന്നത്. രാജ്യസഭയിലെ ഉന്നതനെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച ഇയാൾ ചൂഷണം ചെയ്തെന്നാണ് പരാതി.

പിതാവിന്റെ വകുപ്പുമായി ബന്ധപ്പെട്ട വമ്പൻ ഇടപാടുകളിൽ തന്നെ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. ഇതിനു പുറമേ ഇതേ പരാതിയിൽ ദേശീയ അന്വേഷണ ഏജൻസി തിരയുന്ന കോടീശ്വരനെ സോളാർ പ്രോജക്ടിൽ മുതൽമുടക്കാൻ വേണ്ടി പരിചയപ്പെടുത്തി നൽകാമെന്ന് ഉമ്മൻചാണ്ടി ഉറപ്പുനൽകിയതായും പറയുന്നു. ഇതിന് പുറമെ ഇപ്പോൾ സോളാർ കേസിൽപ്പെട്ട പ്രമുഖ നേതാവിന്റെ മകനും പിതാവിന്റെ ഒൗദ്യോഗിക വസതിയിൽ വച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്. മുൻ കേന്ദ്രമന്ത്രി പളനിമാണിക്യത്തെ തനിയ്ക്ക് പരിചയപ്പെടുത്തിയത് മറ്റൊരു പ്രമുഖ നേതാവാണെന്നും കേന്ദ്രമന്ത്രി ആദായനികുതി പ്രശ്‌നം പരിഹരിക്കാൻ 25ലക്ഷം വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിലും പീഡനം നടന്നതായും ആരോപിയ്ക്കുന്നു. മലബാറിൽ നിന്നുള്ള മറ്റൊരു കോൺഗ്രസ് എം.പിയും ലൈംഗിക പീഡനത്തിനിരയാക്കി തുടങ്ങിവ ഉൾപ്പെടെ പുകഞ്ഞ് പൊട്ടാൻ പാകത്തിലുള്ളവയാണ് പരാതിയിലെ ആരോപണങ്ങൾ. ഇരുപതിലേറെ പേർ പീഡിപ്പിച്ചതായി പരാതിയിൽ പേര് സഹിതം പറയുന്നു.

തനിയ്ക്ക് ജൂലായിൽ ലഭിച്ച പരാതി മുഖ്യമന്ത്രി ക്രെെംബ്രാ‌ഞ്ചിന് കെെമാറി. തുടർന്ന് പരാതിക്കാരിയെ വിളിച്ച് മൊഴിയെടുത്ത് ക്രെെംബ്രാഞ്ച് രണ്ടാം യൂണിറ്റ് എഫ്.എെ ആർ ഇട്ടു. ഇതിനു ശേഷം സരിത കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി അനുബന്ധമായി മറ്റൊരു പരാതി കൂടി ക്രെെംബ്രാഞ്ചിന് നവംബറിൽ നൽകി. ഇതിൽ മൊഴി എടുത്തിട്ടില്ല. സരിതയുടെ പരാതിയിൽ അന്വേഷണം സർക്കാർ ക്രെെംബ്രാഞ്ചിൽ നിന്ന് മാറ്റി ഡി.ജി.പി രാജേഷ്ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണ സംഘത്തിന് കെെമാറുമെന്നാണ് അറിയുന്നത്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും

നിർഭയകേസിനുശേഷമുണ്ടായ ഭേദഗതി പ്രകാരം പീഡനപരാതികളിൽ ഇരയുടെ മൊഴിരേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തേ പറ്റൂ. ഇത്തരം കേസുകളിൽ അറസ്റ്റ് നിർബന്ധമാണെങ്കിലും ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷണഉദ്യോഗസ്ഥൻ ഉറപ്പാക്കിയശേഷം മതിയെന്ന് പിന്നീട് സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്. സമൂഹത്തിലെ ഉന്നതർക്കെതിരേ 376-ാംവകുപ്പ് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന് കണ്ടാണ് ഇത്തരം വിധികളുണ്ടായത്. ഇതുപ്രകാരം പ്രത്യേകഅന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരായ ഇ.എസ്.ബിജിമോൻ, എ.ഷാനവാസ് എന്നിവർ സരിതയുടെ മൊഴി രേഖപ്പെടുത്തും. ലൈംഗികപീഡന ആരോപണത്തിൽ സരിത ഉറച്ചുനിന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.സാഹചര്യതെളിവുകളെയും മൊബൈൽ ടവർ ലൊക്കേഷനുകളുടെയും സരിതയുടെ പക്കലുള്ള ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാവും വിശദമായ അന്വേഷണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ