Saturday, 21 October 2017 9.15 PM IST
എലിപ്പത്തായത്തിൽ വീണ കോൺഗ്രസ് നേതൃത്വം
October 13, 2017, 8:01 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: ഉരുൾപൊട്ടൽ പോലെ പതിച്ച സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയിൽ നിന്ന് കരകയറാനുള്ള തിരക്കിട്ട നീക്കം കോൺഗ്രസ് നേതൃത്വം തുടങ്ങി. പ്രധാനികളടക്കം ഒരു ഡസനോളം നേതാക്കളാണ് വിജിലൻസ്-ക്രിമിനൽ കേസുകളുടെ കുരുക്കിൽപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നേതാക്കൾ ഒരേസമയം കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. എലിപ്പത്തായത്തിൽ വീണ എലിയുടെ അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. കാര്യങ്ങൾ എങ്ങനെ നീങ്ങുമെന്ന് ഒരു വ്യക്തതയുമില്ല. ഒരേ സമയം ഭാരിച്ച രണ്ട് ദൗത്യമാണ് പാർട്ടിക്കും യു.ഡി.എഫിനും ഏറ്റെടുക്കേണ്ടിവരിക. ഒന്ന് വിജിലൻസ്-ക്രിമിനൽ കേസുകളെ നിയമപരമായി പ്രതിരോധിക്കുക. രണ്ട് രാഷ്ട്രീയമായ പ്രതിരോധം തീർക്കുക. റിപ്പോർട്ടിന്റെ പൂർണരൂപം ഇനിയും പ്രതിപക്ഷത്തിന് കിട്ടിയിട്ടില്ല. അതു ലഭിച്ചെങ്കിൽ മാത്രമേ കമ്മിഷന്റെ നിഗമനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാവൂ. റിപ്പോർട്ടും അതിന്മേലുള്ള നടപടികളും നിയമസഭയിൽ വയ്ക്കും മുമ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പ്രതിപക്ഷം സ്പീക്കർക്ക് അവകാശ ലംഘനത്തിന് കത്ത് നൽകിയിട്ടുണ്ട്. വിവരാവകാശ നിയമം വഴി റിപ്പോർട്ടിന്റെ പകർപ്പ് എടുക്കുകയാണ് മറ്റൊരു വഴി. റിപ്പോർട്ട് കിട്ടിയാൽ നിയമപരമായ പഴുതുകൾ കണ്ടെത്തി പ്രതിരോധമൊരുക്കാം. ക്രിമിനൽ കേസിൽ നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ ഗ്രൂപ്പുകൾ സടകുടഞ്ഞെഴുന്നേറ്റ സന്ദർഭത്തിലാണ് സോളാർ റിപ്പോർട്ടിന്റെ വരവ്. രണ്ടു ഗ്രൂപ്പിലെയും നേതാക്കൾ കേസിൽപ്പെടുമെന്നായതോടെ ഗ്രൂപ്പ് മാറ്റിവച്ച് രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് നേതാക്കൾക്കിടയിലെ ധാരണ. എങ്കിലും പുര കത്തുമ്പോൾ വാഴവെട്ടുംപോലെ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഇതിനകം ഉയർന്നത് പാർട്ടിക്കുള്ളിൽ അല്പം അങ്കലാപ്പുമുണ്ടാക്കിയിട്ടുണ്ട്. വേങ്ങരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചാൽ, ഇപ്പോൾ യു.ഡി.എഫിന് കിട്ടാവുന്ന വലിയ പിടിവള്ളിയാവും അത്. മറിച്ച് സംഭവിച്ചാൽ അത് സോളാർ റിപ്പോർട്ട് പുറത്തുവിട്ട നടപടിയിൽ ചാരുകയുമാവാം. പക്ഷേ അപ്പോഴും രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വന്നേക്കില്ല. രാഷ്ട്രീയ മുഖം മിനുക്കൽ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന രാഷ്ട്രീയ പ്രചാരണ യാത്ര 'പടയൊരുക്കം' നവംബർ ഒന്നിനാണ് മഞ്ചേശ്വരത്തു നിന്ന് തുടങ്ങേണ്ടത്. എന്നാൽ പൂവ് ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ അവസ്ഥയിലാണ് ഇടതു പക്ഷം. ചില മന്ത്രിമാരുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും സ്വാശ്രയ പ്രശ്നം പോലുള്ള സാമൂഹ്യ വിഷയങ്ങളും സർക്കാരിനെ വീർപ്പുമുട്ടിച്ചു തുടങ്ങിയ അവസരത്തിലാണ് പ്രതിപക്ഷത്തിനെ അടിക്കാൻ നല്ലൊരു ചൂരൽ വീണുകിട്ടിയത്. നേതാക്കൾ ഡൽഹിക്ക്
കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതനുസരിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, ഉമ്മൻചാണ്ടി, വി.എം. സുധീരൻ, വി.ഡി. സതീശൻ എന്നിവർ ഇന്ന് ഡൽഹിക്ക് പോകും. ഉച്ചയ്ക്കാണ് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. കെ.പി.സി.സി അംഗങ്ങളുടെ ലിസ്റ്ര് സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ ഇന്നലെ രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയിട്ടുണ്ട്. എ.കെ. ആന്റണിയുമായി അദ്ദേഹം രാഷ്ട്രീയ സ്ഥിതികൾ ചർച്ചചെയ്തു. നേതാക്കളുമായി രാഹുൽഗാന്ധി നടത്തുന്ന ചർച്ചകൾക്ക് ശേഷമാവും ഭാവി നടപടികളിൽ വ്യക്തത വരിക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ