ജൂനിയർ അദ്ധ്യാപക ക്ഷാമം തീർക്കാൻ 170 മെഡി. പി.ജി സീറ്റുകൾ തേടി കേരളം
November 10, 2017, 12:11 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് അദ്ധ്യാപകരെ ലഭിക്കാത്ത സാഹചര്യം മറികടക്കാൻ, അഞ്ച് ഗവ. മെഡിക്കൽ കോളേജുകളിൽ കൂടുതൽ പി.ജി കോഴ്സുകളും സീറ്റുകളും കേരളം ആവശ്യപ്പെടും. പി.ജി പഠിച്ചിറങ്ങുന്നവരെ അസി. പ്രൊഫസർമാരായി നിയമിച്ച് രണ്ടു വർഷത്തിനകം പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണിത്. 170 പി.ജി സീറ്റുകളാണ് ആവശ്യപ്പെടുന്നത്.

മെഡിക്കൽകോളേജുകളുടെ സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് വിളിച്ചിട്ടുള്ള യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി എന്നിവർ പങ്കെടുക്കും. അദ്ധ്യാപകരില്ലാതെ എം.ബി.ബി.എസ് കോഴ്സിന്റെ അംഗീകാരം തുലാസിലായ സാഹചര്യം കേന്ദ്രത്തെ ഇവർ ബോദ്ധ്യപ്പെടുത്തും.

സർക്കാർ മെഡിക്കൽ കോളേജുകളിൽ ജൂനിയർ അദ്ധ്യാപകരുടെ കുറവാണ് അധികവും. പി.ജി വിജയിച്ചവർ ഒരുവർഷത്തെ ബോണ്ട് പൂർത്തിയാക്കി സ്ഥലം വിടുന്നു. മഞ്ചേരി കോളേജിൽ 19 തസ്തികകളുള്ള സർജറി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരേയുള്ളൂ. അത്യാഹിത വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ല. ആറു മാസത്തിനകം അദ്ധ്യാപകരെ നിയമിക്കണമെന്ന വ്യവസ്ഥയിലാണ് മഞ്ചേരിയിലെ അഞ്ചാം ബാച്ചിന് മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകിയത്.
അദ്ധ്യാപകരും സൗകര്യങ്ങളുമില്ലാത്തതിനാൽ ഇടുക്കി മെഡിക്കൽ കോളേജിലെ രണ്ടു ബാച്ചുകളിലെ 100 കുട്ടികളെ മറ്റു കോളേജുകളിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കെത്തുമ്പോൾ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽകോളേജുകളിൽ നിന്ന് അദ്ധ്യാപകരെ സ്ഥലംമാറ്റിയാണ് മറ്റു കോളേജുകളുടെ അംഗീകാരം ഉറപ്പാക്കിയിരുന്നത്. ആധാർ അധിഷ്‌ഠിത ഹാജർ വരുന്നതോടെ ഇത് അസാദ്ധ്യമാവും. മെഡിക്കൽ കൗൺസിൽ നിർദ്ദേശിക്കുന്ന യോഗ്യതയുള്ള പ്രൊഫസർമാരെയും അദ്ധ്യാപകരെയും എല്ലായിടത്തും നിയമിക്കേണ്ടിവരും.

എതിർക്കാൻ ഇടയില്ല
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ എല്ലാ ക്ലിനിക്കൽ വിഷയങ്ങളിലും പി.ജി കോഴ്സുകൾ അനുവദിക്കണമെന്നും നിലവിലുള്ള കോഴ്സുകളിലെ സീറ്റ് കൂട്ടണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്. അദ്ധ്യാപകരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. അഞ്ച് കോളേജുകളിലും പ്രൊഫസർമാരടക്കം ആവശ്യത്തിന് മുതിർന്ന അദ്ധ്യാപകരുള്ളതിനാൽ പി.ജി സീറ്റ് കൂട്ടുന്നതിനെ കേന്ദ്രം എതിർക്കാനിടയില്ല.

മൂന്ന് കൊല്ലം ബോണ്ടിന് ശ്രമം
അതിനിടെ, പി.ജി പഠനത്തിനു ശേഷമുള്ള നിർബന്ധിത സേവനം മൂന്നു വർഷമാക്കാൻ സർക്കാർ വീണ്ടും നീക്കം തുടങ്ങി. വിദ്യാർത്ഥികളുമായി ചർച്ച നടത്തി സമവായമുണ്ടാക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മൂന്നു വർഷ സേവനം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധം കാരണം പിൻവലിക്കുകയായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് നിലവിൽ മൂന്നു വർഷമാണ് ബോണ്ട്.

''സൂപ്പർ സ്‌പെഷ്യാലിറ്റി പി.ജി കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടില്ല. പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ പി.ജി കോഴ്സുകൾ തുടങ്ങാനും ആവശ്യമുന്നയിച്ചിട്ടില്ല. അദ്ധ്യാപകരുടെ എണ്ണം കൂട്ടാനാണ് കൂടുതൽ പി.ജി സീറ്റുകൾ ആവശ്യപ്പെടുന്നത് ''
ഡോ. എം. റംലാബീവി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ