Thursday, 23 November 2017 8.13 PM IST
റേഷൻകട തുറക്കാൻ വഴികണ്ടെത്തണം
November 8, 2017, 2:00 am
സംസ്ഥാനത്തെ പതിനാലായിരത്തില്പരം റേഷൻ കടകൾ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ അടഞ്ഞുകിടക്കുകയാണ്. വകുപ്പു മന്ത്രിയുടെ പാർട്ടിയോടു കൂറു പുലർത്തുന്ന സംഘടനയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന മുന്നൂറിലധികം റേഷൻ കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. വേതന പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുന്നത് നീണ്ടുപോകുന്നതാണ് റേഷൻ പണി മുടക്കിലേക്ക് നയിച്ചത്. തുറന്നിരിക്കുന്ന വേളയിൽ പോലും നേരേ ചൊവ്വേ പ്രവർത്തിക്കാത്ത റേഷൻ കടകൾ പൂർണമായും അടഞ്ഞു കിടന്നാലുള്ള അവസ്ഥ ഒട്ടുംതന്നെ അഭിലഷണീയമല്ല. റേഷനെ ആശ്രയിച്ച് രണ്ടുനേരം അരിയാഹാരം കഴിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾ ഉണ്ട്. കടയടപ്പു സമരം ഈ വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇരുട്ടടിയായി മാറിയത്. ആവശ്യങ്ങളിൽ തീർപ്പുണ്ടായില്ലെങ്കിൽ കടകൾ അടച്ചിടുമെന്ന് റേഷൻ കടക്കാരുടെ സംഘടനകൾ പറയാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇടയ്ക്കും മുറയ്ക്കും കടകൾ അടച്ച് പ്രശ്നത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതും പതിവായിരുന്നു. ഒരിക്കൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽതന്നെ ഉന്നതതലയോഗവും നടന്നിരുന്നു. അന്ന് കൈക്കൊണ്ട തീരുമാനങ്ങളിൽ നിന്നുപോലും പിന്നോട്ടു പോയെന്നാണ് റേഷൻ കടക്കാരുടെ പരാതി. സൂചികൊണ്ട് എടുക്കാനാവുന്നത് തൂമ്പകൊണ്ടും എടുക്കാനാകാത്ത ഘട്ടം എത്തുമ്പോഴാണല്ലോ സർക്കാർ ഇടപെടാറുള്ളത്. മുടങ്ങിയ റേഷൻ പ്രശ്നത്തിലും അതാണുണ്ടാകാൻ പോകുന്നത്.
അടച്ചിട്ടിരിക്കുന്ന റേഷൻ കടകൾ പിടിച്ചെടുത്ത് നടത്താൻ തയ്യാറുള്ളവർക്ക് കൈമാറുമെന്നും സമരം നേരിടാൻ 'എസ്മാ' പ്രയോഗിക്കുമെന്നുമൊക്കെ ഭക്ഷ്യവകുപ്പ് പതിവു ഭീഷണി മുഴക്കുന്നുണ്ട്. സമരത്തിനു നടുവിൽ നിൽക്കുന്നവരോട് ഇത്തരം ഭീഷണികൊണ്ടൊന്നും വലിയ ഫലമില്ലെന്ന് അധികൃതർ ഓർക്കണം. ഭീഷണിയല്ല, ചർച്ചയിലൂടെ പ്രായോഗികമായ പരിഹാര നടപടികളാണ് ആവശ്യം. അനിശ്ചിതമായി സമരം തുടരുന്നതുകൊണ്ട് റേഷൻ കടക്കാർക്കോ സർക്കാരിനോ വലിയ കഷ്ടനഷ്ടങ്ങളൊന്നും വരാനില്ല. നഷ്ടപ്പെടാനുള്ളത് റേഷനരിയെ ആശ്രയിച്ചുകഴിയുന്ന പാവങ്ങൾക്കാണ്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഇവരുടെ അന്നം മുട്ടാതിരിക്കുക എന്നത് ഭരണകൂടത്തിന്റെ ബാദ്ധ്യതയാണ്.
കട അടപ്പു സമരത്തിനു മുന്നോടിയായി റേഷൻ കടക്കാർ ഈ മാസത്തെ റേഷൻ സാധനങ്ങൾ എടുത്തിട്ടില്ല. തിങ്കളാഴ്ച വന്ന ലോഡുകൾ ഇറക്കാൻ സമ്മതിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. റേഷൻ വിഹിതത്തിനുള്ള പണവും അടച്ചിട്ടില്ല. ബഹുഭൂരിപക്ഷം കടക്കാരും സമരത്തിലായതിനാൽ സംസ്ഥാനത്തൊട്ടാകെ റേഷൻ വിതരണം പാടേ സ്തംഭിച്ചിരിക്കുകയാണ്. റേഷനുമായി ബന്ധപ്പെട്ട ഏതു സമരത്തിനു പിന്നിലും ചില നിക്ഷിപ്ത താല്പര്യക്കാർ കാണും. ഈ രംഗത്ത് കൊണ്ടുവരാനുദ്ദേശിക്കുന്ന പരിഷ്കാരങ്ങളെ പലവഴിക്കും തടയാൻ നോക്കുന്നവരിൽ ഒരു വിഭാഗം ഭക്ഷ്യവകുപ്പിലെ ആൾക്കാരും ഇടനിലക്കാരുമൊക്കെയാണ്. റേഷൻ സാധനങ്ങൾ തിരിമറി ചെയ്തും കരിഞ്ചന്തയിൽ വിറ്റും ഗോഡൗണുകളിൽ വച്ചുതന്നെ വഴിതിരിച്ചുവിട്ടും തടിച്ചുകൊഴുത്ത ഒരു വിഭാഗം ഇവിടെയുണ്ട്. നിയമവും നടപടികളുമൊക്കെ കർക്കശമാക്കിയശേഷവും റേഷൻ കരിഞ്ചന്തയ്ക്ക് വലിയ കുറവൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇടയ്ക്കിടെ പിടികൂടുന്ന വൻ റേഷൻ ശേഖരത്തെക്കുറിച്ചുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. റേഷൻ സാധനങ്ങൾ ചോരുന്നത് തടയാൻ കമ്പ്യൂട്ടർ വത്ക്കരണം നടത്തുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഡിജിറ്റലൈസേഷനിൽ അഭൂതപൂർവമായ നേട്ടം സ്വന്തമാക്കിയ സംസ്ഥാനത്ത് പതിനയ്യായിരത്തിൽ താഴെ വരുന്ന റേഷൻ കടകളുടെ പ്രവർത്തനം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല. കഴിവുകേടും ഇച്ഛാശക്തിയില്ലായ്മയുമാണ് ഇതിനുള്ള ഏക തടസം.
കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിച്ചുവരുന്ന റേഷൻ കടക്കാർക്ക് വേതനപാക്കേജ് ഏർപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തത് സർക്കാർ തന്നെയാണ്. 350 കാർഡ് വരെയുള്ള കടക്കാർക്ക് 16,000 രൂപ മാസവേതനം നൽകാമെന്നായിരുന്നു ധാരണ. കഴിഞ്ഞ ജൂലായിൽ നടന്ന ഉന്നതതലയോഗത്തിലുണ്ടായ ഈ ധാരണ നടപ്പാക്കാൻ ഇപ്പോൾ സർക്കാർ പറയുന്ന തടസം കമ്പ്യൂട്ടർവത്ക്കരണം പൂർത്തിയായിട്ടില്ലെന്നാണ്. പുതിയ റേഷൻകാർഡ് തയ്യാറാക്കിയപ്പോൾ സംഭവിച്ച പിഴവുകൾ ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇതൊക്കെ പൂർത്തിയായശേഷം വേതനം നൽകി തുടങ്ങാമെന്ന ഭക്ഷ്യമന്ത്രിയുടെ നിലപാടിനോട് റേഷൻ സംഘടനകൾക്കു യോജിപ്പില്ല. മുമ്പു ലഭിച്ച ഇതുപോലുള്ള ഉറപ്പുകളിലൊന്നുപോലും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് അവരുടെ ആക്ഷേപം.
റേഷൻ കടകൾ അനിശ്ചിതമായി അടഞ്ഞു കിടക്കുന്ന അവസ്ഥ പാവങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സർക്കാരിനു വെല്ലുവിളിയായി മാറുകതന്നെ ചെയ്യും. വേതനപാക്കേജ് നടപ്പാക്കാൻ 350 കോടിരൂപ വേണ്ടിവരുമെന്നതുകൊണ്ടാണ് ഈ പ്രശ്നത്തിൽ മെല്ലെപ്പോകുന്നതെന്നു തോന്നുന്നു. പക്ഷേ പിന്തിരിയാനാവാത്ത വിധം വാഗ്ദാനം തലയ്ക്കുമുകളിൽ നിൽക്കുന്നതിനാൽ അത് നടപ്പാക്കാനുള്ള വഴി കണ്ടുപിടിച്ചേ തീരൂ. അതു നടപ്പാക്കുന്നതിനൊപ്പം റേഷൻ വിതരണ രംഗത്ത് ഇന്നു നടമാടുന്ന സകല ക്രമക്കേടുകൾക്കും അന്ത്യമുണ്ടാക്കുകയും വേണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ