Wednesday, 18 October 2017 2.04 AM IST
ബി.ജെ.പിയുടെ മോഹം കേരളജനതയ്ക്ക് ജീവനുള്ള കാലത്തോളം നടക്കില്ലെന്ന് കോടിയേരി
October 12, 2017, 5:47 pm
തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിനെ അധികാരഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വേണ്ടിവന്നാൽ വിമോചന സമരം നടത്തുമെന്ന് അഭിപ്രായപ്പെട്ട് ബി.ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തനിക്കയച്ച തുറന്ന കത്തിന് മറുപടി നൽകുകയായിരുന്നു കോടിയേരി.

ജനങ്ങളുടെ വിശ്വാസം നാൾക്കുനാൾ വർദ്ധിപ്പിച്ച് എൽ.ഡി.എഫ് സർക്കാർ കരുത്തോടെ മുന്നോട്ടു പോകുകയാണ്. പിണറായി സർക്കാർ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുന്ന രാഷ്ട്രീയ ശക്തിയാണ്. ഈ സർക്കാരിനേയും സി.പി.എമ്മിനേയും എൽ.ഡി.എഫിനേയും ബി.ജെ.പി ഭയക്കുകയാണ്. ജനരക്ഷായാത്രയെ സി.പി.എം ഭയക്കുന്നുവെന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണ്. ജാതിമത വേർതിരിവുണ്ടാക്കുന്ന ഒരു വാക്ക് പോലും ജനരക്ഷായാത്രയിൽ ഇതുവരെ ഉണ്ടായില്ലായെന്ന കുമ്മനത്തിന്റ സാക്ഷി പറച്ചിൽ പെരുംകള്ളമാണ്. ഇത്തരം അസത്യപ്രചാരണം കൊണ്ട് ബി.ജെ.പിയുടെ വർഗീയ വിഷനാവ് മറച്ചുവയ്ക്കാനാവില്ല. മുസ്ലിം സമുദായത്തെ ശത്രുവായി പ്രഖ്യാപിച്ചുള്ള പ്രസംഗങ്ങളുടെ ഘോഷയാത്രയാണ് നാട് കേൾക്കുന്നത്. മുസ്ലിങ്ങൾക്കെതിരെ മാത്രമല്ല, ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കെതിരേയും കല്ലുവച്ച നുണകൾ കേന്ദ്രമന്ത്രിമാരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും ഇവിടെ വന്ന് പറഞ്ഞു പരത്തുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐസിസ് ഉൾപ്പെടെയുള്ള സംഘടനകളുടെ ഭീകരവാദത്തേയും സി.പി.എം അനുകൂലിക്കുന്നില്ല. എസ്.ഡി.പി.ഐക്കാരുടെ കൊലക്കത്തിക്ക് വിധേയരായി നിരവധി സി.പി.എമ്മുകാർ കൊലചെയ്യപ്പെട്ട കാര്യം കുമ്മനത്തിന് അറിയുമോ എന്നറിയില്ല.

മതത്തിന്റെ മറവിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന ശക്തികളെ നേരിടാൻ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കരുത്തുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മത വർഗീയതയെ നിറം നോക്കാതെ സംസ്ഥാന സർക്കാരും എൽ.ഡി.എഫും എതിർക്കും. മതത്തിന്റെ ലേബലിൽ വർഗീയ കുഴപ്പം സൃഷ്ടിക്കുന്നതിൽ ആർ.എസ്.എസാണ് രാജ്യത്ത് മുന്നിൽ. മതത്തിന്റെ പേരിലുള്ള ഭീകരവാദം തന്നെയാണ് ആർ.എസ്.എസും ഉയർത്തുന്നത് എന്ന വസ്തുതയിൽ നിന്നും ശ്രദ്ധ തിരിക്കാനും ന്യായീകരണം കണ്ടെത്താനുമാണ് ബി.ജെ.പി ഉദ്ദേശമെന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ തുറന്ന കത്ത്. ആർ.എസ്.എസിനേയും എസ്.ഡി.പി.ഐയേയും തുറന്ന് എതിർക്കുന്ന സി.പി.എമ്മിനെ ഉന്മൂലനം ചെയ്യുകയാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്ന് ഇപ്പോഴത്തെ പ്രചരണം വ്യക്തമാക്കിയിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ