കെ.എ.എസ്: സെക്രട്ടേറിയറ്റ് ഭാഗികമായി സ്തംഭിച്ചു
October 12, 2017, 5:24 pm
തിരുവനന്തപുരം: കെ.എ.എസിനെതിരെ ആക്ഷൻ കൗൺസിൽ നടത്തിയ പണിമുടക്കിൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. 21.3 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയതെന്നും ഭരണകക്ഷിയിൽപ്പെട്ടവരും ജോലിയിൽ നിന്ന് വിട്ടുനിന്നതായി ആക്ഷൻ കൗൺസിൽ അവകാശപ്പെട്ടു. തങ്ങളുടെ പ്രൊമോഷൻ അട്ടിമറിച്ചതിനെതിരെയുളള പ്രതിഷേധമായി പണിമുട‌ക്ക് മാറുകയായിരുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനവും നടത്തി. വൈ.എം.സി.എ ക്ക് മുന്നിൽ നിന്ന് തുടങ്ങിയ പ്രകടനം സെക്രട്ടേറിയറ്റ് സമരഗേറ്റിന് മുന്നിൽ സമാപിച്ചു. കെ.എ.എസ് രൂപീകരണത്തെപ്പറ്റി സർക്കാർ പുനർചിന്തനം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജെ.ബെൻസി ആവശ്യപ്പെട്ടു. ഇന്നു മുതൽ ഉച്ചവരെ ജീവനക്കാർ പേന എടുക്കാതെ അർദ്ധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് വി.എൻ.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ, പ്രദീപ്കുമാർ, ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

പണിമുടക്കിയത് 10 ശതമാനമെന്ന് ഭരണപക്ഷം
ചർച്ചകൾക്കുള്ള സാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തെ അനുകൂലിക്കില്ലെന്ന് സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്.ബിജുക്കുട്ടൻ പറഞ്ഞു. കെഎ.എസ് സംബന്ധിച്ച ആശങ്കകൾ വേണ്ടവിധത്തിൽ പരിഹരിക്കപ്പെട്ടിട്ടില്ല. തുടർന്നുള്ള ചർച്ചകളിൽ പരിഹാരം കാണാൻ കഴിയും. 10ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമാണ് പണിമുടക്കിയതെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ