Saturday, 21 October 2017 9.22 PM IST
പെട്രോളിന് പകരം പച്ചവെള്ളം; പമ്പ് അടപ്പിച്ചു
October 13, 2017, 12:10 am
നെടുമങ്ങാട്: നെടുമങ്ങാട് പതിനൊന്നാംകല്ലിലെ ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലുള്ള പമ്പിൽ നിന്ന് പെട്രോളിന് പകരം പച്ചവെള്ളം നൽകിയെന്നാരോപിച്ച് നാട്ടുകാർ ക്ഷുഭിതരായതോടെ പൊലീസെത്തി പമ്പ് അടപ്പിച്ചു. ഇന്നലെ രാവിലെ ഇവിടെ നിന്നു പെട്രോൾ അടിച്ച വാഹനങ്ങൾ വഴിയിലായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പെട്രോളിനൊപ്പം പച്ചവെള്ളവും കലർന്നിരുന്നതായി മനസിലായത്. ഇവിടെനിന്നു പെട്രോൾ നിറച്ച നിരവധി വാഹനങ്ങളാണ് വഴിയിലായത്.

പ്രതിഷേധവുമായി വാഹന ഉടമകൾ എത്തിയതോടെ സംഭവം ആദ്യം ഒതുക്കി തീർത്തു. പരാതിയുമായെത്തിയ ബൈക്ക് യാത്രക്കാർക്ക് വാഹനത്തിന്റെ തകരാർ പരിഹരിക്കാനുള്ള പണം നൽകി ഇവർ മടക്കി അയച്ചെങ്കിലും പിന്നീട് ഓട്ടോ ഡ്രൈവർമാർ സംഘടിതമായെത്തിയതോടെ പ്രശ്നം വഷളായി. ഇവർ കുപ്പികളിൽ പെട്രോൾ വാങ്ങി പരിശോധിച്ചപ്പോൾ ലഭിച്ചത് പച്ചവെള്ളം തന്നെയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ പേർ പമ്പിലെത്തി ജീവനക്കാരുമായി വാക്കേറ്റം നടത്തി.

നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി പമ്പ് അടച്ചിടാൻ നിർദ്ദേശം നൽകി. തുടർന്ന് വില്പന നിറുത്തി വച്ച് പമ്പ് അടച്ചിടുകയും ചെയ്തു.
ഇന്ധനം സംഭരിക്കുന്ന ടാങ്കിൽ അടുത്തിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ മഴയിൽ വെള്ളം കലർന്നതാണോ, അതോ റിഫൈനറിയിൽ നിന്ന് എത്തിച്ച ഇന്ധനത്തിൽ വെള്ളം കലർന്നിരുന്നോ എന്നത് പരിശോധനയ്ക്ക് ശേഷമേ പറയാൻ കഴിയൂവെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പറഞ്ഞു. ഇന്ന് ഐ.ഒ.സിയിലെയും ലീഗൽ മെട്രോളജിയിലെയും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ