സങ്കടക്കടലിൽ ജീവിതത്തിന്റെ ദുരിതരേഖ
November 14, 2017, 12:12 am
ആർ. സ്‌മിതാദേവി
തിരുവനന്തപുരം : നാല് മക്കൾക്ക് അന്നത്തിന് വകയുണ്ടാക്കാൻ പുലർച്ചെ മൂന്ന് മണിക്ക് ഈ അമ്മ പോകുന്നത് ആഴക്കടലിലേക്കാണ്. പുറംകടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ഇന്ത്യയിലെ ഏക വനിതയാണ് 37കാരിയായ രേഖ കാർത്തികേയൻ. കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം രേഖയെ കണ്ടെത്തിയെങ്കിലും ഈ ബഹുമതി അലങ്കാരം മാത്രമാണ്. നാല് പെൺമക്കൾ ഉൾപ്പെടെ ആറംഗങ്ങളുള്ള കുടുംബം. പിന്നെ നാല് ലക്ഷം രൂപയുടെ കടവും...
ഈ കടം വീട്ടാൻ, കുടുംബം ജീവിതത്തിരകളിൽ മുങ്ങാതിരിക്കാൻ പഴഞ്ചൻ ഫൈബർ വള്ളവും 25 വർഷം പഴക്കമുള്ളൊരു യമഹ എൻജിനുമായി രേഖ കടലിൽ തിരമുറിച്ച് പോകുന്നു. 'നാല് പെൺമക്കളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കണം. അതിനാണ് നീന്തലറിയാഞ്ഞിട്ടും ആഴക്കടലിലേക്ക് പോകുന്നത് '- രേഖ പറയുന്നു.
തൃശൂർ ചേറ്റുവ സ്വദേശി രേഖ പത്ത് വർഷം മുൻപാണ് ഭർത്താവ് കാർത്തികേയനൊപ്പം കടലിൽ പോകാൻ തുടങ്ങിയത്. കടലിൽ പോകാൻ ഭർത്താവിന് സഹായിയെ കിട്ടാതായപ്പോഴാണ് നീന്തലറിയാത്ത ഈ പെണ്ണ് ആഴക്കടലിലേക്ക് പോകാൻ ധൈര്യം കാണിച്ചത്.
ദിവസം 38 ലിറ്റർ മണ്ണെണ്ണയും എണ്ണൂറ് രൂപയുടെ പെട്രോളും വേണം. ഇത്രയും ഇന്ധനം കത്തിച്ച് കടലിൽ പോകുന്ന ദിവസങ്ങളിൽ പലപ്പോഴും ഒന്നും കിട്ടാതെ ഒഴിഞ്ഞ തോണിയുമായി മടങ്ങേണ്ടി വരുന്നുണ്ട്. ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട ഒരു ദിനം രേഖ ഓർക്കുന്നു: 'എൻജിന്റെ പങ്ക ഊരിപ്പോയി. കടലിൽ ഒഴുകി നടന്നു. മറ്റ് വഞ്ചിക്കാരാണ് രക്ഷയ്‌ക്കെത്തിയത്. ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ മക്കൾ അനാഥരാകുമായിരുന്നു. '
'ഫൈബർ വള്ളം വളരെ പഴക്കമുള്ളതാണ്. സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ്. പഴക്കം കാരണം അത് വെള്ളത്തിൽ പതിഞ്ഞാണ് കിടക്കുന്നത്. കാറ്റ് വന്നാൽ വെള്ളം വള്ളത്തിലേക്കടിച്ചു കയറും. പുതിയൊരു വള്ളം വാങ്ങണമെന്നുണ്ട്. പണം വേണ്ടേ ?പുതിയ ഫൈബർ വള്ളത്തിന് 1,80,000 രൂപ വേണം. നല്ലൊരു ഫൈബർ വള്ളമുണ്ടെങ്കിൽ കൂടുതൽ അകലേക്കുപോയി മീൻപിടിക്കാം. നെയ്‌മീനും അയലയും പോലുള്ള മീനുകൾ ആഴക്കടലിലുണ്ട്. പഴഞ്ചൻ വള്ളവുമായി അങ്ങോട്ട് പോകുന്നത് അപകടമാണ്. എൻജിന് 1,27,000 രൂപയാകും. ' മൂന്ന് കൊല്ലം പഴക്കമുള്ളൊരു വല ഉപയോഗിച്ചാണ് മീൻപിടിക്കുന്നത്. അതിനും വേണം 1,25,000 രൂപ.
പ്ളസ് ടു വിദ്യാർത്ഥിനിയായ മായ, ഒൻപതാം ക്ളാസുകാരി അഞ്ജലി, അഞ്ചാം ക്ളാസുകാരി ദേവപ്രിയ, മൂന്നാം ക്ളാസിൽ പഠിക്കുന്ന ലക്ഷ്‌മിപ്രിയ എന്നിവരാണ് മക്കൾ. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ