Saturday, 21 October 2017 9.16 PM IST
സോളാ‌ർ തട്ടിപ്പ് :ഹേമചന്ദ്രന്റെ ടീം കേസ് അട്ടിമറിച്ചെന്ന കമ്മിഷൻ നിഗമനം നിലനിൽക്കില്ല
October 13, 2017, 12:10 am
എം.എം. സുബൈർ
തിരുവനന്തപുരം: മുപ്പത്തിമൂന്ന് കേസുകൾ. പത്ത് പ്രതികൾ. 6.70 കോടി രൂപയുടെ തട്ടിപ്പ്. സോളാർ കേസിൽ സരിതാ നായരും ബിജു രാധാകൃഷ്ണനും കൂട്ട് പ്രതികളും ചേർന്ന് നടത്തിയ തട്ടിപ്പുകൾ കണ്ടെത്തി കോടതിയിലെത്തിച്ച ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അട്ടിമറിച്ചെന്ന സോളാർ കമ്മിഷന്റെ കണ്ടെത്തൽ വസ്തുതാ വിരുദ്ധമാണെന്ന് പൊലീസിന്റെ ഉന്നതതലത്തിൽ വിലയിരുത്തൽ.
കേസ് അട്ടിമറിച്ചെന്ന നിഗമനത്തിലെത്തിയ ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എ. ഹേമചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്.

കമ്മിഷൻ നിഗമനത്തിന്റെ അടിസ്ഥാനം
..............................................................................................
കേസ് അട്ടിമറിച്ചെന്ന നിഗമനത്തിലെത്താൻ കമ്മിഷൻ കണ്ടെത്തിയിരിക്കുന്ന കാരണങ്ങൾ ഇവയാണ്.
1, സോളാർ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിച്ചില്ല.
2, സരിതയും ബിജു രാധാകൃഷ്ണനും വിളിച്ച ഫോൺ സംഭാഷണങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനോ വിശദാംശങ്ങളിലേക്ക് കടക്കാനോ ശ്രമിച്ചില്ല
3,സരിത സ്വന്തം അഭിഭാഷകന് നൽകിയ കുറിപ്പ് പിടിച്ചെടുത്ത് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയില്ല.

എന്തുകൊണ്ട് നിലനിൽക്കില്ല
..................................................................
1, പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയിൽ വരുന്ന കാര്യങ്ങളല്ല. അന്നത്തെ ഡി.ജി.പി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലേ അന്വേഷണം നടത്താനാവൂ. സി.ആർ.പി.സി അനുസരിച്ച് തയ്യാറാക്കുന്ന പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടത്തിയത്. ആ ഉത്തരവിൽ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടുന്നില്ല. മാനഭംഗം, കോഴനൽകൽ തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇത് കമ്മിഷനെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
2, സോളാർ സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച കേസുകൾ അന്വേഷിക്കാനായിരുന്നു ഉത്തരവ്. അതനുസരിച്ച് 33 പരാതികളിൽ അന്വേഷണം നടത്തി. സരിതയും ബിജു രാധാകൃഷ്ണനും ഉൾപ്പെടെ പത്ത് പ്രതികളെ കണ്ടെത്തി. 6.70 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി കോടതിയിൽ ഫയൽ ചെയ്ത രണ്ട് കേസുകളിൽ പ്രതികളെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചു. മറ്റ് കേസുകൾ വിചാരണ ഘട്ടത്തലാണ്. ഈ കേസുകളിൽ സരതിയും കൂട്ടരും ജാമ്യത്തിലാണ്,
3, പ്രതി അഭിഭാഷകന് കൈമാറുന്ന കുറിപ്പ് നിയമപരമായി പിടിച്ചെടുക്കാൻ അധികാരമില്ല.

2 ലക്ഷം ഫോൺകാളുകൾ
2011 മുതൽ 2013 വരെയുള്ള കാലയളവിൽ സരിതയും കൂട്ടരും രണ്ട് ലക്ഷത്തിലധികം ഫോൺകാളുകൾ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ ജുഡിഷ്യറി, എക്സിക്യൂട്ടിവ്, ലെജിസ്ലേച്ചർ, മാദ്ധ്യമങ്ങൾ എന്നീ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സി.ഡി.ആറിൽ (കോൾ ഡീറ്റെയിൽസ് റെക്കാഡ്) നിന്ന് വ്യക്തമായതായി അന്വേഷണസംഘം തെളിവെടുപ്പ് വേളയിൽ കമ്മിഷനെ രേഖാമൂലം അറിയിച്ചിരുന്നു. ഫോൺ വിളിച്ചവരെല്ലാം പ്രതികളാണെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം.

മുൻവിധിയോടെ
പ്രതിക്കൂട്ടിലാക്കുന്നു
ഇതിന്റെ എല്ലാം നിയമവശങ്ങൾ അറിയാവുന്ന കമ്മിഷൻ മുൻവിധിയോടെ തങ്ങളെ പ്രതിക്കൂട്ടിൽ നിറുത്താൻ ശ്രമിച്ചിരിക്കുകയാണെന്ന് അന്വേഷണ സംഘാംഗങ്ങൾ ആരോപിക്കുന്നു. സരിത ഉന്നയിച്ച ആരോപണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ കമ്മിഷൻ വസ്തുതാപരമായ കണ്ടെത്തലുകൾക്ക് പകരം കത്തുകൾ തെളിവായി ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അന്വേഷണ സംഘാംഗങ്ങൾ ആരോപിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ