Thursday, 23 November 2017 8.22 PM IST
ഡൽഹിയുടെ ദുർഗതി എവിടെയും വരാം
November 9, 2017, 2:00 am
ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ രാജ്യത്തെ ഏതൊരു നഗരത്തിനും വന്നുഭവിക്കാവുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഡൽഹി നഗരം ഇപ്പോൾ നേ‌രിടുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും വിധം ഡൽഹിയിലെ അന്തരീക്ഷം മലിനപ്പെട്ടിരിക്കുകയാണ്. അടിയന്തര സ്ഥിതി നേരിടാൻ ഡൽഹി ഭരണകൂടം അസാധാരണ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഉത്തരവാദിത്വം നിറവേറ്റാൻ ഭരണകൂടത്തെ നിർബന്ധിക്കുന്നതിന് സുപ്രീംകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും രംഗത്തെത്തിയിരുന്നു. മാലിന്യങ്ങളോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പം കൂടിയായപ്പോൾ നേരേ ചൊവ്വേ ശ്വാസം കഴിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് നഗരവാസികൾ. പ്രൈമറി സ്കൂളുകൾ സർക്കാരിന്റെ ഉത്തരവനുസരിച്ച് അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ കഴിവതും വീടുകളിൽത്തന്നെ തങ്ങാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ശൈത്യകാലം തുടങ്ങിയതോടെ പുകമഞ്ഞു കാരണം വാഹന ഗതാഗതവും താറുമാറായിട്ടുണ്ട്. ട്രെയിനുകൾ വൈകി ഓടുന്നത് ഈ സീസണിൽ പതിവാണ്. വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.
ഡൽഹി സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ കൊള്ളാത്ത നഗരമായി മാറിയത് പല കാരണങ്ങളാലാണ്. പ്രധാനമായും അന്തരീക്ഷ മലിനീകരണം തന്നെ. വായു അങ്ങേയറ്റം ദുഷിച്ച നിലയിലായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഗുണനിലവാര പരിശോധനയിൽ ഡൽഹിയിലെ വായുമലിനീകരണം ഏറ്റവും അപകടകരമായ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലിനീകരണ തോത് പൂജ്യം മുതൽ 50 വരെയാകാമെങ്കിലും ഡൽഹിയിൽ ഇക്കഴിഞ്ഞ ദിവസം അത് നാനൂറിനു തൊട്ടടുത്ത് എത്തിയിരുന്നു എന്നതിൽ നിന്ന് സ്ഥിതി എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാം. വാഹനപ്പെരുപ്പവും സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള പുക പടലങ്ങളും പലവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന പൊടിയും വ്യവസായശാലകളിൽ നിന്നുള്ള വിഷപ്പുകയുമെല്ലാം ചേർന്ന് ഡൽഹി അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടുകയാണ്. വിദേശ സ്ഥാനപതി കാര്യാലയങ്ങളിൽ ജോലി ചെയ്യാൻ പല വിദേശികളും മടികാണിക്കുകയാണ്. പലരും കുടുംബത്തെ നാട്ടിൽ വിട്ടാണ് ഇവിടെ എത്തുന്നത്. വാഹന മലിനീകരണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി വളരെ മുൻപേ തന്നെ വലിയ ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബസുകൾ കോടതി ഉത്തരവു പ്രകാരം സി.എൻ.ജിയിലാണ് ഓടുന്നത്. പൊതുനിരത്തുകളിലും മറ്റുമുള്ള പാർക്കിംഗ് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി പാർക്കിംഗ് ഫീസ് നാലിരട്ടിയാക്കാൻ നിർദ്ദേശമുണ്ട്. സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നതിനും നിയന്ത്രണം കൊണ്ടുവരാൻ ആലോചനയുണ്ട്.
ഹര്യാനയിലും പഞ്ചാബിലും വിളവെടുപ്പു കഴിഞ്ഞ് വൈക്കോലും മറ്റു പാഴ‌്‌വസ്തുക്കളും വൻതോതിൽ തീയിടുന്നതിൽ നിന്നുണ്ടാകുന്ന പുകപടലം നേരെ എത്തുന്നത് ഡൽഹിയിലാണ്. ഇതിനെതിരെ കോടതി വിലക്കുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. കുട്ടികളെയും മുതിർന്നവരെയുമാണ് വായുമലിനീകരണം വല്ലാതെ കഷ്ടപ്പെടുത്തുന്നത്. ശ്വാസകോശ രോഗ മരണങ്ങളിൽ ലോകത്തുതന്നെ മുൻനിരയിലാണ് ഡൽഹിയുടെ സ്ഥാനം. അത്യസാധാരണമായ ഈ അപകടാവസ്ഥയിൽ നിന്ന് ഡൽഹിയെയും നഗരവാസികളെയും രക്ഷിക്കാൻ ചെപ്പടി വിദ്യകളൊന്നുമില്ല. വിദ്യാലയങ്ങൾ താത്‌കാലികമായി അടച്ചതുകൊണ്ടോ ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതുകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാ തലങ്ങളിലും കർക്കശമായി നടപ്പാക്കുകയാണു ആദ്യം വേണ്ടത്. മലിനീകരണം മൂലം ഏറ്റവും കഷ്ടപ്പെടുന്നത് മറ്റ് ഏതു കാര്യത്തിലുമെന്നതുപോലെ സാധാരണക്കാരും പാവപ്പെട്ടവരുമാണ്. കടുത്ത ശൈത്യത്തിലും തെരുവുകളിലോ ചെറു കൂരകളിലോ ഉറങ്ങേണ്ടിവരുന്നവർ ലക്ഷക്കണക്കിനാണ്. വായു മലിനീകരണത്തിന് ഏറ്റവുമധികം ഇരയാകാറുള്ളതും ഈ വിഭാഗത്തിൽപ്പെട്ടവരാണ്.
ഡൽഹി നേരിടുന്ന ആപത്ത് മറ്റു രൂപങ്ങളിൽ പല നഗരങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ വായു മലിനീകരണമാണ് മുഖ്യ പ്രശ്നമെങ്കിൽ മറ്റു ചിലേടങ്ങളിൽ മാലിന്യവും ശുചിത്വമില്ലായ്മയുമാണ് പ്രധാന വെല്ലുവിളി. കേരളത്തിലെ മുഖ്യ നഗരങ്ങൾ നേരിടുന്നതും ഇതേ പ്രശ്നം തന്നെ. ശുചിത്വ നഗരം, സുന്ദര നഗരം എന്നൊക്കെ എഴുതിവച്ചാൽപ്പോരാ. അങ്ങനെ ആവുക കൂടി വേണം. മാലിന്യങ്ങളിൽ നിന്നുണ്ടാകുന്ന പകർച്ചവ്യാധികൾ കേരളത്തിൽ എല്ലായിടത്തും പതിവായിക്കഴിഞ്ഞു. സംസ്കരിക്കാതെ കുന്നുകൂടുന്ന മാലിന്യ മലകൾ എല്ലായിടത്തും കാണാം. ഒട്ടേറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടും പരിഷ്‌കൃത രൂപത്തിലുള്ള മാലിന്യ സംസ്‌കരണ ശാലകൾ ഒരിടത്തുപോലും സ്ഥാപിക്കപ്പെട്ടിട്ടില്ല. തലസ്ഥാന നഗരിയിൽ ഉണ്ടായിരുന്ന ഒരെണ്ണം അടച്ചുപൂട്ടിയിട്ട് മൂന്നു വർഷത്തിലേറെയായി. പകരമൊന്നു സ്ഥാപിക്കാതെ സർക്കാരും നഗരസഭയും ഇന്നും ഒളിച്ചുകളി തുടരുന്നു. നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നടപടികൾ എടുക്കുന്നില്ല. വലിയ തോതിൽ സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴാകും ആലസ്യം വിട്ടുണരുക. രാജ്യ തലസ്ഥാനമാകയാൽ ഡൽഹിയുടെ കാര്യങ്ങൾ നോക്കാൻ പലരുമുണ്ടാകും. ഇവിടത്തെ സ്ഥിതി അതല്ലല്ലോ. എത്രതന്നെ മുറവിളി കൂട്ടിയാലും പരിഹാരമുണ്ടാകാൻ ഏറെക്കാലമെടുക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ