കേരളത്തിൽ ഭായിമാരില്ലാതെ നടക്കാനും നിൽക്കാനും ആവാതായി
November 9, 2017, 12:23 am
കെ.പി. കൈലാസ് നാഥ്
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളില്ലാതെ കേരളത്തിന്‌ നിലനിൽക്കാനും മുന്നോട്ടുപോകാനും കഴിയാത്ത സ്ഥിതിയായെന്ന് ആസൂത്രണബോർഡ് വർക്കിംഗ്‌ ഗ്രൂപ്പിന്റെ വിലയിരുത്തൽ. വരുംനാളുകളിൽ കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടും.

കൃഷിയും നിർമ്മാണമേഖലയും ഉൾപ്പെടെ കായികാദ്ധ്വാനം ആവശ്യമാകുന്ന എല്ലാ മേഖലകളിലും ഇവരെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിയാണ് കാണുന്നതെന്നും 13- ാം പഞ്ചവത്സര പദ്ധതിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള റിപ്പോർട്ടിൽ പറയുന്നു. കായികാദ്ധ്വാന മേഖലകളിൽനിന്നെല്ലാം മലയാളികൾ കൂടുതൽ പിൻവാങ്ങുന്നതാണ് കാരണം.

സാങ്കേതികവത്കരണം വേണ്ടത്ര കാര്യക്ഷമമല്ലാത്തതിനാൽ നിർമ്മാണ മേഖലയിൽ ആവശ്യമായ തൊഴിലാളികളുടെ എണ്ണവും കൂടിക്കൂടി വരികയാണ്. ഈ പ്രതിസന്ധിയാണ് ബീഹാർ, ബംഗാൾ, അസാം, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിഹരിക്കുന്നത്.
90 കളുടെ അവസാനമാണ് നിർമ്മാണ മേഖല ഉത്പാദന മേഖലയെ കവച്ചുവച്ചത്. പിന്നീടത് കൃഷിയെയും പിന്നിലാക്കി. നാണ്യവിളയ്ക്കും മറ്റ് കരക്കൃഷികൾക്കും നെൽക്കൃഷിക്കുമെല്ലാം അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചുതുടങ്ങി.

 മറ്റ് നിഗമനങ്ങൾ
90 കളിൽ മലയാളി സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് രണ്ടിലേക്ക് താണിരുന്നു. അത് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കായികാദ്ധ്വാനം ആവശ്യമുള്ള മേഖലകളിലേക്ക് കൂടുതൽ തൊഴിലാളികളെ സംഭാവന ചെയ്തുപോന്ന പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകളുടെ പ്രത്യുത്പാദന നിരക്കാകട്ടെ 0.5 ആയി കുറഞ്ഞു. മാത്രമല്ല ഈ വിഭാഗങ്ങൾ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധയൂന്നുകയും അതിനനുസരണമായ തൊഴിൽമേഖലയിലേക്കു ചേക്കേറുകയും ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇവരും ശരാശരി കേരളീയരും തമ്മിലുള്ള വിടവ് ഗണ്യമായി കുറയുകയാണ്.

പ്രാഥമിക സെക്ടറിൽ വരുന്ന കൃഷി, മത്സ്യബന്ധനം, വനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉത്പാദനം (ജി.ഡി.പി) വളരെയേറെ കുറഞ്ഞുവരികയാണ്. 1991-92ൽ ഈ മേഖലയിലെ മൊത്ത ആഭ്യന്തര ഉത്പാദനം 41 % ആയിരുന്നെങ്കിൽ 2000-01 ൽ 30% ഉം 2006-07ൽ 25 % ഉം ആയി. ഈ കുറവ് വളരെ അസാധാരണമാണെങ്കിലും നിർമ്മാണ മേഖലയിലുള്ള വളർച്ചകൊണ്ട് അത്‌ ശ്രദ്ധാവിഷയമായില്ല.

അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവിനെക്കുറിച്ച്‌ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. സാമ്പിൾ സർവേ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട്, തൊഴിലാളികളുമായി അഭിമുഖം നടത്താനുള്ള ഭാഷാ തടസം, നിർമ്മാണ പ്രവർത്തനം നടക്കുന്ന മേഖലകളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഇതിന് തടസമാണ്. നേരത്തേ ഗുലാത്തി ഇൻസ്റ്രിറ്റ്യൂട്ട് ഒരു പഠനം നടത്തിയിരുന്നു.

 നിർദ്ദേശങ്ങൾ
1. അന്യസംസ്ഥാന തൊഴിലാളികളുടെ വിശദമായ ഡാറ്റാ ബാങ്ക് തയ്യാറാക്കുക
2. ശുചിത്വം, ആരോഗ്യം എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുക
3. തൊഴിൽപരമായ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
4.തൊഴിൽ-താമസ ഇടങ്ങളിലും റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലും
ഇവർക്കായി ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങുക
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ