Tuesday, 21 November 2017 5.31 PM IST
ചെറിയ തസ്തികയുടെ 'വലിയ പരീക്ഷ ജനുവരിയിൽ'
November 11, 2017, 12:11 am
രാജൻ പുരക്കോട്
 എഴുതുന്നത് 8.54 ലക്ഷം, കഴിഞ്ഞ തവണ അപേക്ഷിച്ചത് 13.10 ലക്ഷം ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: ഡിഗ്രിക്കാരുൾപ്പെടെ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി വിവിധ വകുപ്പുകളിലേക്ക് നടത്തുന്ന ലാസ്റ്ര് ഗ്രേഡ് പരീക്ഷ രണ്ടു ഘട്ടമായി ജനുവരിയിൽ നടക്കും. 8,54,811 പേരാണ് പരീക്ഷ എഴുതുന്നത്. ബിരുദധാരികൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ കൊച്ചുതസ്തികയിലെ നിയമന നടപടിക്കെതിരെ ഹൈക്കോടതിയിൽ കേസുണ്ട്. കോടതിവിധിക്ക് വിധേയമായി പരീക്ഷയാകാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താൻ പി.എസ്.സി ഒരുങ്ങുന്നത്. സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കിയതിനാൽ നിയമന നടപടികളുമായി മുന്നോട്ടുപോകാവുന്നതാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകൾക്കായി ജനുവരി 6 നും തിരുവനന്തപുരം ഉൾപ്പെടെ ശേഷിക്കുന്ന ജില്ലകൾക്ക് ജനുവരി 13 നുമായിരിക്കും പരീക്ഷ. 2018 ഏപ്രിലിലോ മേയ് ആദ്യമോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചേക്കും. ആദ്യഘട്ടക്കാർക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡിസംബർ 23 മുതലും രണ്ടാംഘട്ടക്കാരുടേത് ജനുവരി ഒന്നു മുതലും ലഭിക്കും. ഏറ്റവും കൂടുതൽ പേരെഴുതുന്നത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ് - 1,41,028. തൊട്ടടുത്ത് മലപ്പുറം - 80,637.
ജൂൺ 17ന് ആരംഭിച്ച എൽ.ഡി.സി പരീക്ഷ ആഗസ്റ്റ് 26ന് അവസാനിക്കുന്നതോടെ സെപ്തംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടത്താനാണ് പി. എസ്.സി തീരുമാനിച്ചിരുന്നത്. എന്നാൽ, തസ്തികയുടെ യോഗ്യത പരിഷ്കരിച്ച് തങ്ങൾക്കവസരം നിഷേധിച്ചെന്നു കാട്ടി ഡിഗ്രിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏഴാം ക്ളാസുകാർക്കുള്ള ഉദ്യോഗം ഡിഗ്രിക്കാർ തട്ടിയെടുക്കുന്നതിനാലാണ് വിലക്കേർപ്പെടുത്തിയത്. ഡിഗ്രിക്കാരെ വിലക്കിയതിനാൽ അപേക്ഷകർ കുറഞ്ഞിരുന്നു. കഴിഞ്ഞ തവണ 13.10 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. ലാസ്റ്ര് ഗ്രേഡിന്റെ റാങ്ക് ലിസ്റ്റിലെപ്പോഴും മുന്നിലെത്തുക ഡിഗ്രിക്കാരാണ്. ഇവരൊന്നും ജോലിയിൽ പ്രവേശിക്കില്ല. തസ്തികമാറ്റംവഴി 10 ശതമാനം പേർ മറ്റ് ജോലിയിലേക്കും കളംമാറും. ഈ സാഹചര്യത്തിലാണ് ബിരുദധാരികൾക്ക് വിലക്ക്. കോടതിവിധി പ്രതികൂലമായാൽ ഡിഗ്രിക്കാർക്ക് മാത്രമായി പി.എസ്.സി സപ്ളിമെന്ററി പരീക്ഷ നടത്തേണ്ടിവരും.

15,000 പേർക്ക് ജോലി സാദ്ധ്യത

 3 കൊല്ലമാണ് റാങ്ക് ലിസ്റ്രിന്റെ കാലാവധി. പരമാവധി നാലരക്കൊല്ലം
 15,000 പേർക്കാണ് ജോലി സാദ്ധ്യത. കാലാവധി നീട്ടിയാൽ അവസരമേറും
 2018 ജൂൺ 29 വരെയുണ്ട് നിലവിലെ റാങ്ക് പട്ടിക. ഇതിൽ 5065 പേരെ നിയമിച്ചു
 2018 ജൂണിനുമുമ്പ് ഏഴായിരത്തോളം പേർക്കു കൂടി നിയമന സാദ്ധ്യതയുണ്ട്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ