Thursday, 23 November 2017 8.17 PM IST
നികുതി കുറച്ചു, വില കുറയുമോ?
November 12, 2017, 1:32 am
ചരക്കുസേവന നികുതിയെ ജനവിരുദ്ധമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഹോട്ടൽ ഭക്ഷണത്തിലെ തീവെട്ടിക്കൊള്ള തടയാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അസാം തലസ്ഥാനമായ ഗുവാഹട്ടിയിൽ സമ്മേളിച്ച ജി.എസ്.ടി കൗൺസിൽ യോഗം കൈക്കൊണ്ട തീരുമാനപ്രകാരം നക്ഷത്രഹോട്ടലുകളൊഴികെ മറ്റെല്ലാ ഹോട്ടലുകളിലും ഭക്ഷണത്തിനുള്ള നികുതി അഞ്ച് ശതമാനമായാണ് കുറച്ചിരിക്കുന്നത്. നവംബർ 15 മുതൽ പുതിയ നിരക്കായിരിക്കും ബാധകമാകുക. നിത്യോപയോഗ വസ്തുക്കൾ ഉൾപ്പെടെ മൊത്തം 178 സാധനങ്ങളുടെ നികുതി കുറവ് ചെയ്തിട്ടുണ്ട്. പതിമൂന്ന് ഉല്പന്നങ്ങളുടെ നികുതി 18 ൽനിന്ന് 12 ശതമാനമായും എട്ടെണ്ണത്തിന്റേത് 12 ൽനിന്ന് അഞ്ചായും കുറച്ചപ്പോൾ ആറ് ഉല്പന്നങ്ങൾ പൂർണമായും നികുതി വിമുക്തമാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് ജി.എസ്.ടി പ്രാബല്യത്തിൽ വന്ന ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ നിരക്ക് ഇളവാണ് ഇപ്പോൾ വരുത്തിയിട്ടുള്ളത്. ജി.എസ്.ടിയുടെ അമിതഭാരത്തെക്കുറിച്ച് പൊതുസമൂഹത്തിൽ നിന്നുയർന്ന വലിയ പ്രതിഷേധം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ സമ്മതത്തോടെ ജി.എസ്.ടി കൗൺസിൽ 178 ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ സന്നദ്ധമായത്. ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും ഇതിന് പ്രേരകമായിട്ടുണ്ടെന്ന് കരുതാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണല്ലോ ജനങ്ങൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് ഭരണകൂടങ്ങൾക്ക് കൂടുതൽ ശ്രദ്ധയുണ്ടാവുക. പുതിയ മാറ്റങ്ങളനുസരിച്ച് ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം അമ്പത് ഉല്പന്നങ്ങൾക്ക് മാത്രമേ ബാധകമാകൂ. അവയിൽ ഏറെയും ആഡംബര പട്ടികയിൽ വരുന്നവയാണ്.
രാജ്യത്തിന് മുഴുവൻ ബാധകമായ ജി.എസ്.ടി എന്ന ഏക നികുതിഘടന വരുന്നതോടെ ഒട്ടുമിക്ക ഉല്പന്നങ്ങളുടെയും വില കുറയുമെന്നും ഉപഭോക്താക്കൾക്ക് വലിയ നേട്ടമുണ്ടാകുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഒട്ടേറെ സാധനങ്ങൾക്ക് നികുതി നിരക്കു കുറവായിട്ടുപോലും വില വർദ്ധിക്കുകയാണുണ്ടായത്. ഇക്കൂട്ടത്തിൽ ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ഹോട്ടൽ ഭക്ഷണത്തിന് നൽകേണ്ടിവന്ന അമിത വിലയാണ്. എ.സി ഭക്ഷണശാലകൾക്ക് പതിനെട്ടും അല്ലാത്തവയ്ക്ക് പന്ത്രണ്ടും ശതമാനമാണ് നികുതി ഏർപ്പെടുത്തിയതെങ്കിലും ഹോട്ടലുകൾ തോന്നിയപടി ജനങ്ങളിൽ നിന്ന് പണം പിടുങ്ങുകയായിരുന്നു. അമിതവില ഈടാക്കുന്നവരെ പിടികൂടുമെന്നും ശിക്ഷിക്കുമെന്നും പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. തട്ടുകടകൾ പോലും ജി.എസ്.ടി മറയാക്കി ഉപഭോക്താക്കളെ ഇക്കഴിഞ്ഞ നാലുമാസവും കൊള്ളയടിക്കുകയാണ് ചെയ്തത്. വകഭേദമൊന്നുമില്ലാതെ ഹോട്ടൽ ഭക്ഷണത്തിന് നികുതി അഞ്ചുശതമാനമാക്കിയ സ്ഥിതിക്ക് വില കുറയ്ക്കാൻ അവർ തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സാധാരണഗതിയിൽ ഒരിക്കൽ വർദ്ധിപ്പിക്കുന്ന വില പിന്നീട് ഒരു നിവൃത്തിയുണ്ടെങ്കിൽ കുറയ്ക്കാറില്ല. സാധന വിലക്കയറ്റത്തിന്റെ പേരിൽ നികുതിയുടെ രൂപത്തിലല്ലെങ്കിലും ഉയർന്ന വില തുടർന്നും ഈടാക്കാൻ ശ്രമം നടന്നുകൂടെന്നില്ല. ഇവിടെയാണ് സർക്കാരിന്റെ കർക്കശ ഇടപെടൽ ആവശ്യമായി വരുന്നത്. വിപുലമായ പരിശോധനകൾ നടത്തി നിയമലംഘകരെ പിടികൂടാൻ പ്രത്യേക സംവിധാനം ഒരുക്കണം. നികുതിയുടെ മറവിൽ കൊള്ള നടത്താൻ ആരെയും അനുവദിക്കരുത്.
ഇപ്പോൾ നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലും അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ പ്രധാനം സിമന്റാണ്. ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം നികുതിയാണ് സിമന്റിന് നൽകേണ്ടിവരുന്നത്. നിർമ്മാണ മേഖലയുടെ അടിസ്ഥാനാവശ്യങ്ങളിൽ പ്രധാനപ്പെട്ട സിമന്റിന്റെ ഈ ഉയർന്ന നികുതി നിരക്ക് വൻകിടക്കാരെ മുതൽ താഴെ തട്ടിലുള്ളവരെ വരെ വൻ സാമ്പത്തിക ബാദ്ധ്യതയിൽപ്പെടുത്തുന്നതാണ്. നിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഉല്പന്നമായ സിമന്റിന്റെ നികുതി വിമാനത്തിന്റെയും കപ്പലിന്റെയും നിരക്കിനൊപ്പമാക്കിയതിലെ പൊരുൾ മനസിലാക്കാനാവുന്നില്ല. സിമന്റ് ഉപയോഗിക്കേണ്ടിവരുന്ന എല്ലാ മേഖലകൾക്കും അമിതഭാരം വരുത്തിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഉയർന്ന നികുതി നിരക്ക്.
ജി.എസ്.ടി നിർണയത്തിലെ അപാകതകൾ കാരണം ചെറുകിട മേഖലയിലേതുൾപ്പെടെ അനവധി സംരംഭങ്ങൾ ഇതിനകം തകർച്ചയിലായിട്ടുണ്ട്. അസംഖ്യം തൊഴിലാളികളും ഇതുവഴി ദുരിതത്തിലായിട്ടുണ്ട്. ഇപ്പോഴത്തെ അഴിച്ചുപണി കൊണ്ടും രക്ഷകിട്ടാത്ത മേഖലകളുണ്ട്. പരാതി പരിഹാരത്തിനുള്ള തീവ്ര ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയാണ് ഇത് എടുത്തു കാണിക്കുന്നത്. വലിയൊരു നികുതി പരിഷ്കാരത്തിലേക്ക് ചുവട് മാറ്റം നടത്തുമ്പോൾ ഇത്തരം പരാതികളും ബുദ്ധിമുട്ടുമൊക്കെ സ്വാഭാവികമാണെന്നു പറയാമെങ്കിലും കരുതലോടെയുള്ള തുറന്ന സമീപനം പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉപകരിക്കും.
ജി.എസ്.ടി നടപ്പാക്കിയപ്പോൾ ജനങ്ങൾ ഉന്നയിച്ച വലിയൊരാവശ്യം ഇപ്പോഴും നിറവേറ്റപ്പെടാതെ ശേഷിക്കുന്നുണ്ട്. പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള നികുതിയുമായി ബന്ധപ്പെട്ടതാണത്. വിലക്കയറ്റത്തിനു പ്രധാന കാരണമായ വർദ്ധിച്ച ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഇനിയും തയ്യാറായിട്ടില്ല. ഇതിലൂടെ ലഭിക്കുന്ന വൻ വരുമാനത്തിൽ കുറവ് വരുന്നത് ഭരണകൂടങ്ങൾക്ക് സഹിക്കാവുന്ന കാര്യമല്ല. പെട്രോളിയം ഉല്പന്നങ്ങളെയും ജി.എസ്.ടി പരിധിയിലാക്കണമെന്ന ആവശ്യം ബധിരകർണങ്ങളിലാണ് പതിച്ചുകൊണ്ടിരിക്കുന്നത്. ഹോട്ടൽ കൊള്ളയെക്കാൾ വലിയ കൊള്ളയാണത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ